ഇനി യുട്യൂബിലും കാശ് കൊടുക്കണം

Written By: Vivek

സംഗതി സത്യമാണ്. യുട്യൂബ് ചില ചാനലുകള്‍ക്ക് പണം വാങ്ങി വീഡിയോകള്‍ കാട്ടാനുള്ള അനുവാദം കൊടുക്കുന്നു. വീഡിയോകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ഏതെങ്കിലും സിനിമാപാട്ടോ, കോമഡി സീനോ ആണെന്ന് കരുതിയെങ്കില്‍ തെറ്റി. ഗൗരവ സ്വഭാവമുള്ള വീഡിയോകളാണ് ഇത്തരത്തില്‍ പണം കൊടുത്ത് കാണാന്‍ സാധിയ്ക്കുക. അപൂര്‍വ വീഡിയോകളും, പല തരത്തിലുള്ള പഠനസഹായികളുമൊക്കെ ഇത്തരത്തില്‍ പണം കൊടുത്താല്‍ മാത്രം കാണാവുന്നവയുടെ ഗണത്തില്‍ പെടും.
ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണമെന്ന ഗൂഗിളിന്റെ ആദര്‍ശം പുതുവഴികള്‍ തേടുന്നതിന്റെ ഭാഗമാണ് ഈ പരിഷ്‌ക്കാരം.

ഇനി യുട്യൂബിലും കാശ് കൊടുക്കണം

വ്യക്തമായ പശ്ചാത്തല പഠനങ്ങള്‍ നടത്തിയതിന് ശേഷമാണ് ഗൂഗിള്‍ ഈ പരീക്ഷണത്തിനിറങ്ങുന്നത്. കൂടുതല്‍ ആവശ്യക്കാരുള്ളതും, എളുപ്പം ലഭ്യമല്ലാത്തതുമായ കാര്യങ്ങള്‍ക്കെല്ലാം ഡിമാന്‍ഡ് അധികമാണെന്ന് ഗൂഗിളിനറിയാം. കാരണം ക്ലിയോപാട്രയുടെ ഒരു മുടി കിട്ടിയെന്നു കേട്ടാല്‍ കോടികള്‍ ലേലം വിളിയ്ക്കാനെത്തുന്ന ലോകത്ത് എന്തും വില്‍ക്കാം.

ഇത് കൂടാതെ ലൈവ് സ്ട്രീമിങ്ങിനും പണമീടാക്കാന്‍ യുട്യൂബിന് പദ്ധതിയുണ്ട്. ഒരു നിശ്ചിത തുക നല്‍കി തത്സമയ പരിപാടികള്‍ കാണാം. ടിവി ചാനലുകള്‍ അവരുടെ ഓണ്‍ലൈന്‍ സ്രടീമിംഗ് സംവിധാനത്തിന് ഇനി യുട്യൂബിനെ ആശ്രയിയ്ക്കാന്‍ സാധ്യതയുണ്ട്.

മുമ്പും ഇതുപോലെ വീഡിയോകള്‍ കാണാന്‍ പണമീടാക്കുന്ന ചില പദ്ധതികള്‍ യുട്യൂബ് ആവിഷ്‌കരിച്ചിരുന്നു. ഏതായാലും പരീക്ഷണമെന്ന നിലയില്‍ തെരഞ്ഞെടുക്കപ്പെട്ട ചില ചാനലുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഈ പണമീടാക്കല്‍ സമ്പ്രദായം നടപ്പില്‍ വരുത്താനാകൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot