ആരാണിവൻ, കൈയിലിരിക്കുന്നത് ഇതുവരെ ഇറങ്ങാത്ത ഐഫോൺ 17 പ്രോ ആണോ? വൈറലായി ചിത്രം
ഐഫോൺ 17 സീരീസ് ലോഞ്ച് അടുത്തുകൊണ്ടിരിക്കെ അവയെ ചുറ്റിപ്പറ്റിയുള്ള വാർത്തകളും സജീവമാണ്. ഇപ്പോൾ ഐഫോൺ 17 സീരീസുമായി ബന്ധപ്പെട്ട് ഏറ്റവും സജീവമായിരിക്കുന്നത് ഐഫോൺ 17 പ്രോയുടേത് എന്ന് കരുതുന്ന ലീക്ക് ചിത്രങ്ങളാണ്. ഇതുവരെ പുറത്തിറക്കിയിട്ടില്ലാത്ത ഐഫോൺ 17 പ്രോ എന്ന് തോന്നിപ്പിക്കുന്ന ഒരു സ്മാർട്ട്ഫോണും കൈയിൽ പിടിച്ച് നിൽക്കുന്ന ഒരു യുവാവിന്റെ ചിത്രമാണ് വൈറലാകുകയും ചർച്ചകളിൽ ഇടംപിടിക്കുകയും ചെയ്തിരിക്കുന്നത്. ഒരു ട്വിറ്റർ പോസ്റ്റിൽ, @Skyfops എന്ന യൂസർ "ഞാൻ ഇപ്പോൾ ഒരു ടെസ്റ്റ് ഡെവലപ്‌മെന്റ് ഐഫോൺ കണ്ടു" എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ഇത് വരാനിരിക്കുന്ന ഐഫോൺ 17 പ്രോയു ചിത്രങ്ങളാണ് എന്ന നിലയ്ക്കാണ് ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും വന്നിട്ടില്ല. പ്രശസ്ത ടെക്നോളജി ജേണലിസ്റ്റായ മാർക്ക് ഗുർമാൻ ഈ ചിത്രങ്ങൾ അടങ്ങിയ പോസ്റ്റ് ഷെയർ ചെയ്യുകയും ഇത് യഥാർഥത്തിലുള്ളത് ആണ് എന്ന് തോന്നുന്നു എന്ന് പറയുകയും ചെയ്തു.

മാർക്ക് ഗുർമാൻ പോസ്റ്റ് ഷെയർ ചെയ്തതോടെ ഈ ചിത്രങ്ങൾ വൈറലാകുകയായിരുന്നു. ഐഫോൺ 17 പ്രോയുടെ "ടെസ്റ്റ് ഡെവലപ്‌മെന്റ്" യൂണിറ്റാണ് ഈ ചിത്രങ്ങളിൽ ഉള്ളത് എന്നാണ് കരുതപ്പെടുന്നത്. ഈ ഫോൺ കൈയിൽ പിടിച്ചിരിക്കുന്ന വ്യക്തി ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതിനകം ഐഫോൺ 17 പ്രോയുടേത് എന്ന നിലയിൽ പുറത്തുവന്ന ചില ലീക്ക് ചിത്രങ്ങളുമായി സാമ്യമുള്ള ഫോൺ ആണ് യുവാവിന്റെ കൈയിലിരിക്കുന്നത്.
ഇപ്പോൾ ലീക്കായി ഐഫോൺ 17 പ്രോയുടേത് എന്ന് കരുതുന്ന ചിത്രത്തിൽ ഫോണിന്റെ പിൻഭാഗത്ത് വ്യാപിച്ചുകിടക്കുന്ന ഒരു വിശാലവും തിരശ്ചീനവുമായ ക്യാമറ ബാർ കാണാം. ഈ ഡിസൈൻ മുൻ ലീക്ക് ചിത്രങ്ങളുമായി ചേരുന്നുണ്ട്. നിലവിലുള്ള ഐഫോൺ 16 പ്രോ മോഡലിന്റേതിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ കണ്ട ചിത്രത്തിലെ ഫോണിൽ ഫ്ലാഷിന്റെയും LiDAR സെൻസറിന്റെയും സ്ഥാനത്തിൽ മാറ്റമുണ്ട്.
ഐഫോൺ 16 പ്രോ മോഡലുകളിൽ, ഇവ രണ്ടും ഇടതുവശത്തുള്ള ക്യാമറ റിംഗുകൾക്ക് മുകളിലും താഴെയുമായി സ്ഥിതിചെയ്യുന്നു. അതേസമയം, പുതിയ ലീക്ക് ചിത്രത്തിലെ ടെസ്റ്റ് ഐഫോണിന്റെ റിയർ പാനലിൽ വലതുവശത്ത് അവ സ്ഥാപിച്ചിരിക്കുന്നതായി കാണാം. ചിത്രത്തിലുള്ളയാളുടെ കൈയിലുള്ള രണ്ടാമത്തെ ഫോൺ ഒരു ഐഫോൺ 16 പ്രോ ആണെന്ന് കരുതപ്പെടുന്നു.
എന്തായാലും ആപ്പിൾ ഇതുവരെ ഔദ്യോഗികമായി ഐഫോൺ 17 പ്രോയുടെ ചിത്രങ്ങൾ പോലും പുറത്തുവിട്ടിട്ടില്ല എന്ന കാര്യം അറിഞ്ഞിരിക്കുക. അടുത്തിടെ തന്നെ ഐഫോൺ 17 പ്രോയുമായി ബന്ധപ്പെട്ട മറ്റൊരു ലീക്ക് റിപ്പോർട്ട് വന്നതും വലിയ ചർച്ചയായിരുന്നു. ഐഫോൺ 17 പ്രോ 8x വരെ ഒപ്റ്റിക്കൽ സൂം ഉള്ള മെച്ചപ്പെട്ട ടെലിഫോട്ടോ ലെൻസ് സഹിതം എത്തും എന്നതാണ് അതിൽ ഏറ്റവും ശ്രദ്ധേയമായത്.
ഐഫോൺ 16 പ്രോ മോഡലുകളിൽ 5x സൂം ആണ് ഉള്ളത്. ഇതിൽനിന്ന് കാര്യമായ നവീകരണം പുതിയ മോഡലിൽ ഉണ്ടായിരിക്കുന്നു എന്ന് ഈ ലീക്ക് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ പുതിയ ടെലിഫോട്ടോ ലെൻസിന് ചലിക്കാൻ കഴിയുമെന്നും, ഇത് വിവിധ ഫോക്കൽ ലെങ്തിൽ തുടർച്ചയായ ഒപ്റ്റിക്കൽ സൂം അനുവദിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇത് കൂടാതെ ഫോട്ടോ, വീഡിയോ എക്സ്പീരിയൻസ് മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു പുതിയ പ്രോ ക്യാമറ ആപ്പ് ആപ്പിൾ പുറത്തിറക്കുന്നുണ്ട് എന്നും ടിപ്സ്റ്റർ പറഞ്ഞിട്ടുണ്ട്. ഈ ആപ്പ് പ്രോ മോഡലുകൾക്കൊപ്പം മാത്രമാണോ അതോ മറ്റ് മോഡലുകൾക്കൊപ്പവും പ്രവർത്തിക്കുമോ എന്ന് വ്യക്തമല്ല. മറ്റൊരു പ്രധാന വിവരം ഐഫോൺ 17 പ്രോയുടെ മുകൾ വശത്തായി ഒരു ക്യാമറ ബട്ടൺ കൂടി ഉണ്ടാകും എന്നതാണ്. നിലവിൽ ഐഫോൺ 16 മോഡലുകളുടെ താഴെയുള്ള ക്യാമറ കൺട്രോൾ ബട്ടണിന് പുറമേയാകും ഇത്.


Click it and Unblock the Notifications








