ഇന്ത്യൻ ടെലിക്കോം മേഖല ജിയോയ്ക്കും എയർടെലിനും അടിയറവ് വയ്ക്കില്ല! വീഐക്ക് കേന്ദ്രം പിന്തുണ നൽകുമോ?
വിഐയുടെ തളർച്ച മുതലെടുത്ത് ജിയോയുടെയും എയർടെലിന്റെയും കുത്തകഭരണത്തിലേക്ക് ഇന്ത്യൻ ടെലിക്കോം മേഖല വീണുപോകുമോ എന്നത് സംബന്ധിച്ച ചർച്ചകൾ ഇപ്പോൾ സജീവമാണ്. നിരക്കുവർധനയുമായി ബന്ധപ്പെട്ട് ജിയോയും എയർടെലും നടത്തിയ ചില നീക്കങ്ങളും വിഐ നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുമാണ് ഇപ്പോൾ ഇത്തരമൊരു ചർച്ചയിലേക്ക് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.
ഇന്ത്യൻ ടെലിക്കോം മേഖലയിൽ ഉപയോക്താക്കളിൽനിന്ന് ലാഭം നേടാൻ സാധിക്കുന്ന കമ്പനികൾ ഉണ്ടെങ്കിൽ അത് ജിയോയും എയർടെലും മാത്രമാണ്. ടെലിക്കോം രംഗത്ത് ഇപ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളിൽ നിർണായകമാകുന്നതും ഈ രണ്ട് കമ്പനികളുടെനയും നിലപാടുകളും താത്പര്യങ്ങളുമാണ്. 5ജി ആരംഭിക്കാൻ കഴിയാത്തും ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്കും വിഐയുടെ പ്രസക്തി നഷ്ടമാക്കി.

പുതിയതായി വരിക്കാരെ ചേർക്കാനും 5ജി സേവനങ്ങളും ശക്തമായ ബ്രോഡ്ബാൻഡ് സേവനങ്ങളും നൽകാൻ സാധിക്കുന്നത് ജിയോയ്ക്കും എയർടെലിനും മാത്രമാണ്. മികച്ച മൂല്യമുള്ള സേവനങ്ങൾ നൽകുന്നുണ്ട് എങ്കിലും നിലവിലെ അവസ്ഥ മെച്ചപ്പെടുത്താൻ വിഐയുടെ ഓഫറുകൾക്കു സാധിക്കുന്നില്ല. ജിയോയ്ക്കും എയർടെലിനും ടെലിക്കോം രംഗത്ത് കുറച്ചെങ്കിലും വെല്ലുവിളി ഉയർത്താൻ കഴിഞ്ഞത് വിഐക്കാണ്.
എന്നാൽ വിഐയുടെ ശക്തി ക്ഷയിച്ചതോടെ ജിയോയും എയർടെലും നിശ്ചയിക്കുന്നിടത്ത് കാര്യങ്ങൾ നിൽക്കും എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ഇന്ത്യൻ ടെലിക്കോം മേഖലയിൽ താരിഫ് വർധന വൈകിയാൽ, പിടിച്ചുനിൽക്കാൻ ശേഷിയില്ലാത്ത വിഐയുടെ കഥകഴിയുമെന്നും അത് ജിയോയുടെയും എയർടെലിന്റെയും കുത്തക ഭരണം ഇന്ത്യൻ ടെലിക്കോം മേഖലയിൽ സ്ഥാപിക്കാൻ ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സുസ്ഥിരമായ വരുമാനം നേടാൻ കഴിയാത്തത് എല്ലാ ടെലിക്കോം കമ്പനികളുടെയും സാമ്പത്തിക സ്ഥിരതയെ ബാധിച്ചിട്ടുണ്ട്. ജിയോയ്ക്ക് മാത്രമാണ് കാര്യമായ പ്രതിസന്ധിയില്ലാത്തത്. കുറഞ്ഞ താരിഫ് നിരക്കാണ് കമ്പനികളുടെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ. നിരക്ക് കൂട്ടണമെന്ന കാര്യത്തിൽ എയർടെലിനും വിഐക്കും ഒരേ സ്വരമാണ്. എന്നാൽ ജിയോയും എയർടെലും നിരക്ക് കൂട്ടാതെ വിഐക്ക് നിരക്ക് ഉയർത്താൻ സാധിക്കില്ല.

നിരക്ക് വർധന അനിവാര്യമാണ് എന്ന് എയർടെൽ സിഇഒ ഇതിനോടകം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജിയോ നിരക്കുവർധന സംബന്ധിച്ച യാതൊരു പ്രതികരണത്തിനും തയാറല്ല. ജിയോ നിരക്ക് ഉയർത്താൻ തയാറാകാത്തതിനാൽ എയർടെലിനും പ്രത്യക്ഷത്തിൽ ഒരു നിരക്ക് വർധന പ്രഖ്യാപിക്കാൻ സാധിക്കില്ല. ഈ രണ്ട് കമ്പനികളും നിരക്കുയർത്താതെ വിഐക്കും തീരുമാനം പ്രഖ്യാപിക്കാൻ കഴിയില്ല.
99 രൂപയുടെ അടിസ്ഥാന പ്ലാൻ നിർത്തലാക്കുകയും 155 രൂപയുടെ പ്ലാൻ അടിസ്ഥാന പ്ലാനാക്കി മാറ്റുകയും ചെയ്തതോടെ എയർടെൽ ചെറിയൊരു നിരക്ക് വർധന പരോക്ഷമായി നടത്തിക്കഴിഞ്ഞു. എന്നാൽ വരിക്കാരുടെ കൊഴിഞ്ഞുപോക്ക് നേരിടുന്ന വിഐക്ക് അത്തരം തീരുമാനങ്ങളൊന്നും എടുക്കാൻ സാധിച്ചിട്ടില്ല. ഉപയോക്താക്കൾക്കുണ്ടാകുന്ന ചെറിയൊരു അതൃപ്തിപോലും കമ്പനി പൂട്ടുന്ന നിലയിലേക്ക് കാര്യങ്ങളെത്തിക്കും എന്നതാണ് വിഐയെ വിഷമിപ്പിക്കുന്നത്.
ജിയോയെയും എയർടെല്ലും നൽകുന്നതുപോയെുള്ള സേവനങ്ങൾ നൽകാൻ കഴിയുന്നില്ല എങ്കിലും അത്യാവശ്യം വരിക്കാർ വിഐക്ക് ഇപ്പോഴുമുണ്ട്. 200 ദശലക്ഷത്തിലധികം ഉപഭോക്താക്കളാണ് വിഐക്ക് ഇന്ത്യയിലുള്ളത്. വിഐ തകരുന്നത് ഈ ഉപയോക്താക്കൾക്കും രാജ്യത്തെ ടെലിക്കോം മേഖലയ്ക്കും തിരിച്ചടിയാകുകയും ജിയോ-എയർടെൽ ദ്വന്ദാധിപത്യത്തിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്യും. അത്തരമൊരു സഹാചര്യം ഉണ്ടാകുന്നതിൽ കേന്ദ്ര സർക്കാരിനും താൽപര്യമില്ല എന്നാണ് വിവരം.

മാത്രമല്ല ഇപ്പോൾ വിഐയുടെ ഏറ്റവും വലിയ ഓഹരി ഉടമയും സർക്കാരാണ്. വിഐയുടെ നിയമപരമായ കുടിശ്ശികകൾ കേന്ദ്രത്തിനുള്ള ഇക്വിറ്റിയായി മാറ്റിയപ്പോൾ 2023 ഫെബ്രുവരിയിൽ, വിഐയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി കേന്ദ്ര സർക്കാർ മാറുകയായിരുന്നു. വിഐ ഇല്ലാതാകുന്നത് ഇന്ത്യയുടെ ഡിജിറ്റൽ വൽക്കരണ ശ്രമങ്ങൾക്ക് ഉൾപ്പെടെ തിരിച്ചടിയാകുമെന്നും കേന്ദ്ര സർക്കാർ വിലയിരുത്തുന്നു.
വിഐയുടെ പതനം സമ്പദ് വ്യവസ്ഥയ്ക്ക് ഉൾപ്പെടെ തിരിച്ചടിയാകും. അതിനാൽ വിഐക്ക് ആവശ്യമായ പിന്തുണ നൽകാൻ കേന്ദ്രസർക്കാർ മുന്നോട്ടു വരുമെന്ന് ഒരുവിഭാഗം വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 5ജി സേവനങ്ങൾ അവതരിപ്പിക്കാനുള്ള ഫണ്ട് സ്വരൂപിക്കാനായി വിഐ പരമാവധി ശ്രമങ്ങൾ നടത്തിവരികയാണ്. 5ജി അവതരിപ്പിക്കാനായാൽ ഒരു തിരിച്ചുവരവ് സാധ്യമാണ് എന്നാണ് കമ്പനി വിശ്വസിക്കുന്നത്.


Click it and Unblock the Notifications








