കാശുണ്ടാക്കാൻ പലവഴി! എഐ നൽകിയ പുതുവഴിയിൽ 'കാമുകന്മാരിൽ'നിന്ന് യുവതി നേടുന്നത് മാസം 41 കോടി രൂപ
എഐ സാങ്കേതികവിദ്യ കൂടുതൽ കരുത്താർജിക്കുന്നതോടെ നിരവധി പേർക്ക് ജോലി നഷ്ടമാകും എന്ന തരത്തിലുള്ള വാർത്തകൾ നിരവധി പേരിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. തങ്ങളുടെ ജോലിപോയാൽ എങ്ങനെ ജീവിക്കും എന്നതായിരുന്നു അവരുടെയൊക്കെ ആശങ്ക. എന്നാൽ എഐയെക്കുറിച്ചുള്ള ആശങ്കൾ ഒരുവശത്ത് നിൽക്കെ മറുവശത്ത് തന്ത്രപരമായി എഐ ഉപയോഗിച്ച് കാശുണ്ടാക്കുന്നവരും ഉണ്ട്.
അത്തരത്തിൽ, ആരും സഞ്ചരിക്കാത്ത ഒരു വേറിട്ട വഴിയിലൂടെ എഐ സഹായത്തോടെ സഞ്ചരിച്ച് പ്രതിമാസം 41 കോടിയോളം രൂപയാണ് കാരിൻ മർജോറി എന്ന ഇരുപത്തിമൂന്നുകാരി സമ്പാദിക്കുന്നത്. യുഎസിലെ ജോർജിയ സ്വദേശിനിയായ കാരിന് സ്‌നാപ്ചാറ്റിൽ 1.8 ദശലക്ഷം ഫോളോവേഴ്‌സുള്ള ഒരു 'സെലിബ്രിറ്റി'യാണ്. ഈ ഫോളോവേഴ്സിൽ ഭൂരിഭാഗവും യുവാക്കളാണ്.

ആരാധകർക്ക് തന്നോടുള്ള അഭിനിവേശം മനസിലാക്കിയ കാരിൻ അത് ബുദ്ധിപരമായി വിനിയോഗിക്കാൻ തീരുമാനിച്ചു. തന്റെ ഫോളോവേഴ്സ് എല്ലാം താനുമായി സമയം ചിലവഴിക്കാൻ താൽപര്യപ്പെടുന്നുണ്ടെന്ന് കാരിൻ മനസിലാക്കി. എന്നാൽ ഒരേസമയം 18 ലക്ഷം ആളുകളെയും സന്തോഷിപ്പിക്കുക സാധ്യമല്ലല്ലോ, അതിന് അവൾ ഒരു വഴി കണ്ടെത്തി. അതാണ് 'കാരിൻഎഐ'.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തി കാരിൻ സൃഷ്ടിച്ച തന്റെ വെർച്വൽ പതിപ്പാണ് കാരിൻഎഐ. എഐയിൽ സ്പെഷ്യലൈസ് ചെയ്ത് പ്രവർത്തിക്കുന്ന ഫോറെവർ വോയ്‌സ് കമ്പനിയുടെ സഹായത്തോടെയാണ് അവൾ തന്റെ ഡ്യൂപ്ലിക്കേറ്റായ കാരിൻഎഐയെ സൃഷ്ടിച്ചത്. കാരിൻ മർജോറിയുടേതിന് സമാനമായ വ്യക്തിത്വവും ശബ്‌ദവും ഉള്ള ഒരു വോയ്‌സ് അധിഷ്‌ഠിത ചാറ്റ്‌ബോട്ടാണ് കാരിൻഎഐ.
ഉപയോക്താക്കളുമായി സ്വകാര്യ സംഭാഷണങ്ങൾ നടത്താനും അവരുടെ വികാരങ്ങൾ പങ്കിടാനും ലൈംഗിക ചാറ്റുകളിൽ ഏർപ്പെടാനുമുള്ള അവസരം കാരിൻഎഐ നൽകുന്നു. യുവാക്കളുടെ ഏകാന്തതയെ സുഖപ്പെടുത്താൻ ഈ എഐക്ക് കഴിവുണ്ടെന്നും പ്രതിമാസം 5 മില്യൺ ഡോളർ (41 കോടി രൂപ) വരെ തനിക്ക് സമ്പാദിക്കാൻ കഴിയുമെന്നും കാരിൻ മർജോറി പറയുന്നു.
തുടക്കത്തിൽ ടെലിഗ്രാം ആപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ബീറ്റാ ടെസ്റ്റിംഗ് സമയത്ത്, കാരിൻഎഐയ്ക്ക് പുരുഷന്മാരിൽനിന്ന് 71,610 ഡോളർ ( ഏതാണ്ട് 58.7 ലക്ഷം രൂപ ) സമ്പാദിക്കാൻ കഴിഞ്ഞു. മേയിൽ ആരംഭിച്ച കാരിൽഎഐയ്ക്ക് ഇതിനോടകം തന്നെ ഉപയോക്താക്കളായ യുവാക്കളുടെ ഇടയിൽ ഒരു വൈകാരിക സ്വാധീനം നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.
അടുത്തിടെ ഡിലീറ്റ് ചെയ്ത കാരിന്റെ യൂട്യൂബ് ചാനലിൽനിന്ന് അവളുടെ 2000 മണിക്കൂർ സംസാരവും വ്യക്തിത്വവും പരിശീലിപ്പിച്ചാണ് ഫോറെവർ വോയിസ് കമ്പനി കാരിൻഎഐയെ സൃഷ്ടിച്ചിരിക്കുന്നത്. കാരിനുമായി നേരിട്ട് സംസാരിക്കുന്ന പ്രതീതി ഇത് ഉപയോക്താക്കൾക്ക് നൽകുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച്, ഉപയോക്താക്കളുടെ സംസാരത്തിന് അനുയോജ്യമായി പ്രതികരിക്കാനും കാരിൻഎഐ സജ്ജമാണ്.
സ്റ്റീവ് ജോബ്‌സ്, ടെയ്‌ലർ സ്വിഫ്റ്റ്, ഡൊണാൾഡ് ട്രംപ് എന്നിവരുടെയൊക്കെ ചാറ്റ്ബോട്ടുകൾ സൃഷ്ടിച്ചിട്ടുള്ള സ്ഥാപനമാണ് ഫോറെവർ വോയ്‌സ്. എന്നാൽ അവരുടെ ഈ ചാറ്റ്ബോട്ടുകളിൽനിന്നെല്ലാം വ്യത്യസ്തമാണ് കാരിൻഎഐ. ഉപയോക്താക്കളുമായി യഥാർഥ വൈകാരിക ബന്ധം സൃഷ്ടിക്കാൻ കാരിൻഎഐക്ക് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം ഈ എഐയുടെ ധാർമ്മിക വശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ മറ്റൊരു ഭാഗത്ത് നടക്കുന്നുണ്ട്.
എന്നാൽ കാരിൻ അതൊന്നും കാര്യമാക്കുന്നില്ല. ഏകാന്തത അനുഭവിക്കുന്നവർക്ക് ഇതൊരു ആശ്വാസമാകുമെന്നാണ് ഈ ഇരുപത്തിമൂന്നുകാരിയുടെ അഭിപ്രായം. ഫോളോവേഴ്സിന് താനുമായി കൂടുതൽ അടുക്കാൻ സാധിക്കുമെന്നും അതുവഴി, താനും പ്രേക്ഷകരും തമ്മിലുള്ള വിടവ് ഈ എഐ ചാറ്റ്ബോട്ട് നികത്തുമെന്നും കാരിൻ പറയുന്നു. ഒപ്പം യുവാക്കൾക്കിടയിൽ സ്വാധീനമുള്ള വ്യക്തിയെന്ന നിലയിൽ ഇതിലൂടെ തന്റെ കരിയർ ഉയർത്താമെന്നും കാരിൻ കണക്കുകൂട്ടുന്നു.
Image credit: Caryn Marjorie Twitter


Click it and Unblock the Notifications








