ട്രംപ് ഇന്ത്യക്ക് തന്നത് എട്ടിന്റെ പണി! റെക്കോഡിന് പിന്നാലെ ഐഫോൺ കയറ്റുമതിക്ക് 'ഇരട്ട' വെല്ലുവിളി
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് 25% തീരുവ ചുമത്തിയതും റഷ്യയുമായുള്ള വ്യാപാര ഇടപാടുകളെ തുടർന്ന് പിഴ ചുമത്തിയതും ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമാണത്തിന് വൻ തിരിച്ചടിയായേക്കും. ആപ്പിളിന്റെ പ്രധാന ഐഫോൺ നിർമാണ കേന്ദ്രമായി ഇന്ത്യ വളർന്നുവരുന്നതിനിടെയാണ് ട്രംപിന്റെ ഈ നികുതി ചുമത്തൽ വന്നിരിക്കുന്നത്. ഇത് ഐഫോണുകളുടെ കയറ്റുമതിയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. അമേരിക്കയുമായുള്ള ഉഭയകക്ഷി വ്യാപാര കരാർ (ബിടിഎ) ചർച്ചയിലൂടെ ഈ നികുതി ഒഴിവാക്കുന്ന കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാനായില്ലെങ്കിൽ അത് ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമാണ മേഖലയ്ക്ക് വൻ തിരിച്ചടിയാകുകയും ഒരു പ്രധാന ബിസിനസ് പങ്കാളിയെ നഷ്ടമാകുകയും ചെയ്തേക്കും.
ഓഗസ്റ്റ് 1 മുതൽ എല്ലാ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും 25% തീരുവ ചുമത്താനുള്ള ട്രംപിന്റെ തീരുമാനം ആപ്പിൾ, സാംസങ് തുടങ്ങിയ മുൻനിര ഇലക്ട്രോണിക്സ് കയറ്റുമതിക്കാർക്ക് വലിയ ഞെട്ടലുണ്ടാക്കി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഇരട്ട ആഘാതമാണ്. കാരണം, നിർണായക ഇലക്ട്രോണിക് പാർട്സുകൾ ഇറക്കുമതി ചെയ്യുന്നതിൽ ചൈന നിയന്ത്രണം കടുപ്പിക്കുന്നതിനിടയിലാണ് ട്രംപിന്റെ നികുതി ചുമത്തൽ കൂടി എത്തിയിരിക്കുന്നത്.

ചൈനയുടെയും യുഎസിന്റെയും ഈപുതിയ നടപടികൾ ഇന്ത്യയിലെ, പ്രത്യേകിച്ച് ഇലക്ട്രോണിക്സ് രംഗത്തെ ഉൽപ്പാദന, കയറ്റുമതി പദ്ധതികളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഇരട്ട വെല്ലുവിളി ഇലക്ട്രോണിക്സ് നിർമ്മാണത്തെ മന്ദഗതിയിലാക്കുമെന്നും ആഗോള കയറ്റുമതി കേന്ദ്രമാകാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തെ ദോഷകരമായി ബാധിക്കുമെന്നും വിദഗ്ധർ പറയുന്നതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ, ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി റെക്കോഡ് നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് ഈ തിരിച്ചടി വാർത്ത എത്തിയിരിക്കുന്നത് എന്നതാണ്. 2025 ജനുവരി-ജൂൺ കാലഘട്ടത്തിൽ ഏകദേശം 23.9 ദശലക്ഷം ഐഫോണുകളാണ് ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്തിരിക്കുന്നതെന്നും ഇതിന്റെ മൂല്യം ഏകദേശം 22.56 ബില്ല്യൻ ഡോളർ വരുമെന്നുമാണ് കനാലിസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്.
യുഎസിലേക്കുള്ള ഐഫോണുകളുടെ ഏറ്റവും വലിയ കയറ്റുമതിക്കാരായി ഇന്ത്യ വളർന്ന ഘട്ടമാണിത്. പുതിയ നികുതി യുഎസ് ഇന്ത്യക്ക് മേൽ ചുമത്തുന്നതോടെ ഈ കയറ്റുമതിയിൽ ഇടിവുണ്ടാകും എന്നതാണ് ഏറ്റവും പ്രധാനമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ നിലയിൽ ഉയർന്ന താരിഫുമായി മുന്നോട്ട് പോയാൽ ഇന്ത്യക്ക് ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ യുഎസുമായുള്ള ബിസിനസ് നഷ്ടപ്പെടും എന്നും നിരീക്ഷകർ പറയുന്നുണ്ട്.
ഇലക്ട്രോണിക്സ് രംഗത്തെ മാത്രമല്ല, വസ്ത്രങ്ങൾ, മരുന്നുകൾ, രത്നങ്ങൾ, ആഭരണങ്ങൾ, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളെയും ഈ നികുതി ബാധിക്കും. എന്നാൽ ചൈനയിൽ നിന്നുള്ള ഐഫോണുകൾക്ക് യുഎസ് ചുമത്തിയിരിക്കുന്നത് 30 ശതമാനം നികുതി ആണെന്നും ഇന്ത്യയുടേത് 5 ശതമാനം കുറവായതിനാൽ ഒരുപക്ഷേ ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതിയെ ഇത് ബാധിച്ചേക്കില്ല എന്നും ചിലർ പറയുന്നുണ്ട്.
ഓഗസ്റ്റ് അവസാനത്തോടെ ഇന്ത്യയും യുഎസുമായി ഒരു ഉഭയകക്ഷി വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ നടക്കും. ഈ ഘട്ടത്തിൽ നിരക്കുകളുടെ കാര്യത്തിൽ എന്തെങ്കിലും ഇളവുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഈ വർഷം ഏപ്രിലിലും ഇന്ത്യക്കും ചൈനയ്ക്കുമെതിരേയും മറ്റ് പല രാജ്യങ്ങൾക്കെതിരേയും ട്രംപ് ഉയർന്ന നികുതി ചുമത്തിയിരുന്നു.
എന്നാൽ പിന്നീട് ചർച്ചകളെ തുടർന്ന് ട്രംപ് ആ നികുതി വർധന നടപ്പാക്കുന്നത് മരവിപ്പിക്കുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ വീണ്ടും അത്തരമൊരു നടപടി ഉണ്ടാകുമോ എന്നാണ് വ്യവസായ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. അതേസമയം, രാജ്യത്തിന്റെ താൽപര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും, ദേശീയ താൽപര്യം സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും എന്നുമാണ് ഇന്ത്യ പ്രതികരിച്ചിട്ടുള്ളത്.


Click it and Unblock the Notifications








