ഇനി വേഗം ഉറങ്ങാം! സുഖമുള്ള ചൂട് പകരാൻ സ്മാർട്ട് ഇലക്ട്രിക് ബ്ലാങ്കറ്റുമായി ഷവോമി
മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവിതചര്യയിലെ ഒഴിച്ചുകൂടാനാകത്ത ഒന്നാണ് ഉറക്കം. തങ്ങളുടെ ആയുസിന്റെ മൂന്നിലൊരുഭാഗം മനുഷ്യർ ഉറക്കത്തിലായിരിക്കും. മനുഷ്യന്റെ ആരോഗ്യവും ഉറക്കവുമായി ഏറെ ബന്ധമുണ്ട്. മതിയായ ഉറക്കം ലഭിക്കാത്തത് ശരീരത്തിന്റെ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്നതിലേക്കാണ് ചെന്നെത്തുക. അത്തരം താളപ്പിഴകൾ ഒഴിവാക്കാൻ നിശ്ചിത സമയത്തേക്ക് ഉറക്കം ഉറപ്പാക്കിയേ മതിയാകൂ.
ഉറക്കത്തിന്റെ ഈ പ്രാധാന്യം കണക്കിലെടുത്ത് മനുഷ്യന്റെ ഉറക്കം എങ്ങനെ സുഖകരമാക്കാം എന്ന ചിന്തകൾ പലവഴിക്കും നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി രസകരമായ പല ഡിവൈസുകളും സൃഷ്ടിക്കപ്പെടാറുമുണ്ട്. സ്മാർട്ട്ഫോൺ നിർമാണ രംഗത്തെ പ്രമുഖരും ചൈനീസ് ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമാതാക്കളുമായ ഷവോമി അത്തരം ഒരു രസികൻ ഡിവൈസ് പുറത്തിറക്കിയിട്ടുണ്ട്.

മിജിയ സ്മാർട്ട് ഇലക്ട്രിക് ബ്ലാങ്കറ്റ് ( Mijia Smart Electric Blanket ) എന്നാണ് ഉറക്കത്തെ സഹായിക്കാനുള്ള ഷവോമിയുടെ ഈ ഡിവൈസിന്റെ പേര്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇത് ഒരു ഇലക്ട്രിക് ബ്ലാങ്കറ്റ് ആണ്. 140W ഡ്യുവൽ-സോൺ ഇൻഡിപെൻഡന്റ് ഹീറ്റിംഗ് സഹിതമാണ് ഈ ബ്ലാങ്കറ്റ് എത്തുന്നത്.
ഉപയോക്താക്കൾക്ക് തങ്ങളുടെ താൽപര്യം അനുസരിച്ച് ഈ ബ്ലാങ്കറ്റിന്റെ താപനില ക്രമീകരിക്കാൻ സാധിക്കുമെന്ന് ഷവോമി പറയുന്നു. മിജിയ ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് വ്യത്യസ്‌ത സ്ലീപ്പിംഗ് കാലയളവുകൾക്കായി വ്യത്യസ്‌ത താപനിലകൾ പ്രീസെറ്റ് ചെയ്യാൻ കഴിയും. ഉപയോക്താക്കളുടെ സുരക്ഷയും ഉപയോഗിക്കാനുള്ള സൗകര്യവും കണക്കിലെടുത്താണ് ഈ ബ്ലാങ്കറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് ഷവോമി പറയുന്നു.

ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനായി ട്രിപ്പിൾ ഇൻസുലേഷൻ ഡിസൈനിലാണ് ഇത് നിർമിച്ചിരിക്കുന്നത്. കൂടാതെ ഓവർ ടെമ്പറേച്ചർ, ഷോർട്ട് സർക്യൂട്ട്, ഓവർലോഡ്, ഓവർകറന്റ്, മിന്നൽ സ്‌ട്രൈക്ക്, ലോ-ടെമ്പറേച്ചർ ബേൺ, ചൈൽഡ് ലോക്ക് പ്രൊട്ടക്ഷൻ എന്നിവയുൾപ്പെടെ വിവിധ സുരക്ഷാ ഫീച്ചറുകൾ ഷവോമി മിജിയ സ്മാർട്ട് ഇലക്ട്രിക് ബ്ലാങ്കറ്റിൽ സജ്ജീകരിച്ചിരിക്കുന്നു.
പുതിയ കാലത്തിന്റെ ടെക്നോളജിയായ എഐ പിന്തുണയും ഈ ബ്ലാങ്കറ്റിൽ ഉറപ്പാക്കിയിട്ടുണ്ട്. XiaoAI ഉപയോഗിച്ച് വോയ്‌സ് കമാൻഡുകൾ വഴി ഇത് നിയന്ത്രിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. കൂടാതെ മിജിയ ആപ്പ് വഴി ബ്ലാങ്കറ്റിന്റെ പ്രവർത്തനം ഷെഡ്യൂൾ ചെയ്യാനും മറ്റ് ഷവോമി സ്മാർട്ട് ഉപകരണങ്ങളുമായി സംയോജിപ്പിക്കാനും കഴിയും.
എബി ഡ്യുവൽ സോൺ ഇൻഡിപെൻഡന്റ് സർക്യൂട്ടുകൾക്കൊപ്പം, ബ്ലാങ്കറ്റ് ഇടത്, വലത് സോണുകൾക്ക് വ്യത്യസ്ത ടെമ്പറേച്ചർ നൽകാൻ കഴിയും. അതായത് ഒരു ബ്ലാങ്കറ്റ് രണ്ട് പേർ ഉപയോഗിക്കുന്നുണ്ട് എങ്കിൽ രണ്ട് പേർക്കും അവരവരുടെ താൽപര്യത്തിന് അനുസരിച്ച് ബ്ലാങ്കറ്റിന്റെ ഇടതുവശത്തും വലതുവശത്തും വ്യത്യസ്ത ടെമ്പറേച്ചർ സെറ്റ് ചെയ്യാൻ കഴിയും.

15 മണിക്കൂർ ഓട്ടോമാറ്റിക് സ്റ്റാൻഡ്‌ബൈ പിന്തുണയോടെയാണ് ഈ ഇലക്ട്രിക് ബ്ലാങ്കറ്റ് എത്തുന്നത്. ഇത് അലക്കുന്ന കാര്യമോർത്തും വിഷമിക്കേണ്ട എന്ന് ഷവോമി പറയുന്നു. ഇത് മെഷീൻ ഉപയോഗിച്ച് കഴുകാൻ കഴിയും. യാതൊരു കുഴപ്പവും കൂടാതെ 25,000 തവണയിലധികം വളയാൻ ഈ ബ്ലാങ്കറ്റിന് ശേഷിയുണ്ട്.
വ്യത്യസ്ത താപനിലകൾ മുൻകൂട്ടി സജ്ജമാക്കാൻ കഴിയും എന്നത് കൂടാതെ ആറ് തലത്തിലുള്ള താപനില സെറ്റിങ്സിനെയും ബ്ലാങ്കറ്റ് പിന്തുണയ്ക്കുന്നു. വൺ ക്ലിക്ക് മൈറ്റ് റിമൂവൽ/ ഡ്രൈയിങ് മോഡ്, ഒരു ഡിജിറ്റൽ ഹാൻഡ് കൺട്രോൾ, സൗകര്യപ്രദമായ പ്ലഗ്ഗബിൾ വയറിംഗ് പോർട്ട് എന്നിവ ഈ ഷവോമി ബ്ലാങ്കറ്റിൽ ഉൾപ്പെടുന്നു.
തണുപ്പുള്ള മാസങ്ങളിൽ ഉപയോക്താക്കൾക്ക് ഈ ബ്ലാങ്കറ്റ് കൂടുതലായി ഉപയോഗപ്പെടും എന്നാണ് ഷവോമി കണക്കുകൂട്ടുന്നത്. ഈ സ്മാർട്ട് ബ്ലാങ്കറ്റിന്റെ റീട്ടെയിൽ വില ഏകദേശം 229 യുവാൻ ($32) ആണ്. എന്നാൽ ഡിസംബർ 20 മുതൽ 27 വരെ 189 യുവാൻ ($27) വിലയിൽ ഇത് പ്രീ ഓർഡർ ചെയ്യാൻ സാധിക്കും.


Click it and Unblock the Notifications






