കണ്ണിലെ കരടുകൾ 'മൺസൂണിൽ' തെളിയുമോ? പുതിയ ടെലിക്കോം ബില്ലിൽ വാട്സ്ആപ്പിനും ടെലിഗ്രാമിനും എന്ത് സംഭവിക്കും!
ടെലിക്കോം മേഖലയിൽ കാര്യമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് കരുതപ്പെടുന്ന പുതിയ ടെലിക്കോം ബിൽ മൺസൂൺ സമ്മേളനത്തിൽ പാർലമെന്റിന്റെ മേശപ്പുറത്തേക്ക് എത്തുന്നു. വാട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള ആപ്ലിക്കേഷനുകളെ ഏതു രീതിയിലാണ് പുതിയ ടെലിക്കോം ബിൽ കൈകാര്യം ചെയ്യാൻ പോകുന്നത് എന്ന ചർച്ചകൾ ഇതോടെ സജീവമായി.
വാട്സ്ആപ്പ്, ടെലിഗ്രാം ഉൾപ്പെടെയുള്ള ആപ്പുകളെ ഇന്ത്യൻ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതാകും പുതിയ ടെലിക്കോം ബിൽ എന്നാണ് വിലയിരുത്തൽ. ഈ ആപ്പുകൾക്ക് മേൽ ആധിപത്യം സ്ഥാപിക്കാനും അവയെ വരുതിയിലാക്കാനും ടെലിക്കോം ബില്ലിന്റെ കരടിൽ നേരത്തെ ശുപാർശയുണ്ടായിരുന്നു. എന്നാൽ വിമർശനങ്ങൾ ഉയർന്നതോടെ ഈ നീക്കം സർക്കാർ മയപ്പെടുത്തിയതായാണ് സൂചന.

ടെലികോം ബില്ലിന്റെ പുതുക്കിയ കരട് ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ഈ വർഷം നടക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളത്തിലാണ് ബിൽ പാർലമെന്റിന്റെ മേശപ്പുറത്ത് എത്തുക. സാധാരണഗതിയിൽ ജൂലൈ-ഓഗസ്റ്റ് കാലയളവിലാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കുന്നത്. പുതുക്കിയ ബില്ലിന്റെ കരട് ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. എന്നാൽ പൊതുജനാഭിപ്രായം അറിയിക്കാനായി വീണ്ടും അവസരം ഉണ്ടാകുമോ എന്നതിൽ വ്യക്തതയില്ല.
വിവിധ മന്ത്രാലയങ്ങളുമായുള്ള ചർച്ചയ്ക്കും പൊതു കൂടിയാലോചനകൾക്കും ശേഷമാണ് പുതുക്കിയ കരട് തയ്യാറാക്കിയിരിക്കുന്നത് എന്നും ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും ഭാഗം കേട്ടശേഷവുമാണ് പുതുക്കിയ കരട് തയാറാക്കിയിരിക്കുന്നത് എന്നും ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾ എല്ലാം പരിഹരിച്ചതായുമാണ് മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതെന്ന് എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ട്രായിയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കണമെന്നും വാട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള ആപ്പുകളെയും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരികയും അവയ്ക്ക് ലൈസൻസും ഫീസും ഉൾപ്പെടെ ഏർപ്പെടുത്തണമെന്നും കർശന നിയമങ്ങൾ അവയ്ക്കും ബാധകമാക്കണമെന്ന് ടെലിക്കോം കമ്പനികൾ നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങൾ പുതിയ ബില്ലിൽ ഏതുവിധത്തിലാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് ഉയരുന്ന ആകാംക്ഷ.
എന്നാൽ നേരിയ തോതിലുള്ള നിയന്ത്രണങ്ങൾ മാത്രമേ വാട്സ്ആപ്പിനും ടെലഗ്രാമിനും ഏർപ്പെടുത്തൂ എന്നാണ് വിവരം. സിഗ്നൽ, വാട്ട്‌സ്ആപ്പ് തുടങ്ങിയ ഒടിടി കമ്മ്യൂണിക്കേഷൻ പ്ലെയറുകൾക്കായി ലൈറ്റ്-ടച്ച് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിലും ഡ്രാഫ്റ്റ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് എക്കണോമിക്സ് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. വരുമാനം ഉണ്ടാക്കുക എന്ന കാഴ്ചപ്പാടിലല്ല, മറിച്ച് ദേശീയ സുരക്ഷയുടെയും ഉപഭോക്തൃ സുരക്ഷയുടെയും ഭാഗമായുള്ള നിയന്ത്രണങ്ങളാകും ഏർപ്പെടുത്തുക.

ഇന്ത്യൻ ടെലിഗ്രാഫ് നിയമം 1885, ഇന്ത്യൻ വയർലെസ് ടെലിഗ്രാഫി നിയമം 1933, ടെലിഗ്രാഫ് വയറുകൾ (നിയമവിരുദ്ധമായ കൈവശം) നിയമം 1950 എന്നിവയുടെ പൊളിച്ചെഴുത്തുകൂടി പുതിയ ടെലിക്കോം ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നു. ഒടിടി കമ്മ്യൂണിക്കേഷൻസ് ആപ്പുകൾക്ക് ചെറിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെങ്കിലും ലൈസൻസ് ഫീസും മറ്റ് ചാർജുകളും ഏർപ്പെടുത്തില്ല എന്നാണ് സൂചന.
ഇതു സംബന്ധിച്ച ടെലിക്കോം കമ്പനികളുടെ ആവശ്യം സർക്കാർ തള്ളിക്കളഞ്ഞു. ഒടിടി ആപ്പുകൾ കേന്ദ്രത്തിൽനിന്ന് സ്പെക്‌ട്രം വാങ്ങുന്നില്ല. അതിനാൽ ഫീസ് ഈടാക്കേണ്ടതില്ല, എന്നാൽ ഒടിടി ആപ്പുകളുടെ പ്രവർത്തനം ദേശീയ സുരക്ഷയും ഉപഭോക്തൃ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാലാണ് നിയന്ത്രണം എന്നാണ് ഉദ്യോഗസ്ഥർ ഇടിയോട് വിശദീകരിച്ചിരിക്കുന്നത്.
വാട്സ്ആപ്പ്, സിഗ്നൽ, ടെലഗ്രാം പോലുള്ള ഓവർ-ദി-ടോപ്പ് കമ്മ്യൂണിക്കേഷൻ ആപ്ലിക്കേഷനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനോട് ടെക്നോളജി മേഖലയിൽനിന്ന് എതിർപ്പ് ഉയർന്നിരുന്നു. പുതിയ ബില്ലിലെ വ്യവസ്ഥകൾ ഈ ആപ്ലിക്കേഷനുകളെ ഏത് തരത്തിൽ ബാധിക്കും എന്നത് ബില്ലിലെ വിവരങ്ങൾ പുറത്തുവരുമ്പോൾ മാത്രമേ വ്യക്തമായി അറിയാൻ സാധിക്കൂ.


Click it and Unblock the Notifications








