ആകാശത്തിന് ഒരു അവകാശികൂടി! ലോകത്തെ ആദ്യ പറക്കും കാറിന് അനുമതിയായി; 100% ഇലക്ട്രിക്, 177Kms ഫ്ലൈയിങ് റേഞ്ച്!
ആകാശത്തിന് അവകാശികളായി ഇനി പറക്കും കാറുകളും എത്തുന്നു. അമേരിക്കൻ ഓട്ടോമോട്ടീവ്, ഏവിയേഷൻ കമ്പനിയായ അലഫ് എയറോനോട്ടിക്സ് വികസിപ്പിച്ച പറക്കും കാറിന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ ( എഫ്എഎ ) പ്രത്യേക അനുമതി ലഭിച്ചതായി ഏവിയേഷൻ നിയമ സ്ഥാപനമായ എയ്റോ ലോ സെന്റർ അറിയിച്ചു.
അമേരിക്കയിൽ ഇനി അലഫ് കമ്പനിയുടെ കാറുകൾക്ക് പറക്കാം എന്നാണ് ഈ അനുമതി അർഥമാക്കുന്നത്. ഒരു പറക്കും കാറിന് ( Flying Car ) ഇതാദ്യമായാണ് അമേരിക്കയിൽ ഇത്തരമൊരു അനുമതി ലഭിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മോഡൽ എ എന്നാണ് അലഫിന്റെ ഈ കാർ അറിയപ്പെടുന്നത്.

റോഡുകളിൽ ഓടിക്കാനും ആകാശത്ത് പറക്കാനും കഴിയുന്ന പൂർണ്ണമായും പ്രവർത്തനക്ഷമമായ ഒരു ഇലക്ട്രിക് കാർ ആണ് അലഫിന്റെ മോഡൽ എ. ഒരു കാർ പറക്കാനുള്ള അനുമതി നേടിയത് കാറുകളുടെ വികാസ പരിണാമത്തിലെ പുതിയ നാഴികക്കല്ലാണെന്നും അതിനാൽത്തന്നെ ഈ അനുമതി ചരിത്രപരമാണ് എന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
റോഡിൽ ഓടിക്കാനും ട്രാഫിക്കിന് മുകളിലൂടെ പറക്കാനും കഴിയുന്ന ഈ കാറിന് 200 മൈൽ ( 322 കിലോമീറ്റർ ) ഡ്രൈവിംഗ് റേഞ്ചും 110 മൈൽ ( 177 കിലോമീറ്റർ ) പറക്കാനുള്ള റേഞ്ചും ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. പൂർണ്ണമായും ഇലക്ട്രിക് ആയ ഈ കാറിന് പരമാവധി രണ്ട് യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്.

ഈ ട്രാഫിക്-ഫ്ലൈയിംഗ് കാറിന്റെ നിലവിലെ വില ഏകദേശം 300,000 ഡോളർ ആണെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 2025 അവസാനത്തോടെ ഈ പറക്കും കാറുകൾ ഉപഭോക്താക്കൾക്ക് എത്തിക്കാനാണ് അലഫ് ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും സാധാരണ റോഡുകളിൽ ഉപയോഗിക്കാൻ സാധിക്കുംവിധമാണ് ഈ പറക്കുംകാർ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് കമ്പനി വെബ്സൈറ്റിൽ പറയുന്നു.
മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നപോലെ തന്നെ ഈ കാറും ഗാരേജിലും പാർക്കിങ്ങുകളിലും പാർക്ക് ചെയ്യാമെന്നും അലഫ് വെബ്സൈറ്റിൽ വിവരിക്കുന്നു. 2022 ഒക്ടോബറിൽ തന്നെ കമ്പനി ഈ പറക്കും കാറിന്റെ പ്രീസെയിലുകൾ ആരംഭിച്ചതായും ഇതിനകം 440-ലധികം റിസർവേഷനുകൾ ലഭിച്ചതായും അലഫ് റിപ്പോർട്ട് ചെയ്യുന്നു.
ഇലക്ട്രിക്കൽ വെർട്ടിക്കൽ ടേക്ക്ഓഫ് ലാൻഡിംഗ് ( eVTOL ) വാഹനങ്ങൾക്കായുള്ള നയങ്ങളിൽ എഫ്എഎ സജീവമായി പ്രവർത്തിക്കുന്നതായി പറക്കാനുള്ള അനുമതി ലഭിച്ചത് അറിയിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ അലഫ് പറയുന്നു. ഇവിടിഒഎല്ലുകൾക്കും ഗ്രൗണ്ട് ഇൻഫ്രാസ്ട്രക്ചറുകൾക്കും ഇടയിലുള്ള ഇടപെടലുകൾ നിയന്ത്രിക്കാനും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ശ്രമിക്കുന്നുണ്ടെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

കാലിഫോർണിയയിലെ സാൻ മാറ്റിയോ ആസ്ഥാനമാക്കിയാണ് അലഫ് എയറോനോട്ടിക്‌സ് പ്രവർത്തിക്കുന്നത്. ടെക്നോളജി മേഖലയിൽ വൈദഗ്ധ്യമുള്ള ഡോ. കോൺസ്റ്റന്റൈൻ കിസ്ലി, പാവൽ മാർക്കിൻ, ഒലെഗ് പെട്രോവ്, ജിം ദുഖോവ്നി എന്നിവർ ചേർന്ന് 2015ൽ ആണ് കമ്പനി സ്ഥാപിച്ചത്. തുടർന്ന് കാർ പോലെ ഡ്രൈവ് ചെയ്യാനും പറക്കാനും കഴിവുള്ള കാറിന്റെ ആദ്യ പ്രോട്ടോടൈപ്പ് 2016-ൽ കമ്പനി നിർമിച്ചു.
2019 മുതൽ കമ്പനി പറക്കും കാറുകളുടെ പ്രോട്ടോടൈപ്പുകൾ ടെസ്റ്റ്-ഡ്രൈവിംഗ് നടത്തുകയും പരീക്ഷിക്കുകയും ചെയ്യുന്നു. നാല് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന പറക്കും കാർ മോഡൽ നിർമിക്കാനുള്ള ശ്രമങ്ങളും കമ്പനി നടത്തിവരികയാണ്. ചരിത്രത്തിലെ ആദ്യത്തെ യഥാർത്ഥ പറക്കുന്ന കാർ എത്തിക്കാനാണ് അലഫ് ലക്ഷ്യമിടുന്നത് എന്ന് അലഫിന്റെ സിഇഒ ജിം ദുഖോവ്‌നി ഈ വർഷത്തിന്റെ തുടക്കത്തിത്തന്നെ പറഞ്ഞിരുന്നു.


Click it and Unblock the Notifications








