നമുക്കും വിട്ടാലോ ബിഎസ്എൻഎല്ലിലേക്ക്, ഇപ്പൊ അതാണ് ട്രെൻഡ്! പോർട്ട് ചെയ്യേണ്ട വഴി ഇതാ
ഇന്ത്യൻ ടെലിക്കോം രംഗം ഇപ്പോൾ ബിഎസ്എൻഎല്ലിന്റെ (BSNL) കുതിപ്പിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ട്രായിയുടെ സെപ്റ്റംബറിലെ കണക്കുകൾ പുറത്തുവന്നപ്പോൾ റിലയൻസ് ജിയോയ്ക്ക് 7.9 ദശലക്ഷം വയർലെസ് ഉപഭോക്താക്കളെ നഷ്ടപ്പെട്ടു എന്ന വിവരം വെളിച്ചത്തുവന്നിരുന്നു. ജിയോയ്ക്ക് മാത്രമല്ല, വൊഡാഫോൺ ഐഡിയയ്ക്ക് 1.5 ദശലക്ഷം യൂസേഴ്സിനെയും എയർടെലിന് 1.4 ദശലക്ഷം യൂസേഴ്സിനെയും സെപ്റ്റംബറിൽ നഷ്ടമായി. അതേസമയം ബിഎസ്എൻഎൽ പുതിയതായി ഏകദേശം 849,493 വരിക്കാരെ സ്വന്തമാക്കി. തുടർച്ചയായ മൂന്നാം മാസവും സ്വകാര്യ കമ്പനികൾക്ക് തിരിച്ചടിയായത് ജൂലൈയിൽ നടപ്പാക്കിയ നിരക്ക് വർധനവാണ് എന്നാണ് കരുതപ്പെടുന്നത്. നേരത്തെ ജൂലൈയിലും ഓഗസ്റ്റിലും സ്വകാര്യ കമ്പനികളിൽനിന്ന് നിരവധി ഉപയോക്താക്കൾ കൊഴിഞ്ഞുപോയിരുന്നു.
സ്വകാര്യ കമ്പനികൾ നൽകുന്നതിനെക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് ബിഎസ്എൻഎൽ ടെലിക്കോം പ്ലാനുകൾ നൽകിവരുന്നത്. സ്വകാര്യ കമ്പനികൾ നിരക്ക് കൂട്ടിയതോടെ ആളുകൾ ബദൽ ഓപ്ഷൻ അന്വേഷിച്ചപ്പോൾ നിരക്ക് കൂട്ടാതിരുന്ന ബിഎസ്എൻഎല്ലിലേക്കും അതിന്റെ പ്രീപെയ്ഡ് പ്ലാനുകളിലേക്കും ആളുകളുടെ ശ്രദ്ധ എത്തുകയും സ്വകാര്യ കമ്പനികളുടെ വരിക്കാർ ഉൾപ്പെടെ കൂട്ടത്തോടെ ബിഎസ്എൻഎല്ലിലേക്ക് എത്തുകയും ചെയ്തു. പിന്നീട് ഇത് ഒരു തരംഗമായി മാറി.

ജൂലൈ മുതൽ ബിഎസ്എൻഎല്ലിലേക്ക് ആളുകൾ കൂടുതലായി പോർട്ട് ചെയ്യാൻ തുടങ്ങി. ഓഗസ്റ്റിലും സെപ്റ്റംബറിലും ഈ ട്രെൻഡ് തുടർന്നു എന്ന് ട്രായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ ആഗ്രഹിക്കുന്നവർക്ക് ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്യാനുള്ള സൗകര്യം ഇപ്പോഴും തുറന്നുകിടപ്പുണ്ട്. തങ്ങളുടെ നിലവിലുള്ള സിം കണക്ഷൻ ഉപേക്ഷിച്ച് ബിഎസ്എൻഎല്ലിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് നിലവിലെ മൊബൈൽ നമ്പർ മാറാതെ ബിഎസ്എൻഎൽ കണക്ഷൻ എങ്ങനെയെടുക്കാം എന്ന് ഇതാ അറിയൂ.
ബിഎസ്എൻഎല്ലിലേക്ക് സിം പോർട്ട് ചെയ്യും മുമ്പ് തീരുമാനം നന്നായി ആലോചിച്ച് ഉറപ്പിക്കണം. തങ്ങളുടെ പ്രദേശത്ത് തൃപ്തികരമായ വിധത്തിൽ ബിഎസ്എൻഎൽ സേവനങ്ങൾ ലഭ്യമാണ് എന്ന് ഉറപ്പാക്കുന്നത് നന്നായിരിക്കും. ഒരിക്കൽ പോർട്ട് ചെയ്തു കഴിഞ്ഞാൽ പിന്നെ മൂന്ന് മാസം കഴിഞ്ഞ ശേഷം മാത്രമേ മറ്റൊരു കമ്പനിയുടെ കണക്ഷനിലേക്ക് മാറാൻ സാധിക്കൂ.

സിം പോർട്ട് ചെയ്യും മുമ്പ് അറിയേണ്ട കാര്യങ്ങൾ: നിലവിലെ ടെലിക്കോം കമ്പനിയുടെ കീഴിൽ 90 ദിവസമെങ്കിലും പൂർത്തിയാക്കിയിരിക്കണം, ബിൽ കുടിശിക ഉണ്ടാകരുത്, മൊബൈൽ നമ്പറിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പ്രശ്നങ്ങൾ ഉണ്ടായിരിക്കരുത്, മൊബൈൽ നമ്പർ സബ് ജുഡീസ് ആയിരിക്കരുത് (കോടതി വ്യവഹാരങ്ങൾ ഉള്ളത് ആയിരിക്കരുത്), സബ്‌സ്‌ക്രൈബർ കരാർ പ്രകാരം കരാർ ബാധ്യതകളൊന്നുമുണ്ടാവരുത്.
ബിഎസ്എൻഎല്ലിലേക്ക് സിം പോർട്ട് ചെയ്യേണ്ടത് എങ്ങനെ: പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന നമ്പറിൽനിന്ന് യുണീക് പോർട്ടിങ് കോഡ് (UPC) ജനറേറ്റ് ചെയ്യണം. യുപിസി കോഡ് ലഭിക്കാൻ Port എന്ന ഫോർമാറ്റിൽ 1900-ലേക്ക് എസ്എംഎസ് അയയ്ക്കണം. ഉടൻ യുപിസിയും ആ നമ്പരിന്റെ വാലിഡിറ്റിയും അടങ്ങുന്ന മെസേജ് കിട്ടും.
എംഎൻപിക്കായി റിക്വിസ്റ്റ് ചെയ്ത തീയതി മുതൽ നിശ്ചിത (സാധരണഗതിയിൽ 15) ദിവസത്തേക്ക് ഈ കോഡ് വാലിഡ് ആയിരിക്കും. തുടർന്ന് അടുത്തുള്ള ബിഎസ്എൻഎൽ കസ്റ്റമർ കെയർ സെന്ററിലോ റീട്ടെയിലർ ഔട്ട്ലെറ്റിലോ അംഗീകൃത ഫ്രാഞ്ചൈസിയിലോ പോവുക. എംഎൻപി ആരംഭിക്കുന്നതിന് ഒരു കസ്റ്റമർ അപേക്ഷാ ഫോം (CAF) പൂരിപ്പിക്കണം. വിലാസവും ഐഡന്റിറ്റിയും തെളിയിക്കുന്ന രേഖകൾ കൈയിലുണ്ടാകണം.

ഡിജിറ്റൽ KYC പൂർത്തിയായാൽ പുതിയ ബിഎസ്എൻഎൽ സിം കാർഡ് ലഭിക്കും. എംഎൻപി റിക്വസ്റ്റ് അംഗീകരിച്ച ശേഷം പോർട്ടിങ് തീയതിയും സമയവും നിങ്ങളെ അറിയിക്കും. നിലവിലുള്ള നെറ്റ്‌വർക്ക് സേവനം കട്ട് ചെയ്ത് കഴിഞ്ഞാൽ പുതിയ സിം ഫോണിൽ ഇടുക. പോർട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങളോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ 1800-180-1503 എന്ന ബിഎസ്എൻഎൽ ടോൾ ഫ്രീ നമ്പിൽ വിളിച്ച് സഹായം തേടാം.
പോർട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളിലൊന്ന് എംഎൻപിയ്ക്കായി ബിഎസ്എൻഎൽ യാതൊരു വിധത്തിലുള്ള പ്രോസസിങ് ഫീസും ഈടാക്കുന്നില്ല എന്നതാണ്. നിങ്ങളുടെ മൊബൈൽ നമ്പർ പോർട്ടബിലിറ്റി റിക്വസ്റ്റ് ലഭിച്ചു കഴിഞ്ഞാൽ സിം ആക്ടീവ് ആകുന്നതിന് 7 ദിവസത്തിൽ കൂടുതൽ സമയമെടുത്തേക്കും. വിശദവിവരങ്ങൾക്ക് 1800-180-1503 എന്ന നമ്പറിൽ വിളിക്കുക.


Click it and Unblock the Notifications