വീണ്ടും അതേ വർക്ക് ഫ്രം ഹോം 'ദുരന്തം', ഇത്തവണ ഇരയായത് നാൽപ്പത്തിനാലുകാരി!
രാജ്യത്ത് സൈബർ തട്ടിപ്പുകൾക്ക് ഇരയായി പണം നഷ്ടമാകുന്നവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. ദിവസവും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നുണ്ടെങ്കിലും പലരും ഇതൊന്നും അറിയാതെ തട്ടിപ്പുകാരുടെ വലയിലേക്ക് വീണുകൊണ്ടിരിക്കുന്നു. ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഇരകളിലേക്ക് എത്തുന്നത്.
സ്ഥിരം തൊഴിലിനു പുറമേ പാർട്ട്ടൈം ജോലിയിലൂടെ അധികവരുമാനം കണ്ടെത്താൻ ശ്രമിക്കുന്നവരും വീട്ടിലിരുന്നുതന്നെ ചെയ്യാവുന്ന വർക്ക് ഫ്രം ഹോം ജോലികൾക്കു ശ്രമിക്കുന്നവരുമാണ് സൈബർ ക്രിമിനലുകളുടെ തൊഴിൽത്തട്ടിപ്പിന് ഇരയായിക്കൊണ്ടിരിക്കുന്നത്. ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തുകൊണ്ട് സാമൂഹികമാധ്യമങ്ങളിലൂടെ ലഭിക്കുന്ന മെസേജുകളിലൂടെയാണ് പലരും ഇരകളായി മാറുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഓൺലൈൻ ജോലിതട്ടിപ്പിൽ മഹാരാഷ്ട്രയിലെ നാസിക്ക് സ്വദേശിനിക്ക് 15 ലക്ഷം രൂപ നഷ്ടമായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. തട്ടിപ്പിനിരയായ നാൽപ്പത്തിനാലു വയസുള്ള സ്ത്രീക്ക് ഒരു ഇൻസ്റ്റന്റ് മെസേജിങ് ആപ്പിലൂടെയാണ് ജോലി അറിയിപ്പ് ലഭിക്കുന്നത്. മെസേജ് അയച്ച അജ്ഞാതൻ ആകർഷകമായ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്തിരുന്നു.
ഉയർന്ന പ്രതിഫലം കണ്ട് ആകൃഷ്ടയായ സ്ത്രീ ജോലി ഏറ്റെടുക്കാൻ തീരുമാനിച്ചു. എന്നാൽ അതിന് ചില നിബന്ധനകൾ പാലിക്കണമായിരുന്നു. ജോലി ലഭിക്കണമെങ്കിൽ രജിസ്ട്രേഷനായി നിശ്ചിത തുക അടയ്ക്കണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ഏൽപ്പിച്ച ജോലി പൂർത്തിയാക്കുമ്പോൾ വരുമാനത്തോടൊപ്പം ഈ തുകയും ലഭിക്കുമെന്നാണ് അവർ അറിയിച്ചത്.
ഇതനുസരിച്ച് അവർ നിർദേശിച്ച അക്കൗണ്ടുകളിലേക്ക് യുവതി പണം നൽകി. കൂടാതെ കൂടുതൽ വരുമാനം ലഭിക്കണമെങ്കിൽ കൂടുതൽ തുക നിക്ഷേപിക്കണം എന്നും തട്ടിപ്പുകാർ യുവതിയെ വിശ്വസിപ്പിച്ചിരുന്നു. ഇതുപ്രകാരം യുവതി പണം നൽകുകയും ചെയ്തു. എന്നാൽ പിന്നീട് പ്രതിഫലം വാങ്ങുന്ന ഘട്ടമെത്തിയപ്പോൾ യുവതിക്ക് പണം എടുക്കാൻ പറ്റാതായി.
യുവതിയുടെ പേരിൽ വെർച്വൽ ബാങ്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത തട്ടിപ്പുകാർ അവരുടെ അക്കൗണ്ടിൽ വൻ തുക വരുമാനമായി ഉണ്ട് എന്ന് വിശ്വസിപ്പിച്ചു. തുടർന്ന് ഈ പണത്തിന് ആദായനികുതി ഇനത്തിൽ വലിയൊരു തുക നൽകേണ്ടതുണ്ട് എന്നും തുക നൽകിയാൽ വകുപ്പിന്റെ അനുമതിയോടെ പണം പിൻവലിക്കാമെന്ന് യുവതിയെ അറിയിക്കുകയും ചെയ്തതായി പോലീസ് പറയുന്നു.
പിന്നീടും പണം ലഭിക്കാതായതോടെ ആണ് താൻ തട്ടിപ്പിനിരയാകുകയായിരുന്നെന്ന് യുവതിക്ക് മനസിലായത്. അപ്പോഴേക്കും തട്ടിപ്പുകാരുടെ എട്ട് വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് 15.1 ലക്ഷം രൂപ യുവതി കൈമാറിയിരുന്നു. തുടർന്ന് ഇവർ സൈബർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. വർക്ക് ഫ്രം ഹോം തട്ടിപ്പിൽ പണം നഷ്ടമാകുന്ന ആദ്യത്തെയോ രണ്ടാമത്തെയോ മൂന്നാമത്തെയോ പത്താമത്തെയോ സംഭവമല്ല ഇത്.

മാസങ്ങളായി ദിവസവും നിരവധിപേർ ഇത്തരം തട്ടിപ്പുകൾക്ക് ഇരകളാകുന്നുണ്ട്. ഉയർന്ന വിദ്യാഭ്യാസവും മികച്ച ജോലിയുമുള്ള വിദ്യാസമ്പന്നർ പോലും ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീണ് തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇത്രയേറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും പലരും ഈ തട്ടിപ്പിനെപ്പറ്റി ബോധവാന്മാരാകുന്നില്ല എന്നതാണ് ഏറ്റവും ദുഖകരമായ കാര്യം.
ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ആവശ്യപ്പെടാതെതന്നെ തേടിയെത്തുന്ന ജോലി വാഗ്ദാനങ്ങളെ വിശ്വസിക്കാതിരിക്കുക. ബാങ്ക് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് നമ്പർ പോലുള്ള സുപ്രധാന വിവരങ്ങൾ അപരിചിതരുമായി പങ്കിടാതിരിക്കുക. വെബ്‌സൈറ്റിനെക്കുറിച്ചോ ഓഫറിനെക്കുറിച്ചോ വ്യക്തതയില്ലെങ്കിൽ, വ്യക്തിവിവരങ്ങൾ നൽകുംമുമ്പ് അന്വേഷിച്ച് വിശ്വാസ്യത ഉറപ്പുവരുത്തുക. തട്ടിപ്പുകൾക്ക് ഇരയായാൽ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ(https://cybercrime.gov.in/) സഹായം തേടാവുന്നതാണ്.


Click it and Unblock the Notifications