മിജിയ പ്ലസ്: വെടിവച്ചാൽ വെള്ളം! ഷവോമിയുടെ സയൻസ് ഫിക്ഷൻ ഡിവൈസ് ഇന്റർനെറ്റിൽ തരംഗമാകുന്നു! വീഡിയോ
സാമൂഹിക മാധ്യമങ്ങളിലൂടെ സ്ക്രോൾ ചെയ്യുന്നതിനിടയിൽ ഒരു പക്ഷേ ഒരു വെളുത്ത തോക്കിനെക്കുറിച്ചുള്ള വീഡിയോ നിങ്ങളും കണ്ടിരിക്കാം. ഇതുവരെ കണ്ടില്ലെങ്കിൽ ഇനി ഒരുപക്ഷേ ധാരാളമായി കാണുകയും ചെയ്തേക്കാം. സയൻസ് ഫിക്ഷൻ സിനിമകളിലും മറ്റും കാണുന്ന വിധത്തിലുള്ള ഈ വെളുത്ത തോക്ക് ആരിലും കൗതുകമുണർത്തും.
ഇപ്പോൾ ഇന്റർനെറ്റ് അടക്കിഭരിക്കുന്നത് ഈ വീഡിയോ ആണെന്ന് പറയാം. ഈ വീഡിയോയിലുള്ള വെളുത്ത വലിയ തോക്ക് സയൻസ് ഫിക്ഷൻ സിനിമകളിൽ കാണുന്ന വിധത്തിലുള്ള ഒരുപാട് സവിശേഷതകളുള്ള തോക്കുകളെ അനുസ്മരിപ്പിക്കുന്നു. പക്ഷേ ആശ്ചര്യപ്പെടേണ്ടതില്ല. ഇത് ഷവോമിയുടെ പുത്തൻ ടോയ് ഗൺ ആണ്. പേര് മിജിയ പ്ലസ് വാട്ടർഗൺ.

ഷവോമി എന്നു കേട്ടാൽ ഇന്ത്യക്കാർക്ക് ടിവി, സ്മാർട്ട്ഫോൺ തുടങ്ങിയ ഉപകരണങ്ങളൊക്കെയാകും ഓർമ്മ വരുക. എങ്കിൽ കേട്ടുകൊള്ളൂ, ഷവോമിയുടെ പുതിയ പ്രോഡക്ട് ആണ് മിജിയ പ്ലസ് വാട്ടർഗൺ. ഒരേ സമയം ഇതൊരു കളിപ്പാട്ടമെന്ന നിലയിലും എന്നാൽ ഉപയോഗപ്രദമായ ഒരു ഡിവൈസ് ആയും പരിഗണിക്കാൻ സാധിക്കും.
കാഴചയിൽ കാണുന്ന ആകർഷകത്വം പോലെ തന്നെ ഒട്ടേറെ സവിശേഷതകൾ ഈ ഷവോമി മിജിയ പ്ലസ് വാട്ടർ ഗണ്ണിലുണ്ട്. അക്വാമാനിൽ നിന്നുള്ള ബ്ലാക്ക് മാന്റയുടെ ഹൈഡ്രോ-പ്ലാസ്മ റൈഫിളിനോട് സാമ്യമുള്ള ഈ വാട്ടർ ഗണ്ണിൽ മൂന്ന് വ്യത്യസ്ത മോഡുകളിൽ വെള്ളം ഷൂട്ട് ചെയ്യാൻ കഴിയും.
തുടർച്ചയായി, അല്ലെങ്കിൽ ഓരോന്നായി, അല്ലെങ്കിൽ ഇടവിട്ട് എന്നീ മോഡുകളിൽ വെള്ളം ഷൂട്ട് ചെയ്യാം. 7 മുതൽ 9 മീറ്റർ വരെ ദൂരത്തിൽ സെക്കൻഡിൽ പരമാവധി വേഗതയിൽ 25 വാട്ടർ ബോംബുകൾ വർഷിക്കാൻ ഈ ടോയ് ഗണ്ണിന് സാധിക്കും. 10 മുതൽ 15 സെക്കൻഡുകൾക്കുള്ളിൽ ഏത് സ്രോതസ്സിൽ നിന്നും വെള്ളം വലിച്ചെടുത്ത് ഇതിലെ ടാങ്ക് നിറയ്ക്കാം.
തോക്കിനുള്ളിലെ വെള്ളത്തിന്റെ നിലയും മോഡും കാണിക്കുന്ന ഹൈ-ഡെഫനിഷൻ ഡിസ്‌പ്ലേയും ഷവോമി മിജിയ പ്ലസ് വാട്ടർ ഗണ്ണിൽ ഉണ്ട്. ചൈനയിൽ ആണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. വാട്ടർ ഗണ്ണുകൾ ചൈനയിലെ ഒരു പ്രധാന ബിസിനസ് ആണെന്ന് തന്നെ പറയാം. കളിപ്പാട്ടം എന്ന നിലയിലുപരി ഉപയോഗപ്രദമായ ഒരു ഡിവൈസ് എന്ന നിലയിലും ഇത് ഉപയോഗിക്കാം.
ഒരു ക്ലീനിങ് ഡിവൈസ് എന്ന നിലയിൽക്കൂടിയാണ് ഷവോമി മിജിയ പൾസ് വാട്ടർ ഗൺ അവതരിപ്പിക്കുന്നത്. ഉപയോക്താക്കൾക്ക് തങ്ങളുടെ കാർ, വിൻഡോകൾ, തറ, എന്നിവ കഴുകാനും വളർത്തുമൃഗങ്ങളെ ഉൾപ്പെടെ വൃത്തിയാക്കാനും ഈ ഡിവൈസ് ഉപയോഗിക്കാൻ സാധിക്കും. ഷവോമി മിജിയ പൾസ് വാട്ടർ ഗൺ ഒറ്റ ചാർജിൽ തുടർച്ചയായി 40 മിനിറ്റ് ഉപയോഗിക്കാൻ സാധിക്കും.

1,800 mAh ലിഥിയം ബാറ്ററിയാണ് ഇതിനുള്ളിലുള്ളത്. യുഎസ്ബി ടൈപ്പ്-സി വഴി 10W ചാർജിങ് പിന്തുണയോടെയാണ് ഷവോമി മിജിയ പ്ലസ് വാട്ടർ ഗൺ എത്തുന്നത്. തങ്ങളുടെ ഗാർഹിക, ഉപഭോക്തൃ ഇലക്ട്രോണിക്‌സ് വിപുലീകരിക്കുന്ന പദ്ധതികളുടെ ഭാഗമാണ് ഷവോമി മിജിയ പൾസ് വാട്ടർ ഗൺ പുറത്തിറക്കിയിരിക്കുന്നത്.
സ്മാർട്ട് ടിവികൾ, ലാപ്‌ടോപ്പുകൾ, എയർ പ്യൂരിഫയറുകൾ, വാക്വം ക്ലീനറുകൾ, ഇലക്ട്രിക് സ്‌കൂട്ടറുകൾ തുടങ്ങി നിരവധി ഡിവൈസുകൾ ഇതിനോടകം ഷവോമി പുറത്തിറക്കിയിട്ടുണ്ട്. മിജിയ പ്ലസിലൂടെ കമ്പനി ഈ നിര വിപുലീകരിക്കുന്നു എന്നുമാത്രം. ഏപ്രിൽ 19 മുതൽ 26 വരെ നടന്ന ഒരു ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്‌നിലാണ് ഷവോമി മിജിയ പൾസ് വാട്ടർ ഗൺ അവതരിപ്പിച്ചത്.
മറ്റ് മിക്ക ഷവോമി ഡിവൈസുകളെയും പോലെ ചൈനയിൽ മാത്രമാണ് കമ്പനി മിജിയ പൾസ് വാട്ടർ ഗൺ അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ ചില അനൗദ്യോഗിക ചാനലുകൾ വഴി ഇത് മറ്റ് പ്രദേശങ്ങളിലും ലഭ്യമാണ്. അതായത്, അലി എക്സ്പ്രസ് പോലുള്ള പ്ലാറ്റ്ഫോമുകൾ വഴി ഇത് വാങ്ങാൻ സാധിക്കും. ഇവിടങ്ങളിൽ ഏകദേശം ഏകദേശം 25,000 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
Image credit: Xiaomi Alibaba


Click it and Unblock the Notifications








