പരുക്കേറ്റ പക്ഷിയെ സഹായിക്കാൻ ഗൂഗിളിൽ സെർച്ച് ചെയ്തു; യുവതിക്ക് നഷ്ടമായത് ഒരുലക്ഷം രൂപ
സൈബർ ക്രിമിനലുകൾ അരങ്ങുവാഴുന്ന ഇന്ത്യയിൽ ഓൺലൈൻ തട്ടിപ്പുകൾ ദിനംപ്രതി വളരുകയാണ്. ഏത് വിധത്തിലാണ് കബളിപ്പിക്കപ്പെടുക എന്ന് പ്രവചിക്കുക അസാധ്യം. ആളുകൾ ഒട്ടും പ്രതീക്ഷിക്കാത്ത വിധത്തിലാകും സൈബർ ക്രിമിനലുകൾ വിരിക്കുക. ഓൺലൈനിൽ എന്തുകാര്യം ചെയ്യുമ്പോഴും പരമാവധി ശ്രദ്ധിക്കുക എന്നതുമാത്രമാണ് തട്ടിപ്പിന് ഇരയാകാതിരിക്കാനുള്ള ഏകവഴി.
നിസാരമായി നാം ചെയ്യുന്ന കാര്യങ്ങളിൽപ്പോലും അൽപ്പം ശ്രദ്ധ പുലർത്തിയില്ലെങ്കിൽ അത് ബാങ്ക് അക്കൗണ്ട് കാലിയാക്കുന്ന നിലയിലേക്കാകും കൊണ്ടെത്തിക്കുക. പലതരത്തിലുള്ള സൈബർ തട്ടിപ്പുകൾ ഇതിനുമുമ്പ് നടന്നിട്ടുണ്ടെങ്കിലും മുംബൈ മഹാലക്ഷ്മിയിൽ കഴിഞ്ഞ ദിവസം നടന്ന ഒരു തട്ടിപ്പിലേക്ക് നയിച്ച കാരണവും രീതിയും ഏറെ വിചിത്രമായിരുന്നു.

ജോലിസ്ഥലത്ത് പരുക്കേറ്റ നിലയിൽ കണ്ട പക്ഷിയെ രക്ഷിക്കാൻ ശ്രമിച്ച യുവതി, അതിനായി ഒരു ഗൂഗിൾ സെർച്ച് നടത്തിയത് ഒരുലക്ഷം രൂപ നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് അവരെ കൊണ്ടെത്തിച്ചു എന്നതാണ് സംഭവത്തിന്റെ ചുരുക്കം. മുംബൈ മഹാലക്ഷ്മിയിലെ ഫേമസ് സ്റ്റുഡിയോയിൽ ജോലി ചെയ്യുന്ന ധ്വനി മേത്ത എന്ന യുവതിയാണ് സൈബർ തട്ടിപ്പുകാരുടെ തന്ത്രപരമായ നീക്കത്തിൽ വീണുപോയത്.
ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, മുംബൈയിൽ ജോലിസ്ഥലത്ത് വച്ചാണ് പരുക്കേറ്റ ഒരു പക്ഷിയെ ധ്വനി മേത്ത കാണുന്നത്. അതിനോട് ദയ തോന്നിയ അവർ അതിനെ രക്ഷിക്കാൻ തീരുമാനിക്കുകയും സഹായത്തിനായി ബേർഡ് റെസ്ക്യൂ ഓർഗനൈസേഷനെ ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തു. ഓർഗനൈസേഷന്റെ വിവരങ്ങൾ അറിയാത്തതിനാൽ അവരെ ബന്ധപ്പെടാനായി സാധാരണ എല്ലാവരും ചെയ്യുംപോലെ ഗൂഗിളിൽ സെർച്ച് ചെയ്തു.

അവിടെയാണ് ധ്വനി മേത്തയ്ക്ക് പാളിപ്പോയത്. ഗൂഗിളിൽ ധ്വനി ഒരു എൻജിഒയുടെ ടോൾ ഫ്രീ നമ്പർ കണ്ടെത്തി സഹായത്തിനായി വിളിച്ചു. ഇരകളെ വീഴ്ത്താൻ സൈബർ തട്ടിപ്പുകാർ വിരിച്ചിരുന്ന ഒരു വല ആയിരുന്നു അത്. അവർ അവൾക്ക് ഒരു പരാതി ഫോമിലേക്കുള്ള 'ലിങ്ക്' അയയ്ക്കുകയും അത് പൂരിപ്പിച്ച് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു.
ചതി മനസിലാകാതിരുന്ന ധ്വനി ലിങ്കിൽ ഫോം പൂരിപ്പിച്ച് നൽകി. ഇതോടൊപ്പം പരാതി രജിസ്റ്റർ ചെയ്യുന്നതിനായി ഒരു രൂപയും നൽകി. എന്നാൽ ഓർഗനൈസേഷന്റെ ഒരാൾപോലും ധ്വനിയുടെ ഓഫീസിലേക്ക് എത്തുകയോ പക്ഷിയെ സഹായിക്കുകയോ ചെയ്തില്ല. പിന്നീട് നാല് ദിവസത്തിന് ശേഷം ട്രെയിനിൽ സഞ്ചരിക്കുന്നതിനിടെ ധ്വനിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 99,988 രൂപ പിൻവലിക്കപ്പെട്ടതായി സന്ദേശം ലഭിച്ചു.
താൻ കബളിപ്പിക്കപ്പെട്ടുവെന്ന് അപ്പോഴാണ് ധ്വനി മനസ്സിലാക്കിയത്. തുടർന്ന് ഉടൻതന്നെ യുവതി സംഭവം ഓൺലൈനിൽ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റിനെ അറിയിക്കുകയും ബാങ്കിലെത്തി രേഖാമൂലം പരാതി നൽകുകയും ചെയ്തു. തുടർന്ന് പോലീസ് സ്റ്റേഷനിലെത്തി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ആൾമാറാട്ടം, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയും ഐടി ആക്ട്, 2000 പ്രകാരവും പരാതി നൽകി.
കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം കൈമാറിയ അക്കൗണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി ബാങ്ക്, സെൽഫോൺ കമ്പനികളുമായി പോലീസ് ബന്ധപ്പെട്ടു. അതോടൊപ്പം ഇന്റർനെറ്റിൽനിന്ന് ലഭിക്കുന്ന എല്ലാവിവരങ്ങളും കണ്ണടച്ച് വിശ്വസിക്കരുത് എന്ന മുന്നറിയിപ്പും പോലീസ് നൽകുന്നു. ഇതിനുമുമ്പും സമാനരീതിയിൽ തട്ടിപ്പ് നടന്നിട്ടുണ്ട്.

ആളുകൾ സഹായത്തിനായി ഗൂഗിളിൽ തിരയാൻ സാധ്യതയുള്ള അഡ്രസുകളുടെയും ടോൾഫ്രീ നമ്പറുകളുടെയും സ്ഥാനത്ത് സൈബർ ക്രിമിനലുകൾ തങ്ങളുടെ നമ്പറുകളും ലിങ്കുകളും നൽകുന്നു. തുടർന്ന് ആളുകൾ ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ ഈ വ്യാജ നമ്പരുകളും വിലാസവുമാകും അവരുടെ കണ്ണിൽപ്പെടുക. അതുവഴി അവർ തട്ടിപ്പുകാരിലേക്ക് എത്തപ്പെടുന്നു.
ബിയർ വാങ്ങാൻ ഓൺലൈനിൽ അടുത്തുള്ള മദ്യഷോപ്പ് അന്വേഷിച്ചയാളും ബാങ്കിന്റെ ടോൾഫ്രീ നമ്പർ അന്വേഷിച്ച ആളുകളുമൊക്കെ ഇത്തരത്തിൽ തട്ടിപ്പിന് ഇരായായിട്ടുണ്ട്. ഗൂഗിളിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ കണ്ണടച്ച് വിശ്വസിക്കാതിരിക്കുകയും ഔദ്യോഗിക വെബ്സൈറ്റുകളിൽനിന്ന് ലഭിക്കുന്ന നമ്പറുകളിൽ മാത്രം ബന്ധപ്പെടുകയും ചെയ്യുക എന്നതാണ് ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാനുള്ള വഴി.


Click it and Unblock the Notifications








