ഗൂഗിളിലെ പ്രഥമ വനിതാ എഞ്ചിനീയര്‍ യാഹൂവിന്റെ സിഇഒ പദവിയിലേക്ക്

Posted By: Staff

ഗൂഗിളിലെ പ്രഥമ വനിതാ എഞ്ചിനീയര്‍ യാഹൂവിന്റെ സിഇഒ പദവിയിലേക്ക്

ഗൂഗിള്‍ എക്‌സിക്യൂട്ടീവ് മരിസ്സ മെയര്‍ യാഹൂവിന്റെ പുതിയ സിഇഒയായി ചുമതലയേറ്റു. ഗൂഗിളിലെ പ്രഥമ വനിതാ എഞ്ചിനീയറായിരുന്നു മരിസ്സ. ഇന്റര്‍നെറ്റ് വിപണിയില്‍ പിറകോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന യാഹൂവിന് വീണ്ടും മുന്‍നിരയിലേക്ക് വരാനുള്ള ശ്രമമാണ് മരിസ്സയെ തെരഞ്ഞെടുത്ത് കമ്പനി നടത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് അഞ്ചാമത്തെ സിഇഒയാണ് യാഹൂവിനായി പ്രവര്‍ത്തിക്കുന്നത്.

യാഹൂവിന്റെ തലപ്പത്തേക്ക് എത്തുന്ന രണ്ടാമത്തെ വനിതയാകും ഇതോടെ 37കാരിയായ മരിസ്സ. ഇതിന് മുമ്പ് കരോള്‍ ബാര്‍ട്‌സ് യാഹൂവിന്റെ പ്രഥമ വനിതാ സിഇഒയായി രണ്ടരവര്‍ഷം പ്രവര്‍ത്തിച്ചിരുന്നു. ബാര്‍ട്‌സിന് ശേഷമെത്തിയ സ്‌കോട്ട് തോംസണ് സിഇഒ പദവിയിലിരിക്കാന്‍ കുറച്ചു നാളുകളേ സാധിച്ചിരുന്നുള്ളൂ. അതിനിടെ ഔദ്യോഗിക ബയോഡാറ്റയില്‍ കൃത്രിമത്വം കാണിച്ചതിന്റെ പേരില്‍ ഏറെ വിവാദങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

തോംസണിന്റെ ഒഴിവിലേക്ക് യാഹൂവിലെ തന്നെ എക്‌സിക്യൂട്ടീവായ റോസ്സ് ലെവിന്‍സണിനെയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അദ്ദേഹത്തെ മറികടന്നാണ് മെയര്‍ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സ്റ്റാന്‍ഡ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സിമ്പോളിക് സിസ്റ്റംസില്‍ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ബിരുദം മരിസ്സ മേയറിനുണ്ട്. അന്ന് മെയറിന്റെ സഹപാഠികളായിരുന്നു ഗൂഗിള്‍ സ്ഥാപകരായ സെര്‍ജി ബ്രിന്നും ലാറി പേജും.

1999ല്‍ ഗൂഗിളിന്റെ 20മത്തെ ജീവനക്കാരിയായാണ് മെയര്‍ സെര്‍ച്ച് എഞ്ചിന്‍ ഭീമനോടൊപ്പം ചേര്‍ന്നത്. തുടര്‍ന്ന് ജിമെയില്‍, ഓണ്‍ലൈന്‍ മാപ്പിംഗ് സേവനങ്ങളുടെ ഡിസൈനിനും വളര്‍ച്ചയ്ക്കും അവര്‍ മുഖ്യപങ്കുവഹിച്ചു. തുടക്കത്തില്‍ ഗോസിപ്പുകളും മെയറിനൊപ്പം ഉണ്ടായിരുന്നു. ഗൂഗിള്‍ സ്ഥാപകരിലൊരാളായ ലാറി പേജിന്റെ കാമുകിയെന്നായിരുന്നു മെയറിനെ വിശേഷിപ്പിച്ചത്.

മെയറിന്റെ അസാന്നിധ്യം ഗൂഗിളിന് കനത്ത നഷ്ടമാണെന്ന് പേജും യാഹൂ ഒരു മികച്ച വ്യക്തിയെയാണ് കമ്പനിയുടെ ഉന്നമനത്തിനായി തെരഞ്ഞെടുത്തതെന്ന് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എറിക് ഷിമിഡിറ്റും പ്രതികരിച്ചു.

Please Wait while comments are loading...

Social Counting