ഓഡർ ചെയ്തത് 'ആന'യെ, കിട്ടിയത് 'കുഴിയാന'യെ! ആമസോണിൽ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് യുവതി
ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നവരുടെ എണ്ണം കൂടുന്നതുപോലെ തന്നെ ഇ-കൊമമേഴ്സ് രംഗത്തെ തട്ടിപ്പുകളും വർധിക്കുന്നുണ്ട്. വൻ തുക മുടക്കി ഓഡർ ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് പകരം കല്ലും മണ്ണും ചീപ്പും സോപ്പും സോപ്പുപെട്ടിയും കാലി ബോക്സും വരെ ആളുകളെ തേടി പാഴ്സലായി എത്തിയ സംഭവങ്ങൾ നിരവധിയുണ്ട്.
ഓൺലൈനിൽ ഓഡർ ചെയ്തപ്പോൾ ഉണ്ടായ ദുരനുഭവങ്ങൾ ഇതിനോടകം നിരവധി പേർ പങ്കുവച്ചിട്ടുണ്ട്. എന്നാൽ അതൊന്നും ഓൺലൈൻ വ്യാപാരത്തിന്റെ വളർച്ച കുറച്ചിട്ടില്ല എന്നതു വേറെ കാര്യം. എങ്കിലും ഓൺലൈനിൽ എന്തെങ്കിലും വാങ്ങുമ്പോൾ, പ്രത്യേകിച്ച് ഉയർന്ന വിലയുള്ള സാധനങ്ങൾ വാങ്ങുമ്പോൾ ഏറെ ശ്രദ്ധ പുലർത്തണമെന്ന് ഇത്തരം സംഭവങ്ങൾ ഓർമിപ്പിക്കുന്നു.

ഓൺലൈൻ ഓഡർ തട്ടിപ്പുകളിൽ ഏറ്റവുമധികം പേർ കബളിപ്പിക്കപ്പെട്ടിട്ടുള്ളത് ആപ്പിൾ ഉൽപ്പന്നങ്ങൾ വാങ്ങിയപ്പോഴാണ് എന്നതാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോണിന്റെ കവറിൽ വ്യാജ ഐഫോൺ, കല്ല്, ഇഷ്ടിക തുടങ്ങി ഒറിജിനൽ ഐഫോൺ അല്ലാതെ മറ്റ് പലതും എത്തിയ സംഭവങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ആപ്പിൾ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ ഓഡർ ചെയ്യുമ്പോഴുള്ള തട്ടിപ്പുകൾ ഇപ്പോഴും നടക്കുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം ഒരു യുവതി സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് വ്യക്തമാക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഇ- കൊമേഴ്സ് വെബ്സൈറ്റുകളിൽനിന്നായ ആമസോണിൽനിന്ന് തനിക്ക് ദുരനുഭവം ഉണ്ടായി എന്ന് വെളിപ്പെടുത്തി സനയ എന്ന ട്വിറ്റർ ഉപയോക്താവാണ് രംഗത്തെത്തിയത്.
ജൂലൈ 8 ന് സനയ ആമസോണിൽ ആപ്പിൾ വാച്ച് സീരീസ് 8 ഓഡർ ചെയ്തു. 50,900 രൂപ ആയിരുന്നു ഈ വാച്ചിന്റെ വില. പണം മുൻകൂർ അടച്ചാണ് വാച്ച് ഓഡർ ചെയ്തത്. തുടർന്ന് ജൂലൈ 9 ന് തന്നെ സനയയ്ക്ക് ഡെലിവറി പാക്കറ്റ് എത്തി.
എന്നാൽ ഓഡർ ചെയ്ത ആപ്പിൾ വാച്ചിന് പകരം ഫിറ്റ് ലൈഫ്" വാച്ച് ആണ് അതിൽ ഉണ്ടായിരുന്നത്. തുടർന്ന് പാക്കറ്റിന്റെ ഫോട്ടോകൾ എടുത്ത് അയച്ചു നൽകുകയും റീഫണ്ടിനായി ആമസോണിനോട് അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ ആമസോൺ ഇതിനോട് പ്രതികരിച്ചില്ലെന്നും റീഫണ്ട് നൽകാനോ വാച്ച് എക്സ്ചേഞ്ച് ചെയ്ത് നൽകാനോ തയാറായില്ല എന്നും യുവതി സാമൂഹികമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെ ആരോപിച്ചു.
"ഒരിക്കലും ആമസോണിൽ നിന്ന് ഓർഡർ ചെയ്യരുത്!!! ജൂലൈ 8-ന് @amazon-ൽ നിന്ന് ഞാൻ ഒരു @Apple വാച്ച് സീരീസ് 8 ഓർഡർ ചെയ്തു. എന്തായാലും, 9-ന് എനിക്കൊരു വ്യാജ 'FitLife' വാച്ച് ലഭിച്ചു. നിരവധി കോളുകൾ ചെയ്തിട്ടും, @AmazonHelp എടുക്കാൻ തയാറായില്ല. കൂടുതൽ വിവരങ്ങൾക്ക് ചിത്രങ്ങൾ പരിശോധിക്കുക. ഈ പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കുക".

ഇതായിരുന്നു സനയ ട്വിറ്ററിൽ പങ്കുവച്ച പോസ്റ്റ്. താൻ ട്വീറ്റ് പങ്കുവച്ചതിനെ തുടർന്ന് ആമസോൺ പിന്നീട് പ്രശ്നത്തിൽ ഇടപെടുകയും തനിക്ക് മെയിൽ അയയ്ക്കുകയും ചെയ്തതായി സനയ പറയുന്നു. അസൗകര്യം നേരിട്ടതിൽ ആമസോൺ ക്ഷമ ചോദിച്ചെന്നും ഓർഡർ വിശദാംശങ്ങൾ ഡിഎം (ഡയറക്ട് മെസേജ്) വഴി അയയ്ക്കാൻ ആവശ്യപ്പെട്ടെന്നും പിന്നീട് സനയ മറ്റൊരു ട്വീറ്റിലൂടെ അറിയിച്ചു.
സനയയുടെ പോസ്റ്റ് കണ്ട നിരവധി പേർ ഓൺലൈനിൽ സാധനങ്ങൾ ഓഡർ ചെയ്തപ്പോൾ തങ്ങൾക്കുണ്ടായ ദുരനുഭവം പങ്കുവച്ചു. വൻ തുകയുള്ള സാധനങ്ങൾ ഓൺലൈനിൽ ഓഡർ ചെയ്യരുതെന്ന പലരും യുവതിയെ ഉപദേശിച്ചു. സ്റ്റോറുകളിൽ നിന്ന് നേരിട്ട് ഗാഡ്‌ജെറ്റുകൾ പരീക്ഷിച്ച് വാങ്ങുന്നതിന്റെ സംതൃപ്തി മറ്റൊന്നിനും നൽകാൻ കഴിയില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടു.
ആമസോണിൽ മാത്രമല്ല, ഫ്ലിപ്കാർട്ട്, മീഷോ ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ ഇ-കൊമേഴ്സ് സൈറ്റുകളിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. അടുത്തിടെ ഓർഡർ ചെയ്ത ആഭരണങ്ങൾക്ക് പകരം ഒരു ഫേസ് ക്രീം ആണ് ലഭിച്ചതെന്ന് ഒരു മീഷോ ഉപയോക്താവ് വെളിപ്പെടുത്തിയതായി ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഓൺലൈൻ തട്ടിപ്പുകാരുടെ താവളമാണ് എന്നതിനാൽ ഏറെ ശ്രദ്ധപുലർത്തണമെന്ന് ഇത്തരം സംഭവങ്ങൾ ഓർമിപ്പിക്കുന്നു.


Click it and Unblock the Notifications








