ഉറങ്ങാൻ അവധി തരാം, വേണ്ടെന്ന് പറയരുത്, ജീവനക്കാർക്ക് വേക്ക്ഫിറ്റിന്റെ അടിപൊളി ഓഫർ
ഉറങ്ങാൻ വേണ്ടി മാത്രം ജോലിയിൽ നിന്ന് ഒരു ദിവസം അവധി കിട്ടിയാൽ എത്ര രസകരമായിരിക്കും അല്ലേ. സാധാരണ ഒരു ജീവനക്കാരന് സ്വപ്നം മാത്രം കാണാൻ കഴിയുന്ന കാര്യമാണിത്. ഒരു ദിവസത്തെ ലീവിന് മാനേജർമാരുടെ കാല് പിടിക്കേണ്ടി വരുന്ന ഇക്കാലത്ത് ഉറങ്ങാൻ അവധിയോ എന്നാവും എല്ലാവരും ഇപ്പോൾ ആലോചിക്കുന്നത്.
ഓഫീസിൽ വന്നിരുന്ന് ഉറക്കം തൂങ്ങുന്ന സമയത്ത് ലീവ് എടുത്ത് ഉറങ്ങിയാലോ എന്ന് ചിന്തിച്ചിട്ടുള്ളവർ ഒരുപാടുണ്ടാകും. " തലവേദനയാണ് സാറേ ലീവ് വേണം " എന്നും പറഞ്ഞ് മാനേജരെ പറ്റിച്ച് ലീവ് എടുത്ത് വീട്ടിൽ കിടന്നുറങ്ങിയിട്ടുള്ള കവിയും ഉറങ്ങാൻ വേണ്ടി മാത്രം ലീവ് കിട്ടുന്ന ഒരു നല്ല നാളെ സ്വപ്നം കാണുന്നുണ്ട്. എല്ലാവരും സ്വപ്നം കാണുന്ന അത്തരമൊരു അവധി യാഥാർഥ്യമാക്കിയിരിക്കുകയാണ് ബംഗ്ളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു കമ്പനി.

മെത്തകളും ഫർണീച്ചറുകളും ഒക്കെ വിൽക്കുന്ന വേക്ക്ഫിറ്റ് എന്ന കമ്പനിയാണ് വേൾഡ് സ്ലീപ്പ് ഡേ ആഘോഷിക്കുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് " ഉറക്ക അവധി " പ്രഖ്യാപിച്ചിരിക്കുന്നത്. ഉറങ്ങാൻ വേണ്ടി അവധിയെടുക്കാൻ ജീവനക്കാരോട് ആവശ്യപ്പെട്ടുള്ള കമ്പനിയുടെ മെയിൽ നവമാധ്യമങ്ങളിൽ വൈറലാണ്. മെത്തകളും മറ്റും വിൽക്കുന്ന കമ്പനി സുഖകരമായ നിദ്രയെക്കുറിച്ചും അതിന്റെ ആവശ്യകതയേക്കുറിച്ചുമൊക്കെയാണ് ഈ മെയിലിൽ വിശദീകരിക്കുന്നത്.
കമ്പനി ജീവനക്കാർക്ക് അയച്ച ഇമെയിലിൽ ഇങ്ങനെ പറയുന്നു, "ലോക നിദ്ര ദിനം പ്രമാണിച്ച്, എല്ലാ വേക്ക്ഫിറ്റ് ജീവനക്കാർക്കും 2023 മാർച്ച് 17-ന് ഒരു ദിവസം വിശ്രമം അനുവദിക്കുകയാണ് - ഒരു നീണ്ട വാരാന്ത്യം കൂടിയായതിനാൽ ആവശ്യമായ വിശ്രമം നേടുന്നതിന് ഇതൊരു മികച്ച അവസരമാണ്." വേക്ക്ഫിറ്റിലെ എല്ലാ ജീവനക്കാർക്കും മാർച്ച് 17 ഓപ്ഷണൽ ഹോളിഡേയായി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. താത്പര്യമുള്ളവർക്കെല്ലാം എച്ച്ആർ പോർട്ടലിൽ അവധിക്ക് അപേക്ഷിക്കാമെന്നും വേക്ക്ഫിറ്റ് ജീവനക്കാർക്ക് അയച്ച മെയിലിൽ പറയുന്നുണ്ട്.

കമ്പനി ജീവനക്കാർക്ക് അയച്ച മെയിലിന്റെ പൂർണ രൂപം : അന്താരാഷ്ട്ര നിദ്ര ദിനത്തിന്റെ ഭാഗമായി, മാർച്ച് 17 വെള്ളിയാഴ്ച ദിവസം എല്ലാ വേക്ക്ഫിറ്റ് ജീവനക്കാർക്കും ഒരു ഓപ്ഷണൽ അവധി ദിനമായി പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഉറക്കം ഇഷ്ടപ്പെടുന്നവർ എന്ന നിലയിൽ, ഈ ദിനം ഞങ്ങൾ ഒരു ഉത്സവമായി കണക്കാക്കുന്നു, പ്രത്യേകിച്ചും അത് ഒരു വെള്ളിയാഴ്ച ദിവസം കൂടിയാകുമ്പോൾ! എച്ച്ആർ പോർട്ടലിലൂടെ മറ്റേതൊരു അവധിക്കാലത്തെയും പോലെ നിങ്ങൾക്ക് ഇത് പ്രയോജനപ്പെടുത്താൻ കഴിയും.
കമ്പനിയുടെ ഗ്രേറ്റ് ഇന്ത്യൻ സ്ലീപ്പ് സ്‌കോർകാർഡിന്റെ ആറാമത്തെ എഡിഷൻ പ്രകാരം ജോലി സമയങ്ങളിൽ ഉറക്കം വരുന്നവരുടെ എണ്ണത്തിൽ 21 ശതമാനം വർധനവുണ്ട്. അത് പോലെ ക്ഷീണിതരായ ആളുകളുടെ എണ്ണത്തിൽ 11 ശതമാനം വർധനവും കാണിക്കുന്നുണ്ട്. ഉറക്കമില്ലായ്മ വ്യാപിക്കുന്നത് കണക്കിലെടുക്കുമ്പോൾ, നിദ്ര ദിനം ആഘോഷിക്കാൻ ഉറക്കത്തെക്കാളും വലിയ സമ്മാനമെന്തുണ്ട്?
നന്നായി വിശ്രമിച്ച നിങ്ങളെ തിങ്കളാഴ്ച ദിവസം കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, ചിയേഴ്സ്!
ഹ്യൂമൻ റിസോഴ്സസ്

WakeFit : കമ്പനിയുടെ പേര് പോലെ തന്നെ, ജീവനക്കാർക്ക് നല്ല വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന സ്ഥാപനമാണ്. ഇതിന്റെ ഭാഗമായി കമ്പനി ആരംഭിച്ച പോളിസിയാണ് "റൈറ്റ് ടു നാപ്പ്". ജീവനക്കാർക്ക് ജോലി സമയത്ത് തന്നെ 30 മിനിറ്റ് പവർ നാപ്പ് എടുക്കാൻ അനുവദിക്കുന്നതാണ് റൈറ്റ് ടു നാപ്പ് ഇനിഷ്യേറ്റീവ്. ജോലിക്കിടെ അര മണിക്കൂർ ഉറങ്ങാമെന്ന് സാരം. വേക്ക്ഫീറ്റിന്റെ ഈ നടപടി കൂടുതൽ കമ്പനികൾക്ക് തൊഴിലാളികളുടെ ആരോഗ്യം ശ്രദ്ധിക്കാൻ പ്രചോദനമാകുമെന്നും പ്രതീക്ഷിക്കാം.


Click it and Unblock the Notifications







