ഷവോമി ഫോണുകളിൽ 13 വർഷത്തെ എംഐയുഐ യുഗത്തിന് അന്ത്യമാകുന്നു! പുതിയ HyperOS പ്രഖ്യാപിച്ചു
ഷവോമിയുടെ പര്യായമായി മാറിയ ഒഎസ് ആണ് എംഐയുഐ (MIUI). എംഐ യൂസർ ഇന്റർഫേസ് എന്ന എംഐയുഐ ഷവോമി ഫോണുകളിൽ ഇടംപിടിച്ചിട്ട് ഏതാണ്ട് പതിമൂന്ന് വർഷമായി. ഇപ്പോൾ പോലും ഷവോമി ഫോണുകൾ എത്തുന്നത് എംഐയുഐ ഒഎസ് അടിസ്ഥാനമാക്കിയാണ്. എന്നാൽ ഷവോമി 14 സീരീസ് എത്തുന്നതോടെ കഥ മാറുകയാണ്.
13 വർഷത്തെ എംഐയുഐ ബന്ധം ഉപേക്ഷിച്ച് ഷവോമി ഫോണുകൾ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് മാറുകയാണ് എന്ന് കമ്പനി പ്രഖ്യാപിച്ചു. ഇതിന് പകരമായി ഹൈപ്പർഒഎസ് ( HyperOS) എന്ന പുതിയ സോഫ്ട്വെയർ ആണ് ഷവോമി അവതരിപ്പിക്കുക. ഇക്കാര്യം കമ്പനി തന്നെ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഷവോമി പുറത്തിറക്കാൻ ഒരുങ്ങുന്ന ഷവോമി 14 സീരീസ് സ്മാർട്ട്ഫോണുകളിലൂടെയാകും ഈ പുതിയ മാറ്റം അരങ്ങേറുക എന്ന് വിശ്വസിക്കപ്പെടുന്നു. ഷവോമി സിഇഒ ലീ ജുൻ ( Lei Jun ) ആണ് ട്വിറ്ററിലൂടെ ഈ ചരിത്രമാറ്റത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഹൈപ്പർഒഎസ് എന്നാണ് പുതിയ ഒഎസിന്റെ പേര് എന്നതിന് അപ്പുറം മറ്റ് വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.
"ഇന്ന് ഒരു ചരിത്ര നിമിഷം അടയാളപ്പെടുത്തുന്നു. വർഷങ്ങളുടെ കൂട്ടായ പ്രവർത്തനത്തിന് ശേഷം, ഞങ്ങളുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ #XiaomiHyperOS, #Xiaomi14Series-ൽ അതിന്റെ ഔദ്യോഗിക അരങ്ങേറ്റം നടത്താൻ ഒരുങ്ങുകയാണ്" എന്ന് പുതിയ ഒഎസിന്റെ വരവ് പ്രഖ്യാപിച്ചുകൊണ്ട് ഷവോമി തലവൻ ലീ ജുൻ ട്വിറ്ററിൽ കുറിച്ചു.
ആൻഡ്രോയിഡിന്റെയും കമ്പനി സ്വയം വികസിപ്പിച്ച ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെയും ഏറ്റവും മികച്ച സംയോജനമായിരിക്കും ഹൈപ്പർഒഎസ് എന്ന് വരാനിരിക്കുന്ന ഒഎസിനെപ്പറ്റി ചൈനീസ് സാമൂഹികമാധ്യമമായ വെയ്‌ബോയിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിൽ വിവരിക്കുന്നു. ഹൈപ്പർഒഎസ് അടിസ്ഥാന ആർക്കിടെക്ചർ പൂർണ്ണമായും മാറ്റിയെഴുതുകയും ഇന്റർനെറ്റിനായി ഒരു പൊതു അടിത്തറ തയ്യാറാക്കുകയും ചെയ്യുന്നു എന്ന് ജുൻ പറയുന്നു.
ഭാവിയിൽ കോടിക്കണക്കിന് ഉപകരണങ്ങൾക്കും ദശലക്ഷക്കണക്കിന് കണക്ഷനുകൾക്കും വേണ്ടതെല്ലാം ഇതിലുണ്ട് എന്നാണ് ജുൻ പറയുന്നത്. പുതിയൊരു മാറ്റം നടത്തുന്നതിലൂടെ ഷവോമി ഫോണുകൾ അടുത്ത തലത്തിലേക്ക് ഉയരാൻ തയാറെടുത്തിരിക്കുകയാണ് എന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഷവോമി 14 സീരീസ് ഫോണുകൾക്കായുള്ള കാത്തിരിപ്പിന് പുതിയൊരു കാരണം സമ്മാനിക്കാൻ ഹൈപ്പർഒഎസ് പ്രഖ്യാപനം വഴിയൊരുക്കി.
ഷവോമി 14 സീരീസ് ഫോണിലൂടെ ഹൈപ്പർഒഎസ് പരീക്ഷിക്കാൻ ഉപയോക്താക്കൾക്ക് അവസരമൊരുങ്ങും. രണ്ട് സ്മാർട്ട്ഫോൺ മോഡലുകൾ അടങ്ങുന്നതാണ് ഷവോമി 14 സീരീസ് എന്നാണ് റിപ്പോർട്ട്. ഷവോമി 14 ( Xiaomi 14), ഷവോമി 14 പ്രോ (Xiaomi 14 Pro) എന്നിവയാണ് അവ.

ഷവോമി 14 സീരീസിന്റെ ലോഞ്ച് തീയതി കൃത്യമായി കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ ഒക്ടോബർ 24 ന് ക്വാൽക്കോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രോസസർ ലോഞ്ച് ചെയ്യുന്നുണ്ട്. ഇതിന് ശേഷം ഷവോമി 14 പുറത്തുവരുമെന്നാണ് റിപ്പോർട്ട്. ചൈനയിലെ ഏറെ പ്രാധാന്യമുള്ള ഒരു തീയതിയാണ് നവംബർ 11.
സിംഗിൾസ് ഡേ എന്നും നവംബർ 11 ചൈനയിൽ അറിയപ്പെടുന്നു. ചൈനയിലെ ജനപ്രിയ ഷോപ്പിങ് ഫെസ്റ്റിവലുകളിൽ ഒന്നായ ഡബിൾ ഇലവൻ സെയിൽസ് ഇവന്റ് നടക്കുന്നത് ഈ സമയത്താണ്. അതിനാൽ നവംബർ 11 മുൻപ് ഷവോമി 14 സീരീസ് ചൈനയിൽ പുറത്തിറങ്ങും എന്നും ചില റിപ്പോർട്ടുകൾ പറയുന്നുണ്ട്.
ഷവോമി 14ന് 6.4-ഇഞ്ച് സ്‌ക്രീനും 14 പ്രോയ്ക്ക് 6.7-ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കോർണിംഗ് ഗൊറില്ല ഗ്ലാസ്, പഞ്ച്-ഹോൾ നോച്ച് ഡിസൈൻ എന്നിവയും ഇതിലുണ്ടാകും. ഉടൻ ലോഞ്ച് ചെയ്യുന്ന ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുക എന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications