ട്രായി നോക്കുകുത്തി? ജിയോ കണ്ണടച്ചാൽ വീണ്ടും ടെലിക്കോം നിരക്ക് കൂടും! പുതിയ നീക്കം സജീവം
ഇന്ത്യയിൽ സ്വകാര്യ കമ്പനികളുടെ നേതൃത്വത്തിൽ വീണ്ടും ഒരു റീച്ചാർജ് നിരക്ക് വർധനവിനുള്ള നീക്കങ്ങൾ സജീവമെന്ന് വിലയിരുത്തൽ. നിരക്ക് കൂട്ടണമെന്ന് ഔദ്യോഗികമായി ഒരു ടെലിക്കോം കമ്പനിയും ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ ടെലിക്കോം വ്യവസായത്തിൽ സുസ്ഥിര നിക്ഷേപങ്ങൾക്കായി കൂടുതൽ താരിഫ് അറ്റകുറ്റപ്പണികൾ ആവശ്യമാണെന്ന് തങ്ങൾ വിശ്വസിക്കുന്നതായി ഭാരതി എയർടെല്ലിൻ്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഗോപാൽ വിറ്റൽ കഴിഞ്ഞ മാസം അവസാനം പറഞ്ഞിരുന്നു. ഇപ്പോൾ വൊഡാഫോൺ ഐഡിയ (VI) സിഇഒ അക്ഷയ മൂന്ദ്രയും ഇതേ ആവശ്യമുയർത്തി രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിൽ താരിഫ് ഘടനയിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ഈ വർഷം ജൂലൈയിലാണ് ജിയോയും എയർടെലും വിഐയും തങ്ങളുടെ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഉയർത്തിയത്. അന്ന് അടിസ്ഥാന താരിഫുകൾ ഉൾപ്പെടെ എല്ലാ പ്ലാനുകളിലും വില വർധിന ഉണ്ടായി. അതിനാൽ അടിസ്ഥാന താരിഫുകൾ ഇനിയും വർദ്ധിപ്പിക്കാൻ കഴിയുന്ന നിലയല്ല ഉള്ളത്. ഈ സാഹചര്യത്തിൽ മറ്റൊരു മാർഗമാണ് ആലോചിക്കുന്നത്.

അടിസ്ഥാന താരിഫുകൾ ഇനിയും വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന് വിഐ സിഇഒ പറഞ്ഞു,. കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് അതിനായി കൂടുതൽ പണം നൽകേണ്ടി വരുന്ന തരത്തിലായിരിക്കണം നിരക്ക് ഘടന പൊളിച്ചെഴുതേണ്ടത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. എയർടെൽ സിഇഒയുടെ ആവശ്യവും ഏതാണ്ട് ഇതിന് സമാനമാണ്. താരിഫ് അറ്റകുറ്റപ്പണികൾ ആവശ്യമാണെന്ന് തങ്ങൾ വിശ്വസിക്കുന്നു എന്നാണ് എയർടെലിന്റെ അഭിപ്രായം.
സ്വകാര്യ കമ്പനികളിൽ എയർടെലും വിഐയും നിരക്കുകൾ വീണ്ടും പൊളിച്ചെഴുതണം എന്ന് ആഗ്രഹിക്കുന്നു. എന്നാൽ റിലയൻസ് ജിയോയുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാണ്. ജിയോകൂടി ഈ തീരുമാനത്തിന് അനുകൂലമായാൽ ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികളിൽ വീണ്ടും മാറ്റങ്ങൾ ഉണ്ടായേക്കാം. ജിയോയുടെ തീരുമാനമായിരിക്കും വിധി നിർണയിക്കുക.

ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) എന്നൊരു പ്രസ്ഥാനം ടെലിക്കോം മേഖലയ്ക്കായി സർക്കാർ തലത്തിൽ ഉണ്ടെങ്കിലും സ്വകാര്യ കമ്പനികൾ കഴിഞ്ഞ തവണ നിരക്ക് ഉയർത്തിയപ്പോൾ കാര്യമായ ഇടപെടൽ ഒന്നും ഉണ്ടായില്ല. ട്രായിയെക്കാൾ ഇപ്പോൾ നിരക്ക് പരിഷ്കരിക്കൽ നീക്കത്തിൽ വലിയ പങ്കുവഹിക്കുക ജിയോയുടെ യെസ് ഓർ നോ ആണ്.
അതേസമയം എയർടെലിന്റെയും വിഐയുടെയും ഈ ആഗ്രഹത്തിന് ജിയോ ഒപ്പം നിൽക്കാൻ സാധ്യത കുറവാണ്. കഴിഞ്ഞ വർഷം എയർടെലും വിഐയും നിരക്ക് വർധന നടപ്പിലാകണം എന്ന് ആഗ്രഹിച്ച സമയത്ത് ജിയോ അതിന് തയാറായില്ല. അതിനാലാണ് നിരക്ക് വർധന നീണ്ടത്. പിന്നീട് ഈ വർഷം ജൂൺ അവസാനത്തോടെ ജിയോ തന്നെ നിരക്ക് വർധനയ്ക്ക് നേതൃത്വം നൽകി ആദ്യ പ്രഖ്യാപനം നടത്തുകയും തുടർന്ന് എയർടെലും വിഐയും നിരക്ക് കൂട്ടൽ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തുകയുമായിരുന്നു.
എആർപിയു (ആവറേജ് റവന്യൂ പെർ യൂസർ) പരമാവധി വർധിപ്പിക്കുക എന്നതാണ് എയർടെലിന്റെയും വിഐയുടെയും ലക്ഷ്യം. ജൂലൈയിൽ നടപ്പിലായ നിരക്ക് വർധനയ്ക്ക് ശേഷം എയർടെൽ എആർപിയു 233 രൂപയായി. വിഐയുടെ എആർപിയുവും 154 രൂപയിൽ നിന്ന് 166 ആയി ഉയർന്നു. ഏതാണ്ട് 195.1രൂപയാണ് ജിയോയുടെ എആർപിയു.

ജൂലൈയിൽ നടപ്പാക്കിയ നിരക്ക് വർധനയെ തുടർന്ന് ഈ മൂന്ന് കമ്പനികൾക്കും നിരവധി വരിക്കാരെ നഷ്ടമായി. എങ്കിലും വരുമാനത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ഒരു വരിക്കാരനിൽ നിന്ന് നേടാൻ കഴിയുന്ന പരമാവധി തുക നേടുന്നതിന് പകരം, കൂടുതൽ വരിക്കാരെ സ്വന്തമാക്കി എആർപിയു വർധിപ്പിക്കുക എന്നതാണ് ജിയോയുടെ നയം. ആ നയം ജിയോ പിന്തുടരാൻ ആഗ്രഹിക്കുന്നതിനാൽ എയർടെലിന്റെയും വിഐയുടെയും മനസിലിരിപ്പ് നടക്കില്ല.
ജിയോ സമ്മതം മൂളാതെ ഒരു നിരക്ക് പരിഷ്കരണത്തിന് എയർടെലും വിഐയും ധൈര്യപ്പെടുകയുമില്ല. കാരണം അവർ മാത്രമായി നിരക്ക് വർധിപ്പിച്ചാൽ പ്രതിഷേധം ഉയർത്തുന്ന വരിക്കാർ ബദൽ മാർഗമെന്ന നിലയിൽ ജിയോയിലേക്ക് എത്തും. എന്നാൽ ജിയോയും തങ്ങൾക്കൊപ്പം നിന്നാൽ പിന്നെ ബാക്കിയുള്ളത് ബിഎസ്എൻഎൽ ആണ്. അവിടെ കാര്യങ്ങൾ അത്ര മെച്ചമല്ല എന്നതിനാൽ അധികം പേർ അങ്ങോട്ട് പോകില്ല എന്നതാകും ഇവരുടെ കണക്കുകൂട്ടൽ.


Click it and Unblock the Notifications