ഇന്ന് അനോണിമസ് പ്രതിഷേധ കൂട്ടായ്മ രാജ്യത്തൊട്ടാകെ

Posted By: Staff

ഇന്ന് അനോണിമസ് പ്രതിഷേധ കൂട്ടായ്മ രാജ്യത്തൊട്ടാകെ

ഇന്ന് ജൂണ്‍ 9, അനോണിമസ് ഇന്ത്യയില്‍ ഒരു തെരുവ് പ്രതിഷേധപ്രകടനം നിശ്ചയിച്ച തിയ്യതി ഇന്നാണ്. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഈ പ്രതിഷേധ പ്രകടനം. ഒരു മാസമായി ഈ പ്രതിഷേധകൂട്ടായമയ്ക്ക് അനോണിമസ് ആഹ്വാനം ചെയ്തിട്ട്. ഇന്ന് നടക്കുന്ന പ്രതിഷേധം തീര്‍ത്തും അക്രമരഹിതവും സമാധാനപരവുമായിരിക്കണമെന്ന് അനുഭാവികള്‍ക്ക് അനോണിമസിന്റൈ കര്‍ശന നിര്‍ദ്ദേശമുണ്ട്.

ഓപ്ഇന്ത്യ വെബ്‌സൈറ്റിലാണ് പ്രതിഷേധത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും അനോണിമസ് ചെയ്തിരിക്കുന്നത്. പ്രതിഷേധക്കാര്‍ പാലിക്കേണ്ട ചില നിയമങ്ങളും അനോണിമസ് ഈ സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാഹനങ്ങള്‍ ഉപയോഗിക്കരുത് (അപകടത്തിന് കാരണമാകും) എന്നതാണ് ഒരു സുപ്രധാന നിര്‍ദ്ദേശം. ആയുധങ്ങള്‍, കല്ലുകള്‍ പോലുള്ള മൂര്‍ച്ചയായ സാധനങ്ങളൊന്നും ഉപയോഗിക്കരുത്. മുഖം മൂടി ധരിക്കേണ്ടവര്‍ക്ക് വെബില്‍ നിന്നും അനോണിമസിന്റെ മുഖം മൂടി, ഗൈ ഫോക്ക്‌സ് മാസ്‌ക്, ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ബാനറുകളും പ്ലക്കാര്‍ഡും അനുവദനീയമാണ്.

പ്രകടനം റെക്കോര്‍ഡ് ചെയ്യാനും ക്യാമറയും ഫോണും ഉപയോഗിക്കാം. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസ് വഴി തടഞ്ഞാല്‍ പൊലീസില്‍ നിന്നും 50 മീറ്റര്‍ അകലെ നില്‍ക്കണമെന്നാണ് അനോണിമസ് നല്‍കുന്ന പ്രധാന നിര്‍ദ്ദേശം.

ഇന്ന് പ്രകടനം നടക്കുന്ന രാജ്യത്തെ പ്രധാന നഗരങ്ങള്‍

 • കൊച്ചി: മറൈന്‍ ഡ്രൈവ്, വൈകുന്നേരം 4 മുതല്‍ 5.30 വരെ

 • കോഴിക്കോട്: ബീച്ച് ഹോട്ടലിന് എതിര്‍വശം, വൈകുന്നേരം 4 മണിക്ക്

 • തിരുവനന്തപുരം: പാളയം രക്തസാക്ഷി മണ്ഡപം

 • ബാംഗ്ലൂര്‍: എംജി റോഡ്, വൈകുന്നേരം 4 മണിക്ക്

 • മുംബൈ: ആസാദ് മൈദാന്‍, വൈകീട്ട് 4 മുതല്‍ 5.40 വരെ

 • ഡല്‍ഹി: ജന്തര്‍മന്ദര്‍, വൈകീട്ട് 4 മുതല്‍ 7 വരെ

 • ചണ്ഡീഗഡ്: പ്ലാസ, സെക്റ്റര്‍ 17, വൈകീട്ട് 4 മുതല്‍ 6.35 വരെ

 • ഇന്‍ഡോര്‍: റീഗല്‍ സ്‌ക്വയര്‍, സമയം വ്യക്തമാക്കിയിട്ടില്ല

 • കൊല്‍ക്കത്ത: സൗത്ത് സിറ്റി മാള്‍, പ്രിന്‍സ് അന്‍വര്‍ ഷാ റോഡ്, വൈകീട്ട് 4 മുതല്‍ 8 വരെ

 • ഹൈദരാബാദ്: നെക്ലേസ് റോഡ്, വൈകീട്ട് 4 മുതല്‍ 8 വരെ

 • പൂനെ: ശിവാജി നഗര്‍, വൈകീട്ട് 4 മണിക്ക്

 • അഹമ്മദാബാദ്: വസ്ത്രപൂര്‍, വൈകീട്ട് 5 മണിക്ക്

350ലേറെ വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളും ഇത് വരെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫയല്‍ ഷെയറിംഗ് സൈറ്റുകള്‍, ടോറന്റ് സൈറ്റുകള്‍ എന്നിവയെ നിരോധിച്ച ഇന്റര്‍നെറ്റ് ദാതാക്കളുടെ തീരുമാനമാണ് പ്രതിഷേധത്തിന് പ്രധാന കാരണം. ഇതിനിടെ സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് എംടിഎന്‍എല്‍, സുപ്രീംകോടതി, കോണ്‍ഗ്രസ് പാര്‍ട്ടി തുടങ്ങിയവയുടെയും റിലയന്‍സ് ഉള്‍പ്പടെയുള്ള സ്വകാര്യകമ്പനി സൈറ്റുകളും അനോണിമസ് ഹാക്ക് ചെയ്തിരുന്നു.

അനോണിമസിന്റെ പ്രതിഷേധപ്രകടനത്തില്‍ പങ്കാളികളാകുന്നോ നിങ്ങളും?

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot