വിയറ്റ്‌നാമിലെ സാംസങ്ങ് ഫാക്റ്ററിയില്‍ കലാപം; 13 പേര്‍ക്ക് പരുക്ക്

Posted By:

വിയറ്റ്‌നാമില്‍ സാംസങ്ങ് നിര്‍മിക്കുന്ന പുതിയ ഫാക്റ്ററിയുടെ നിര്‍മാണസ്ഥലത്ത് കലാപം. 11 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഫാക്റ്ററി നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളും അവിടുത്തെ സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തര്‍ക്കമാണ് വന്‍ അക്രമത്തില്‍ കലാശിച്ചത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി വിയറ്റ്‌നാമീസ് പോലീസ് പറഞ്ഞു.

വിയറ്റ്‌നാമിലെ തായ് ങ്ക്വയ്ന്‍ പ്രവിശ്യയിലാണ് സാംസങ്ങ് 3.2 ബില്ല്യന്‍ ഡോളര്‍ ചെലവഴിച്ച് ഹൈടെക് ഫാക്റ്ററി നിര്‍മിക്കുന്നത്. വൈകിവന്ന നിര്‍മാണത്തൊഴിലാളിയെ സെക്യൂരിറ്റി ജീവനക്കാര്‍ അകത്തേക്കു കടത്തിവിടാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമിട്ടത്. തുടര്‍ന്ന് ജീവനക്കാരന്‍ അതിക്രമിച്ച് ഉള്ളില്‍ കടക്കാന്‍ ശ്രമിച്ചു. ഇതോടെ സെക്യൂരിറ്റി ജീവനക്കാര്‍ ഇയാളെ മര്‍ദിക്കുകയായിരുന്നു.

സംഭവമറിഞ്ഞ് തൊഴിലാളികള്‍ സംഘടിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ തിരിയുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസിനു നേരെയും അക്രമണമുണ്ടായി. ഏകദേശം നാലുമണിക്കൂറിനു ശേഷമാണ് പോലീസിന് സ്ഥിതിഗതികള്‍ നിയന്ത്രിക്കാനായത്. ഏതാനും പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. നിരവധി കണ്ടെയ്‌നറുകളും ഇരുചക്ര വാഹനങ്ങളും തൊഴിലാളികള്‍ അഗ്നിക്കിരയാക്കി.

സംഭവം വളരെ ഗൗരവമായാണ് കാണുന്നതെന്നും വളരെ വേഗം അദ്വേഷണം പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം അക്രമം ഉണ്ടായതായി സ്ഥിരീകരിച്ച സാംസങ്ങ് അധികൃതര്‍ അതു നിര്‍മാണപ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല എന്നറിയിച്ചു. മാത്രമല്ല, ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് വിയറ്റ്‌നാമിലെ ഫാക്റ്ററിയുടെ നിര്‍മാണം ആരംഭിച്ചത്. ഇവിടെ സ്മാര്‍ട്‌ഫോണുകള്‍, ടാബ്ലറ്റ്, മൈക്രോ പ്രൊസസര്‍ എന്നിവ നിര്‍മിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഫാക്റ്ററിയിലെ അക്രമത്തിന്റെ വീഡിയോ ചുവടെ

<center><iframe width="100%" height="360" src="//www.youtube.com/embed/GHSmu_NOhLg?feature=player_detailpage" frameborder="0" allowfullscreen></iframe></center>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot