വിൻഡോസ് ഉപയോക്താക്കളുടെ കമ്പ്യൂട്ടർ അപകടത്തിൽ; സുരക്ഷയ്ക്കായി ചെയ്യാവുന്നത് ഒറ്റക്കാര്യം!
വിൻഡോസ് ഉൾപ്പെടെ നിരവധി മൈക്രോസോഫ്റ്റ് സോഫ്‌റ്റ്‌വെയറുകളിൽ സുരക്ഷാ പിഴവ് കണ്ടെത്തിയതായി കേന്ദ്ര സർക്കാരിന് കീഴിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ( CERT-In ) മുന്നറിയിപ്പ്. നിരവധി മൈക്രോസോഫ്റ്റ് പ്രോഡക്ടുകളെ തകരാറിലാക്കാൻ ശേഷിയുള്ള "ഉയർന്ന തീവ്രത"യിലുള്ള സുരക്ഷാ പിഴവായാണ് സിഇആർടി ഇവയെ അടയാളപ്പെടുത്തിയിരിക്കുന്നത്.
സൈബർ ആക്രമണങ്ങളെ ചെറുക്കുന്നതിനും ഫിഷിംഗ്, ഹാക്കിംഗ് ആക്രമണങ്ങൾ, സമാനമായ ഓൺലൈൻ ആക്രമണങ്ങൾ എന്നിവയ്‌ക്കെതിരെ സൈബർസ്‌പേസ് സംരക്ഷിക്കാനുമുള്ള ഫെഡറൽ ടെക്‌നോളജി വിഭാഗമാണ് സിഇആർടി. രാജ്യത്തെ പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്ത് നിരവധി മുന്നറിയിപ്പുകൾ സിഇആർടി-ഇൻ പുറപ്പെടുവിക്കാറുണ്ട്. അത്തരത്തിൽ പുറപ്പെടുവിച്ച ഏറ്റവും പുതിയ മുന്നിറയിപ്പിലാണ് മൈക്രോസോഫ്റ്റ് സോഫ്‌റ്റ്‌വെയറുകൾക്കെതിരേ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇപ്പോൾ മൈക്രോസോഫ്റ്റ് സോഫ്‌റ്റ്‌വെയറുകളിൽ കണ്ടെത്തിയ പിഴവുകൾ ഉപയോക്താക്കളുടെ ഡാറ്റയെയും സ്വകാര്യതയെയും ബാധിക്കാൻ ശേഷിയുള്ളതാണ്. അതിനാൽത്തന്നെ ഉപയോക്താക്കൾ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ നിർബന്ധമായും സ്വീകരിക്കണം എന്നാണ് നിർദേശം. ഏതൊക്കെ മൈക്രോസോഫ്ട് സേവനങ്ങളിലാണ് പിഴവ് കണ്ടെത്തിയത് എന്നതിന്റെ പട്ടികയും സിഇആർടി മുന്നറിയിപ്പിനൊപ്പം പുറത്തുവിട്ടിട്ടുണ്ട്.
"മൈക്രോസോഫ്റ്റ് ഉൽപ്പന്നങ്ങളിൽ ഒന്നിലധികം സുരക്ഷാ പിഴവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് ഹാക്കർമാർക്ക് നിങ്ങളുടെ സിസ്റ്റത്തിനുമേൽ അധികാരം സ്ഥാപിക്കാനും തന്ത്രപ്രധാനമായ വിവരങ്ങൾ നേടാനും റിമോട്ട് കോഡ് വഴി ആക്രമണങ്ങൾ നടത്താനും സുരക്ഷാ നിയന്ത്രണങ്ങൾ മറികടക്കാനും സേവന വ്യവസ്ഥകൾ നിരസിക്കാനും അനുവദിക്കും. " എന്ന് സിഇആർടിയുടെ മുന്നറിയിപ്പിൽ പറയുന്നു.
മൈക്രോസോഫ്റ്റ് ഓഫീസ്, മൈക്രോസോഫ്റ്റ് ഡൈനാമിക്സ്, മൈക്രോസോഫ്റ്റ് ബ്രൗസർ, മൈക്രോസോഫ്റ്റ് എക്സ്ചേഞ്ച് സെർവർ, മൈക്രോസോഫ്റ്റ് ആപ്പ്സ്, മൈക്രോസോഫ്റ്റ് സിസ്റ്റം സെന്റർ, ESU (വിപുലീകരിച്ച സുരക്ഷാ അപ്‌ഡേറ്റുകൾ), ഡെവലപ്പർ ടൂൾസ്, മൈക്രോസോഫ്റ്റ് Azure എന്നീ സേവനങ്ങളിൽ ആണ് സിഇആർടി ഗുരുതരമായ സുരക്ഷാ പിഴവുകൾ കണ്ടെത്തിയിരിക്കുന്നത്.
ഈ സുരക്ഷാ ഭീഷണികൾ മറികടക്കാൻ ഉചിതമായ പാച്ചുകൾ പ്രയോഗിക്കാൻ CERT-in ഉപയോക്താക്കളെ ഉപദേശിച്ചു. സോഫ്റ്റ്‌വെയറിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ സുരക്ഷ ഉറപ്പാക്കാൻ സാധിക്കും എന്നാണ് നിർദേശം. സിസ്റ്റത്തിലോ, സ്മാർട്ട്ഫോണിലോ ആപ്പുകൾക്കും സോഫ്ട്വേറുകൾക്കും മറ്റും പുതിയ അപ്ഡേറ്റുകൾ വരുമ്പോൾ പലരും ഡാറ്റ കുറവാണെന്ന കാരണത്താലോ മറ്റ് കാരണങ്ങളാലോ അപ്ഡേറ്റ് മാറ്റിവയ്ക്കുകയോ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്യാറുണ്ട്.
എന്നാൽ ഇത്തരം സമീപനം വൻ സുരക്ഷാ വീഴ്ചയാണ് സിസ്റ്റത്തിന് വരുത്തിവയ്ക്കുക. എല്ലാ സോഫ്ട്വെയറുകൾക്കും പിഴവുകൾ ഉണ്ടാകാറുണ്ട്. ഇവ കണ്ടെത്തുന്നത് അനുസരിച്ച് പരിഹരിക്കുകയും പുതിയ കൂട്ടിച്ചേർക്കലുകൾ നടത്തുകയും ചെയ്താണ് പല അപ്ഡേറ്റുകളും എത്തുന്നത്. ഇത്തരം അപ്ഡേറ്റുകൾ ഒഴിവാക്കുന്നതിലൂടെ ഉപയോക്താക്കൾ തങ്ങളുടെ സിസ്റ്റത്തിന്റെ സുരക്ഷ അപകടത്തിലാക്കുന്നു.

ഓൺലൈൻ തട്ടിപ്പുകളും സൈബർ ആക്രമണങ്ങളും ദിവസവും വർധിച്ചുവരുന്ന ഇക്കാലത്ത് എല്ലാ പഴുതുകളും അടച്ച് ഡിവൈസുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഉപയോക്താക്കളുടെ ഉത്തരവാദിത്തമാണ്. അതിനാൽത്തന്നെ ഓരോ പുതിയ അപ്ഡേറ്റുകളും നിർബന്ധമായും പരിഗണിക്കണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്മാർട്ട്ഫോണുകളിലും കമ്പ്യൂട്ടറുകളിലും ഉണ്ടാകുന്ന പല വീഴ്ചകൾക്കും പരിഹാരമായി സിഇആർടി പലപ്പോഴും നിർദേശിക്കാറുള്ളത് സോഫ്ട്വേർ അപ്ഡേഷൻ നടത്താനാണ്.
രാജ്യത്ത് നടക്കുന്ന സൈബർ ആക്രമണ രീതികളെപ്പറ്റിയും അത്തരം വാർത്തകളെപ്പറ്റിയും ശ്രദ്ധിക്കുന്നത് ഓൺലൈൻ തട്ടിപ്പുകളിൽ ചെന്ന് ചാടുന്നത് ഒരു പരിധി വരെ തടയാൻ സഹായിക്കും. തട്ടിപ്പുകാരുടെ രീതികളെപ്പറ്റി അറിവില്ലാതെ പലരും ഓൺലൈൻ തട്ടിപ്പുകളിൽ വീഴുകയും ലക്ഷങ്ങളും കോടികളും നഷ്ടപ്പെടുത്തുകയും ചെയ്യാറുണ്ട്. ഉയർന്ന വിദ്യാഭ്യാസമുള്ള സോഫ്ട്വേർ എൻജിനീയർമാർ പോലും ഇത്തരം തട്ടിപ്പുകളിൽ വീഴുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.


Click it and Unblock the Notifications