ഓണ്‍ലൈനില്‍ ലൈവായി വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം; വീഡിയോ വൈറലാകുന്നു

Posted By:

കാലം ഒരുപാടു മാറി. സമൂഹവും. ഒരു വിദ്യാര്‍ഥി താന്‍ ലൈവായി ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നു സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു. അത് ലൈവായി വീഡിയോയിലൂടെ കാണിക്കുമെന്നും. ദിവസവും സമയവും വരെ കൃത്യാമയി അറിയിച്ചു. കാണണമെന്നുള്ളവര്‍ വെബ്‌സൈറ്റുമായി ലിങ്ക് ചെയ്യാനും അഭ്യര്‍ഥിച്ചു.

അറിഞ്ഞവരെല്ലാം വിദ്യാര്‍ഥി പറഞ്ഞ സമയത്ത് വെബ്‌സൈറ്റിനു മുന്നിലെത്തി. യുവാവ് ലൈവ് ആത്മഹത്യയും ആരംഭിച്ചു. മുറിക്കകത്ത് തീയിട്ട് സ്വയം നീറിമരിക്കാനായിരുന്നു പദ്ധതി. കണ്ടവരെല്ലാം യുവാവിനെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് പുകവന്നു നിറഞ്ഞ് കാഴ്ചകള്‍ അവ്യക്തമായതോടെ കാണികള്‍ക്ക് നിരാശയും. ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തി യുവാവിനെ ആശുപത്രിയില്‍ പ്രവേശിച്ചു. ലൈവായി ആത്മഹത്യ കാണാനെത്തിയവര്‍ നിരാശയോടെ മടങ്ങുകയും ചെയ്തു.

നോര്‍ത് അമേരിക്കയിലാണ് സംഭവം നടന്നത്. കുപ്രസിദ്ധമായ 4 ചാന്‍ എന്ന വെബ്‌സൈറ്റിലൂടെയാണ് ആത്മഹത്യ ലൈവായി കാണിച്ചത്. ഒരു വ്യക്തിക്ക് അജ്ഞാതനായി രജിസ്റ്റര്‍ ചെയ്യാനും മറ്റുള്ളവരുമായി കണക്റ്റ്‌ചെയ്യാനും സഹായിക്കുന്ന വെബ്‌സൈറ്റാണ് ഇത്.

സ്റ്റീഫന്‍ എന്ന പേരിലാണ് ആത്മഹത്യക്കു ശ്രമിച്ച യുവാവ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ചാറ്റീന്‍ എന്ന സ്ട്രീമിംഗ് വെബ്‌സൈറ്റില്‍ പ്രത്യേക ചാറ്റ് റൂം ഒരുക്കിയാണ് മരണം ലൈവായി കാണിച്ചത്. ചാറ്റ് റൂമില്‍ ഒരു സമയം 200 പേര്‍ക്കാണ് ചേരാന്‍ കഴിയുക.

കഴിഞ്ഞ ശനിയാഴ്ച 7 മണിക്കാണ് തന്റെ ആത്മഹത്യ എന്ന് യുവാവ് അറിയിച്ചത്. ഒണ്‍ടേറിയോ സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ് സ്റ്റീഫന്‍. കോളജ് ഹോസ്റ്റലില്‍ വച്ചായിരുന്നു ലൈവ് ആത്മഹത്യ. ഏഴുമണിയായപ്പോഴേക്കും 200 പേര്‍ ചാറ്റ് റൂമില്‍ റെഡിയായിരുന്നു. തുടര്‍ന്ന് യുവാവ് മുറിയുടെ ഒരു വശത്ത് തീ കൊളുത്തി. പിന്നീട് അല്‍പം മദ്യം നുകര്‍ന്നു. അപ്പോഴേക്കും മുറി മുഴുവന്‍ പുക നിറഞ്ഞിരുന്നു.

ഈ സമയമെല്ലാം ലൈവായി സംഭവം കണ്ടുകൊണ്ടിരുന്നവര്‍ വിദ്യാര്‍ഥിയെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. അതേസമയം ചാറ്റ്‌റൂമില്‍ ചേരാന്‍ കഴിയാത്തവര്‍ മറ്റുള്ളവരോട് അല്‍പ സമയം മാറിനില്‍ക്കാന്‍ അഭ്യര്‍ഥിക്കുന്നുണ്ടയിരുന്നു.

എന്തായാലും പുക ഉയര്‍ന്നതോടെ ഹോസ്റ്റലിലുള്ളവര്‍ സംഭവമറിഞ്ഞു. ഉടന്‍ അഗ്നിശമന സേന സ്ഥലത്തെത്തി യുവാവിനെ വലിച്ചു പുറത്തിട്ടു. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള സ്റ്റീഫന്‍ സുഖം പ്രാപിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഈ വീഡിയോ ഇപ്പോഴും വൈറലായി പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത് തടയാന്‍ അധികൃതര്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. സ്റ്റീഫന്റെ കോളജിലെ വിദ്യാര്‍ഥികളെ വീഡിയോ കാണുന്നതില്‍ നിന്നു പൂര്‍ണമായും വിലക്കിയിട്ടുമുണ്ട്. എന്തായാലും മനസാക്ഷി മരവിച്ച സമൂഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്.

ഓണ്‍ലൈനില്‍ ലൈവായി വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം; വീഡിയോ വൈറലാകുന്നു

ചിത്രങ്ങള്‍ക്ക് കടപ്പാട്: LiveLeak/4Chan, dailymail.co.uk

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot