എഴുതിത്തള്ളാൻ വരട്ടെ! വിഐക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ട്, പക്ഷേ തിരിച്ചുവരാൻ കഴിയും
എല്ലാ മാസവും ട്രായിയുടെ പ്രതിമാസ റിപ്പോർട്ട് വരുമ്പോൾ ഏറ്റവുമധികം വരിക്കാർ കൊഴിഞ്ഞുപോയ ടെലിക്കോം കമ്പനിയുടെ സ്ഥാനത്ത് വൊഡാഫോൺ ഐഡിയയുടെ (VI) പേര് ആണ് ഉണ്ടാകുക. വരിക്കാർ കൊഴിഞ്ഞുപോകുന്നു എന്ന ആക്ഷേപങ്ങൾ ഉണ്ടെങ്കിലും ഇപ്പോഴും ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് വിഐ. ജിയോ, എയർടെൽ എന്നീ കമ്പനികൾ കഴിഞ്ഞാൽ ഏറ്റവുമധികം വരിക്കാർ ഉള്ളത് വിഐക്ക് ആണ്. പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായിട്ടുകൂടി ബിഎസ്എൻഎൽ ഇപ്പോഴും വിഐയെക്കാൾ വളരെ പിന്നിലാണ്. വലിയ തുകയുടെ സാമ്പത്തിക കടം നേരിടുന്നുണ്ട് എന്നതാണ് വിഐയുടെ ഇപ്പോഴത്തെ പ്രധാന പ്രശ്നം.
വിഐയുടെ നിലനിൽപ്പ് സംബന്ധിച്ച് ഇപ്പോൾ ഉപയോക്താക്കൾക്കിടയിലും സാമൂഹിക മാധ്യമങ്ങളിലുമൊക്കെ ചർച്ചകൾ നടക്കുന്നുണ്ട്. സർക്കാരിന് എജിആർ (Adjusted Gross Revenue) കുടിശിക ഇനത്തിൽ വൻ തുക വിഐ നൽകാനുണ്ട്. ഇതാണ് ഇപ്പോഴത്തെ വിഐയുടെ പ്രധാന പ്രശ്നം. സർക്കാർ എന്തെങ്കിലും ഇളവ് നൽകാൻ തയാറായില്ലെങ്കിൽ അടുത്ത വർഷത്തോടെ വിഐ എന്നത് ഒരു ചരിത്രം മാത്രമായി മാറും എന്നാണ് വിഐ തന്നെ പറഞ്ഞത്.

ഈ ഒരു സാഹചര്യത്തിലാണ് വിഐ അടച്ചുപൂട്ടലിന്റെ വക്കിലെത്തി എന്ന നിലയ്ക്ക് ചർച്ചകൾ സജീവമായത്. കുടിശ്ശികയിൽ ഇളവ് ആവശ്യപ്പെട്ട് ടെലിക്കോം കമ്പനികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയതും ആശങ്കകൾക്ക് ആക്കം കൂട്ടി. എന്നാൽ വിഐ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്നു എന്നത് ശരിയാണെങ്കിലും എജിആർ കുടിശികയുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടായാൽ വിഐക്ക് അതിശക്തമായി വിപണിയിലേക്ക് തിരിച്ചുവരാനാകും.
ആളുകളുടെ കൊഴിഞ്ഞുപോക്ക് തടയാൻ അവർക്ക് മികച്ച സേവനം വാഗ്ദാനം ചെയ്യാൻ വിഐ ശ്രമിക്കുന്നു. അതിന്റെ ഭാഗമായി 5ജി വ്യാപനം അടക്കം ആരംഭിച്ചിട്ടുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ മൂലധനത്തിനായി 95 ബില്യൺ രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നീക്കിവച്ചതിനെക്കാൾ വളരെ കൂടുതലാണിത്.

എന്നാൽ ടെലിക്കോം രംഗത്ത് ഒന്ന് നിവർന്ന് നിൽക്കണമെങ്കിൽ ഉയർന്ന ശമ്പളമുള്ള പുതിയ വരിക്കാരെ സ്വന്തമാക്കുക മാത്രമല്ല, സർക്കാരിന് അടയ്ക്കാനുള്ള എജിആർ പേയ്‌മെന്റ് കുടിശിക തീർക്കുകയും വേണം. എന്നാൽ കമ്പനിയിൽ കൂടുതൽ ഓഹരികൾ ഏറ്റെടുത്ത് വിഐയെ ഇനിയും കൂടുതൽ സഹായിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാർ.
സർക്കാരിന്റെ ഭാഗത്തുനിന്ന് ഇനിയൊരു സഹായം വിഐക്ക് ലഭ്യമായേക്കില്ല. കൂടുതൽ ടെലിക്കോം കമ്പനികൾ വിപണിയിൽ ഉള്ളത് നല്ലതാണ് എന്ന നിലപാടാണ് സർക്കാരിനുള്ളത്. അതിനാൽ വിഐയുടെ തകർച്ച സർക്കാർ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇനിയും വിഐയെ കൂടുതൽ സഹായിക്കാനും സർക്കാരിന് സാധിക്കില്ല. വരും പാദങ്ങളിൽ കൂടുതൽ 5ജി സേവനങ്ങൾ അവതരിപ്പിച്ച് കൊഴിഞ്ഞുപോക്ക് കുറയ്ക്കുകയും വരുമാനം വർധിപ്പിക്കുകയും മാത്രമാണ് രക്ഷപ്പെടാനുള്ള പോംവഴി.
ബാങ്കുകളിലേക്കുള്ള പേയ്‌മെന്റുകൾ വിഐ കൃത്യസമയത്ത് നടത്തുന്നുണ്ട്, കൂടാതെ വെണ്ടർമാർക്കും പേയ്‌മെന്റുകൾ നൽകുന്നുണ്ട്. എന്നാൽ ചെലവുകൾ നേരിടാൻ വിഐയുടെ വരുമാനം ഇനിയും ഉയരേണ്ടതുണ്ട്. പക്ഷേ സബ്‌സ്‌ക്രൈബർ അടിത്തറ കുറയുന്നത് വരുമാനം വർധിക്കാനുള്ള സാധ്യതകളെ ബാധിക്കുന്നു. എജിആർ വിഷയത്തിൽ സർക്കാരുമായി ഒരു ധാരണയിൽ എത്താൻ കഴിഞ്ഞാൽ വിഐക്ക് ഇനിയും ഒരു തിരിച്ചുവരവിന് സാധ്യത തുറന്നുകിട്ടും.

5ജി വ്യാപനം അടക്കം കൂടുതൽ ശക്തിപ്പെടുത്തണമെങ്കിൽ വിഐക്ക് കൂടുതൽ ഫണ്ട് ആവശ്യമുണ്ട്. എന്നാൽ വിഐക്ക് പുതിയ വായ്പ നൽകാൻ ബാങ്കുകൾ തയ്യാറല്ലെന്ന് ഇപ്പോൾ പുറത്തുവരുന്ന വിവിധ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. അവിടെയും സർക്കാരിന് നൽകാനുള്ള എജിആർ കുടിശിക തന്നെയാണ് വിഷയം. എജിആർ കുടിശികയുടെ ഒരു ഭാഗം എഴുതിത്തള്ളാൻ സർക്കാർ സമ്മതിച്ചാൽ വിഐയുടെ വായ്പാ അപേക്ഷകൾ പ്രധാന പൊതുമേഖലാ വായ്പാദാതാക്കൾ പരിഗണിച്ചേക്കാമെന്ന് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


Click it and Unblock the Notifications








