പുതിയ iOS 26 അപ്ഡേറ്റ് ബാറ്ററി ചാർജ് കുറയ്ക്കുമോ എന്നോ? ഇതൊക്കെ സാധാരണമല്ലേ എന്ന് ആപ്പിൾ
ആപ്പിൾ തങ്ങളുടെ ഐഫോൺ ഒഎസിൽ ചരിത്രപരമായ ഒരു മാറ്റം കഴിഞ്ഞ ദിവസം നടപ്പാക്കി. ഐഫോണുകൾക്കായി പുതിയ iOS 26 അവതരിപ്പിച്ചു എന്നതായിരുന്നു ആ മാറ്റം. ഇതുവരെയുള്ള ക്രമപ്രകാരം ആയിരുന്നു എങ്കിൽ ഇപ്പോൾ ഐഒഎസ് 19 ആണ് വരേണ്ടിയിരുന്നത്. എന്നാൽ ആപ്പിൾ അതിന്റെ ഒഎസിന്റെ പേരിടുന്നതിലുള്ള പോളിസി മാറ്റുകയും ഒഎസുകൾക്ക് ഇനി വരാൻ പോകുന്ന വർഷത്തെ സൂചിപ്പിക്കുന്ന നമ്പർ നൽകാൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് പുതിയ ഒഎസ് iOS 26 എന്ന പേരിൽ എത്തിയത്. ഇതിനകം ബീറ്റ വേർഷനുകൾ ഇറങ്ങിയെങ്കിലും കഴിഞ്ഞ ദിവസം എല്ലാ ഉപയോക്താക്കൾക്കുമായി iOS 26 ആപ്പിൾ ഔദ്യോഗികമായി പുറത്തിറക്കി.
ലിക്വിഡ് ഗ്ലാസ് ഉൾപ്പെടെ നിരവധി പുതുമകൾ ഐഫോണുകളിലേക്ക് പുതിയ ഐഒഎസ്26 ഒഎസിലൂടെ എത്തുന്നു. എന്നാൽ പുതിയ ഐഫോൺ അപ്ഡേറ്റിനെ സംശയത്തോടെ കാണുന്ന ചില ആളുകളും ഉണ്ട്. പുതിയ അപ്ഡേറ്റ് ചെയ്താൽ ബാറ്ററി ചാർജ് കുറയുമോ എന്നത് അടക്കമുള്ള ആശങ്കകൾ ഉള്ള ചില ഐഫോൺ ഉപയോക്താക്കൾ എങ്കിലും ഉണ്ടാകും എന്ന് ആപ്പിൾ മനസിലാക്കിയിട്ടായിരിക്കാം, ഇതേപ്പറ്റി ആപ്പിൾ തന്നെ വിശദീകരിച്ചിട്ടുണ്ട്.

സെപ്റ്റംബർ 15 ന്, ആപ്പിൾ തങ്ങളുടെ വെബ്സൈറ്റിൽ പുതിയ ഒഎസുമായി ബന്ധപ്പെട്ട് ഒരു ബ്ലോഗ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'Apple സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളെക്കുറിച്ച്' എന്ന തലക്കെട്ടിൽ കാണുന്ന ഈ പേജിൽ എന്തുകൊണ്ടാണ് പുതിയ അപ്ഡേറ്റ് പ്രധാനപ്പെട്ടത് ആകുന്നത് എന്നും എന്താണ് ഈ അപ്ഡേറ്റിന്റെ നേട്ടങ്ങൾ എന്നും ഏതൊക്കെ മോഡലുകളിൽ ഇത് പിന്തുണയ്ക്കുമെന്നുമൊക്കെ ആപ്പിൾ വിവരിക്കുന്നുണ്ട്.
ഇക്കൂട്ടത്തിൽ ബാറ്ററിയുടെ ലൈഫ് സംബന്ധിച്ചും ആപ്പിൾ വിശദീകരിക്കുന്നുണ്ട്. ഐഒഎസ് അപ്ഡേറ്റ് ചെയ്താൽ ബാറ്ററി ശേഷിയിൽ കുറവ് ഉണ്ടാകുമോ എന്ന് സംശയിക്കുന്നവർക്കുള്ള ഉത്തരം ആപ്പിൾ ഇവിടെ നൽകുന്നു. ''ഏറ്റവും പുതിയ പതിപ്പിലേക്ക് (iOS 26 ) അപ്‌ഗ്രേഡ് ചെയ്യുമ്പോൾ, ബാറ്ററി ലൈഫിൽ ശ്രദ്ധേയമായ കുറവ് ഉണ്ടാകാം, പക്ഷേ, ഇത് ഒരു സ്ഥിരം പ്രശ്‌നമായിരിക്കണമെന്നില്ല'' എന്ന് ആപ്പിൾ പറയുന്നു.

പുതിയ ഒഎസ് അപ്ഡേറ്റ് ചെയ്യുമ്പോൾ ബാറ്ററി ശേഷിയിൽ കുറവ് ഉണ്ടാകുന്നത് സാധാരണമാണ് എന്നാണ് ആപ്പിൾ വിശദീകരിക്കുന്നത്. അതിന് കാരണമായി പറയുന്നത്. ''നിങ്ങളുടെ ഉപകരണത്തിന് ബാക്ഗ്രൗണ്ടിൽ സജ്ജീകരണ പ്രക്രിയ പൂർത്തിയാക്കാൻ സമയം ആവശ്യമാണ്" എന്നാണ്. ഐഫോൺ iOS 26 ലേക്ക് അപ്‌ഡേറ്റ് ചെയ്യുന്ന ഉപയോക്താക്കൾ തുടക്കത്തിൽ ബാറ്ററി ലൈഫിൽ കുറവുണ്ടായാൽ അധികം വിഷമിക്കേണ്ടതില്ല, ഇത് താൽക്കാലികം മാത്രമാണ് എന്നും ആപ്പിൾ പറയുന്നുണ്ട്.
അതായത് പുതിയ ഒഎസ് അപ്ഡേറ്റ് ചെയ്യുന്ന ഘട്ടത്തിൽ ബാറ്ററി വേഗം ചാർജ് തീർന്നതായി തോന്നിയാലും പേടിക്കേണ്ടതില്ല, ബാക്ഗ്രൗണ്ട് ജോലികൾ പൂർത്തിയായ ശേഷം ഫോണിന് മുൻപ് ഉണ്ടായിരുന്ന അതേ നിലവാരത്തിലുള്ള ബാറ്ററി ശേഷി തിരികെ ലഭിക്കുമെന്നും തടസ്സമില്ലാത്ത സോഫ്റ്റ്‌വെയർ അനുഭവം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആപ്പിൾ പറയുന്നു.
പുതിയ ഐഒഎസ് 26 പിന്തുണയ്ക്കുന്ന ഐഫോൺ മോഡലുകൾ
ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ മാക്സ്, ഐഫോൺ 17 പ്രോ, ഐഫോൺ 17, ഐഫോൺ 16e
ഐഫോൺ 16 പ്രോ മാക്സ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്ലസ്, ഐഫോൺ 16, ഐഫോൺ 15 പ്രോ മാക്സ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്ലസ്, ഐഫോൺ 15.

ഐഫോൺ 14 പ്രോ മാക്സ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്ലസ്, ഐഫോൺ 14, ഐഫോൺ 13 പ്രോ മാക്സ്, ഐഫോൺ 13 പ്രോ, ഐഫോൺ 13, ഐഫോൺ 13 മിനി, ഐഫോൺ 12 പ്രോ മാക്സ്, ഐഫോൺ 12 പ്രോ, ഐഫോൺ 12, ഐഫോൺ 12 മിനി, ഐഫോൺ 11 പ്രോ മാക്സ്, ഐഫോൺ 11 പ്രോ, ഐഫോൺ 11, ഐഫോൺ എസ്ഇ (തേഡ് ജനറേഷൻ), ഐഫോൺ എസ്ഇ (സെക്കൻഡ് ജനറേഷൻ).


Click it and Unblock the Notifications








