ലാപ്‌ടോപ്പ്, ഇലക്ട്രിക് വാഹനങ്ങള്‍, പേയ്‌മെന്റ് ബാങ്ക്..... ഇന്ത്യ പിടിക്കാനൊരുങ്ങി ഷവോമി

Posted By: Lekshmi S

ലോകത്തിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ട് അപ്പാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ സാംസങിനൊപ്പമാണ് ഷവോമിയുടെയും സ്ഥാനം.

ലാപ്‌ടോപ്പ്, ഇലക്ട്രിക് വാഹനങ്ങള്‍, പേയ്‌മെന്റ് ബാങ്ക്....

ഇന്ത്യന്‍ വിപണയില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയില്‍ നിന്ന് കരുത്തുള്‍ക്കൊണ്ട് പുതിയ മേഖലകളിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.

ബീജിംഗ് ആസ്ഥാനമായ ഷവോമി വൈദ്യുതിയില്‍ ഓടുന്നതും അല്ലാത്തതുമായ എല്ലാത്തരം വാഹനങ്ങളും വിപണിയിലിറക്കാന്‍ പദ്ധതിയിടുന്നതായി കമ്പനി രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ സമര്‍പ്പിച്ച രേഖകള്‍ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍, പേയ്‌മെന്റ് ബാങ്ക്, പേയ്‌മെന്റ് ഗേറ്റ്‌വേ തുടങ്ങിയ ധനകാര്യ സേവനരംഗത്തേക്കും മൊബൈല്‍ വിര്‍ച്വല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍ ബിസിനസ്സിലേക്കും കടക്കാന്‍ ഷവോമി ആലോചിക്കുന്നതായും സൂചനയുണ്ട്.

ഗെയിമിംഗ് കണ്‍സോളുകള്‍, ലാപ്‌ടോപ്പ്, ലൈഫ്‌സ്റ്റൈല്‍ ഉത്പന്നങ്ങള്‍, കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍, നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍ മുതലായവയാണ് ഷവോമി ഇന്ത്യയില്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന മറ്റ് ഉത്പന്നങ്ങള്‍. കളിപ്പാട്ടങ്ങള്‍, ബാക്ക്പാക്കുകള്‍, തുണിത്തരങ്ങള്‍, സ്യൂട്ട്‌കെയ്‌സുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിലും വിപണത്തിലും സജീവമാകാനും കമ്പനി ആലോചിക്കുന്നുണ്ട്.

ആന്‍ഡ്രോയിഡ് ഫോണില്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ച് എങ്ങനെ ഫോട്ടോകള്‍ എടുക്കാം?

ചൈനയില്‍ ഷവോമി മടക്കിവയ്ക്കാന്‍ കഴിയുന്ന ഇലക്ട്രിക് സൈക്കിളുകളും ബൈക്കുകളും പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ടെലിവിഷനുകള്‍, ടാബ്ലറ്റുകള്‍, ലാപ്‌ടോപ്പുകള്‍, ബ്ലെഡ് പ്രെഷര്‍ മോണിറ്റര്‍, ഇലക്ട്രിക് ടൂത്ത്ബ്രഷുകള്‍ മുതലായ നിരവധി ഉത്പന്നങ്ങള്‍ ഷവോമി ഇപ്പോള്‍ തന്നെ ചൈനയില്‍ വില്‍ക്കുന്നുണ്ട്.

എയര്‍ കണ്ടീഷനര്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, വാട്ടര്‍ പ്യൂരിഫയറുകള്‍, വാക്വം ക്ലീനര്‍ എന്നിവയും ചൈനയില്‍ കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്. ഷവോമി ചൈനയില്‍ വില്‍ക്കുന്ന പ്രധാന ലൈഫ്‌സ്റ്റൈല്‍ ഉത്പന്നങ്ങള്‍ ഷൂ, ബാഗുകള്‍, ബെഡ്ഡിംഗ്, വസ്ത്രങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍ മുതലായവയാണ്.

രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ ഷവോമി സമര്‍പ്പിച്ചിരിക്കുന്ന പുതിയ രേഖകള്‍ പ്രകാരം ഈ ഉത്പന്നങ്ങളെല്ലാം കമ്പനി ഇന്ത്യയില്‍ ഓഫ്‌ലൈനായും ഓണ്‍ലൈനായും വില്‍ക്കും.

സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം മറ്റ് ഉത്പന്നങ്ങളും ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ തങ്ങള്‍ പലതവണ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ഷവോമി വക്താവ് പറഞ്ഞു. എന്നാല്‍ ഇന്ത്യയിലെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ശരിയായ ഉത്പന്നങ്ങള്‍ മാത്രമേ വിപണിയിലെത്തിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Xiaomi appears to be in plans of selling electric vehicles, payments bank, and more in India soon.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot