വിലക്കുറവ് തുണയായി; 100 ദിവസത്തിനുള്ളിൽ ഈ റെഡ്മി 5ജി ഫോൺ വാങ്ങിയത് 30 ലക്ഷം പേർ!
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ വിൽപ്പനയിൽ പുതു ചരിത്രം രചിച്ച് ഷവോമി. വിൽപ്പന ആരംഭിച്ച് 100 ദിവസത്തിനുള്ളിൽ 30 ലക്ഷം യൂണിറ്റുകൾ വിറ്റുപോയ ഷവോമിയുടെ റെഡ്മി 12 സീരീസ് ആണ് പുതിയ റെക്കോഡ് സൃഷ്ടിച്ചിരിക്കുന്നത്. റെഡ്മി 12 സീരീസിൽ രണ്ട് ഫോണുകളാണ് എത്തുന്നത്.
റെഡ്മി 12 4ജിയും പിന്നാലെ എത്തിയ റെഡ്മി 12 5ജിയും ആണ് ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിൽപ്പനയിൽ പുതിയ ചരിത്രം സൃഷ്ടിച്ച റെഡ്മി 12 സീരീസിൽ ഉൾപ്പെടുന്നത്. തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ ഷവോമി തന്നെയാണ് റെഡ്മി 12 സീരീസ് വിൽപ്പന 30 ലക്ഷം പിന്നിട്ടതായി അറിയിച്ചിരിക്കുന്നത്.

ഏറ്റവും വില കുറഞ്ഞ മികച്ച 5ജി ഫോൺ എന്ന വിശേഷണമാണ് ഈ നേട്ടത്തിലേക്ക് റെഡ്മി 12 സീരീസിനെ എത്തിച്ചത് എന്ന് വേണം കരുതാൻ. റെഡ്മി 12 സീരീസിലെ 4ജി ഫോണിന് വില വളരെ കുറവായിരുന്നു. പിന്നീട് 5ജി ഫോൺ എത്തിയപ്പോഴും വിലയിൽ കാര്യമായ വർധന ഉണ്ടായില്ല.
പതിനായിരം രൂപയ്ക്കടുത്ത് വിലയിൽ കിട്ടുന്ന 5ജി ഫോൺ എന്ന ലേബൽ റെഡ്മി 12 5ജിയുടെ വിൽപ്പനയെ ഏറെ സഹായിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ഫെസ്റ്റിവൽ സെയിലിലെ ഓഫറുകൾ കൂടി ആയപ്പോൾ നിരവധി പേർ റെഡ്മി 12 5ജി വാങ്ങാൻ മുന്നോട്ടുവന്നു എന്നുവേണം കരുതാൻ.
ഈ നാഴികക്കല്ല് തങ്ങളിൽ ജനങൾ അർപ്പിച്ച വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും തെളിവാണെന്നും ഷവോമി ഫോണുകൾ തിരഞ്ഞെടുത്തതിനും രാജ്യത്തുടനീളമുള്ള ഹൃദയങ്ങളെ ബന്ധിപ്പിക്കുന്ന വിപ്ലവകരമായ യാത്രയുടെ ഭാഗമായതിനും നന്ദി പറയുന്നതായും ഷവോമി ട്വിറ്ററിലൂടെ അറിയിച്ചു. ആദ്യ ദിവസം തന്നെ 3 ലക്ഷം റെഡ്മി 12 ഫോണുകൾ വിൽക്കാൻ കഴിഞ്ഞതായി ഷവോമി പറയുന്നു.
28 ദിവസത്തിനുള്ളിൽ 10 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന എന്ന നാഴികക്കല്ല് റെഡ്മി 12 സീരീസ് പിന്നിട്ടു. ഇപ്പോൾ 100 ദിവസിക്കുള്ളിൽ 30 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന എന്ന പുതിയ നേട്ടവും ഈ റെഡ്മി ഫോൺ സ്വന്തമാക്കുകയായിരുന്നു. 5ജി ഫോൺ വാങ്ങണമെന്ന് ആഗ്രഹിച്ച സാധാരണക്കാരിൽ ഭൂരിപക്ഷവും ഈ ഫെസ്റ്റിവൽ സീസണിൽ റെഡ്മി 12 5ജിക്കൊപ്പം നിന്നു.
താങ്ങാനാകുന്ന വിലയിൽ 5ജി ഫോൺ അവതരിപ്പിച്ചതാണ് ഇങ്ങനെയൊരു നേട്ടത്തിന് വഴിയൊരുക്കിയത്. റെഡ്മി 12 4ജിയുടെ 4 ജിബി വേരിയന്റിന് 9,299 രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്. എന്നാൽ റെഡ്മി 12 5ജിയുടെ കുറഞ്ഞ വേരിയന്റ് 11,999 വിലയിൽ ലഭിക്കുന്നു. നിസാര തുകമാത്രം കൂടുതൽ നൽകിയാൽ 5ജി ഫോൺ ലഭിക്കുമെന്ന് സാരം.

തന്ത്രപരമായ ഈ വിലനിർണ്ണയം റെഡ്മി 12 സീരീസിന്റെ ഇന്ത്യയിലെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. റെഡ്മി 12 5ജിയുടെ സവിശേഷതകൾ: ക്വാൽക്കോം സ്നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റും 8GB വരെ റാമും 256ജിബി സ്റ്റോറേജും റെഡ്മി 12 5ജി വാഗ്ദാനം ചെയ്യുന്നു.
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 4 ജെൻ 2 ചിപ്സെറ്റ് ഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ എന്ന പ്രത്യേകതയുമായാണ് റെഡ്മി 12 5ജി എത്തിയത്. 4ജിബി റാം + 128ജിബി സ്റ്റോറേജ്, 6ജിബി റാം+ 128ജിബി സ്റ്റോറേജ്, 8ജിബി റാം, 256ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ഈ 5ജി ഫോൺ ലഭ്യമാകും.

6.79 ഇഞ്ച് ഫുൾ-എച്ച്ഡി+ ഡിസ്‌പ്ലേ 90Hz, റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണം എന്നിവയോടെയാണ് എത്തുന്നത്. ഡിസ്‌പ്ലേയുടെ മുകളിൽ മധ്യഭാഗത്ത് അലൈൻ ചെയ്‌തിരിക്കുന്ന പഞ്ച്-ഹോൾ സ്ലോട്ടിൽ ഫ്രണ്ട് ക്യാമറ സ്ഥാപിച്ചിരിക്കുന്നു. IP53 റേറ്റിംഗും, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും റെഡ്മി 12 ന്റെ ഫീച്ചറുകളിൽപ്പെടുന്നു.
50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് ക്യാമറയും എൽഇഡി ഫ്ലാഷും അടങ്ങുന്നതാണ് റെഡ്മി 12 5ജിയുടെ റിയർ ക്യാമറ സജ്ജീകരണം. ഫ്രണ്ടിൽ 8 മെഗാപിക്സലിന്റെ ക്യാമറയാണ് നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള MIUI 14-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 5000mAh ബാറ്ററിയും18W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയും ഇതിലുണ്ട്.
ജേഡ് ബ്ലാക്ക്, മൂൺസ്റ്റോൺ സിൽവർ, പാസ്റ്റൽ ബ്ലൂ എന്നീ നിറങ്ങളിൽ റെഡ്മി 12 5ജി വേരിയന്റുകൾ ലഭ്യമാകും. ചിപ്‌സെറ്റും 5G സാങ്കേതികവിദ്യയുമാണ് റെഡ്മി 12 4ജി, 5ജി മോഡലുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം. മറ്റ് ഫീച്ചറുകളെല്ലാം ഏതാണ്ട് സമാനമാണ്. വരും ദിവസങ്ങളിലും റെഡ്മി 12 5ജി വിൽപ്പനയിലെ കുതിപ്പ് തുടരുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








