ഇൻസ്റ്റഗ്രാം പരസ്യത്തിൽ ക്ലിക്ക് ചെയ്ത യുവതിക്ക് 10.5 ലക്ഷം രൂപ നഷ്‌ടപ്പെട്ടു! അപകടം ഇവിടെ...
ഇൻസ്റ്റഗ്രാമിൽ കണ്ട പരസ്യത്തിൽ ക്ലിക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 10.5 ലക്ഷം രൂപ. മംഗളൂരു ആസ്ഥാനമായുള്ള ഒരു സോഫ്റ്റ്‌വെയർ സ്ഥാപനത്തിലെ യുവതിയാണ് ഇൻസ്റ്റഗ്രാമിൽ ഒളിഞ്ഞിരുന്ന വൻ അപകടത്തിലേക്ക് ചെന്നുപെട്ട് ഉണ്ടായിരുന്ന സമ്പാദ്യം നഷ്ടമാക്കിയത്. ഒരു പാർട്ട് ടൈം ജോലിക്കായുള്ള അന്വേഷണമാണ് ഈ വിധം നഷ്ടത്തിൽ കലാശിച്ചിരിക്കുന്നത്.
നിലവിലുള്ള ജോലിയോടൊപ്പം ഒരു പാർട്ട്ടൈം ജോലികൂടി ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ജോലി ചെയ്യാനുള്ള കഠിനമായ ആഗ്രഹം കൊണ്ടൊന്നുമല്ല, ജീവിതച്ചെലവുകളോട് പടവെട്ടി നിൽക്കണമെങ്കിൽ ഉള്ള ജോലിക്ക് പുറമേ മറ്റ് ജോലികളും അന്വേഷിക്കേണ്ട അവസ്ഥയാണ്. ആളുകളുടെ ഈ അവസ്ഥ ഇപ്പോൾ ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്നത് സൈബർ തട്ടിപ്പുകാരാണ്.

അടുത്തകാലത്തായി പാർട്ട് ടൈം ജോലികളുടെ പേരിലുള്ള ഓൺലൈൻ തട്ടിപ്പുകൾ ഏറെ വർധിച്ചു. സാധാരണക്കാർ മാത്രമല്ല, മികച്ച ശമ്പളമുള്ള, അറിവും വിദ്യാഭ്യാസവും ഓൺലൈൻ അപകടങ്ങളെക്കുറിച്ച് ധാരണയുമുള്ള ആളുൾ പോലും സൈബർ തട്ടിപ്പുകാരുടെ നമ്പരുകളിൽ വീഴുന്നു. ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന കേസിലെ ഇര പോലും സോഫ്ട്വേർ എൻജിനീയറാണ് എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്.
സംഭവത്തെപ്പറ്റി ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത് ഇപ്രകാരമാണ്: സോഫ്ട്വേർ പ്രൊഫഷണലായ യുവതി പാർട്ട്ടൈം ജോലികൾ അന്വേഷിച്ചിരുന്നു. ഇതിനിടയിലാണ് 'നിങ്ങൾക്ക് സമ്പാദിക്കാം' എന്ന ഒരു പരസ്യം ഇൻസ്റ്റഗ്രാമിൽ കാണുന്നത്. തുടർന്ന് പരസ്യത്തിൽ കണ്ട 9899183689 എന്ന വാട്സ്ആപ്പ് നമ്പരിലേക്ക് തന്റെ താൽപര്യം അറിയിച്ച് യുവതി മെസേജ് അയച്ചു.
അതിന് മറുപടിയായി ടെലിഗ്രാമിൽ @khannika9912 എന്ന നമ്പറിലേക്ക് ബന്ധപ്പെടാൻ യുവതിക്ക് നിർദേശം ലഭിച്ചു. ഈ നിർദേശം പാലിച്ച് യുവതി ആപ്പ് ഡൗൺലോഡ് ചെയ്യുകയും സംഘം നിർദേശിച്ച വ്യക്തിയുമായി സംസാരിക്കുകയും ചെയ്തു. നിക്ഷേപത്തിന് 30 ശതമാനം വരെ വരുമാനം നൽകാം എന്നായിരുന്നു അവരുടെ വാഗ്ദാനം.
അധിക വരുമാനം കണ്ടെത്താൻ ആഗ്രഹിച്ച യുവതി, അവരെ വിശ്വസിക്കുകയും ഗൂഗിൾ പേ വഴി യുപിഐ ഐഡിയിലേക്ക് 7,000 രൂപ അയയ്ക്കുകയും ചെയ്തു. വാഗ്ദാനം ചെയ്തപോലെ തന്നെ യുവതിയുടെ അക്കൗണ്ടിലേക്ക് 9,100 രൂപ എത്തി. ഇതോടെ പൂർണ്ണമായും സംഘത്തെ വിശ്വസിച്ച യുവതിയോട് അവർ വലിയൊരു തുക നിക്ഷേപിക്കാൻ നിർദേശിച്ചു.
ഇതുപ്രകാരം യുവതി 20,000 രൂപ അതേ യുപിഐ ഐഡിയിലേക്ക് ട്രാൻസ്ഫർ ചെയ്തു. എന്നാൽ അക്കൗണ്ട് ബ്ലോക്ക് ആയതിനാൽ പണം ലഭിച്ചില്ലെന്നാണ് തട്ടിപ്പുകാർ യുവതിയെ അറിയിച്ചത്. പിന്നീട് അവർ ആവശ്യപ്പെട്ടതു പ്രകാരം 10,50,525 രൂപ കൂടി കൈമാറി. എന്നാൽ വരുമാനം ലഭിച്ചില്ല. പണം നഷ്ടമായപ്പോഴാണ് താൻ വലിയൊരു അപകടത്തിലാണ് ചെന്ന് ചാടിയിരിക്കുന്നതെന്ന് അവർക്ക് മനസിലായത്.

തുടർന്ന് പണം നഷ്ടമായ വിവരം ചൂണ്ടിക്കാട്ടി യുവതി കങ്കനാടി പോലീസിൽ പരാതി നൽകുകയായിരുന്നു. പാർട്ട്ടൈം ജോലികൾ ധാരാളം ലഭ്യമാണെങ്കിലും അവയ്ക്കായി അന്വേഷിക്കുമ്പോൾ വിശ്വസനീയ കേന്ദ്രങ്ങളെ ആശ്രയിക്കണം എന്ന് ഈ സംഭവം ഓർമിപ്പിക്കുന്നു. പാർട്ട് ടൈം ജോലികൾക്കായി ലിങ്ക്ഡ്ഇൻ, നൗക്രി ഡോട്ട് കോം, ഇൻഡീഡ്, തുടങ്ങിയ ആധികാരിക പോർട്ടലുകൾ വഴി അപേക്ഷിക്കുന്നതാണ് നല്ലത്.
മറ്റ് മാർഗങ്ങളിലൂടെയാണ് ജോലിക്ക് അപേക്ഷിക്കുന്നത് എങ്കിൽ സൂക്ഷ്മമായ അന്വേഷണം നടത്തിയിരിക്കണം. കമ്പനി നിയമാനുസൃതം പ്രവർത്തിക്കുന്നതാണോ, അത്തരമൊരു കമ്പനി നിലവിലുണ്ടോ തുടങ്ങിയ പ്രാഥമിക കാര്യങ്ങളെങ്കിലും അന്വേഷിച്ച് ഉറപ്പുവരുത്തണം. ലളിതമാർഗമെന്ന നിലയിൽ ഗൂഗിൾ സെർച്ച് ഉൾപ്പെടെ ഇതിനായി ഉപയോഗിച്ച് നോക്കാവുന്നതാണ്. എന്നാൽ ഗൂഗിളിനെ പൂർണ്ണമായി വിശ്വസിക്കാൻ പാടില്ല.
അതോടൊപ്പം വിശ്വസനീയമല്ലാത്ത വെബ്സൈറ്റുകളിൽ വ്യക്തിഗത വിവരങ്ങൾ കൈമാറുകയും ചെയ്യരുത്. അപരിചിതരായ ആളുകളുടെ അക്കൗണ്ടുകളിലേക്ക് കണ്ണും പൂട്ടി പണം അയച്ചുകൊടുക്കരുത് എന്നതും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ നമ്മുടെ ബാങ്കിംഗ് ക്രെഡൻഷ്യലുകൾ ആരുമായും പങ്കിടാനും പാടില്ല. നല്ല നിലവാരമുള്ള കമ്പനികൾ ജോലിക്കായി പണം ആവശ്യപ്പെടില്ല എന്നകാര്യവും ഓർക്കണം.


Click it and Unblock the Notifications








