'നാല്' ലൈക്കിന് വേണ്ടി പറന്നുകൊണ്ടിരുന്ന വിമാനം തകർത്തു! പൈലറ്റായ യൂട്യൂബർക്ക് 20 വർഷം തടവ്
ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്നത് പലർക്കും ഒരു ഹരമാണ്. ഓൺലൈനിൽ വീഡിയോകൾ പ്രചരിക്കാൻ തുടങ്ങിയതോടെ ആ ഹരം വേറെ തലത്തിലേക്ക് എത്തി. കാഴ്ചക്കാരെ സൃഷ്ടിക്കാനായി പലരും കാട്ടിക്കൂട്ടുന്നത് ചിലപ്പോൾ കണ്ടുനിൽക്കാൻ പോലും പറ്റാത്ത കാര്യങ്ങളാകും. ചിലരുടെ സാഹസിക പ്രകടനങ്ങളാകട്ടെ മറ്റുള്ളവരുടെ കൂടി ജീവന് ഭീഷണിയാകുകയും ചെയ്യും.
ഏതുമാർഗത്തിലൂടെ ആയാലും വേണ്ടില്ല, നാലുപേർ തന്നെ അറിഞ്ഞാൽ മതി, അതിപ്പോൾ മോശം രീതിയിലായാലും സാരമില്ല എന്നതാണ് പലരുടെയും ചിന്താഗതി. സ്വന്തം വീഡിയോകൾ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് സംതൃപ്തി അടയുന്ന നിരവധി ആളുകളെയും അത്തരം വീഡിയോകളെയും നാം നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു. ലൈക്ക് ആണ് അവരുടെ മുഖ്യലക്ഷ്യം.

നാല് ലൈക്കിനും കുറച്ച് വ്യൂസിനും വേണ്ടി എന്തിനും തയാറാകുന്ന കുറച്ചു പേർ എല്ലാ നാട്ടിലും ഉണ്ട്. കാഴ്ചക്കാരെ സൃഷ്ടിക്കാനുള്ള പരിശ്രമത്തിനിടയിൽ വിവേകമില്ലാത്ത പെരുമാറ്റമാണ് ഇത്തരക്കാർ കാഴ്ചവയ്ക്കുന്നത്. ഇവരുടെ അതിമോഹം മറ്റുള്ളവരുടെ ജീവനുകൂടി വെല്ലുവിളിയാകുന്ന നിരവധി സംഭവങ്ങൾ നാം കണ്ടിട്ടുണ്ട്. യൂട്യൂബിലും മറ്റ് വീഡിയോ പ്ലാറ്റ്ഫോമുകളിലും അതിന്റെ നീരവധി തെളിവുകളുമുണ്ട്.
സാഹസിക വീഡിയോ ചിത്രീകരിച്ച് വ്യൂവേഴ്സിന്റെ എണ്ണം കൂട്ടാനും സ്വയം 'വൈറൽ' ആവാനുമൊക്കെ ബൈക്കുമായി ഇറങ്ങിത്തിരിച്ച് വഴിയേ പോയ സാധാരണക്കാരുടെ ജീവൻ എടുത്തവർ നമ്മുടെ നാട്ടിലുണ്ട്. നല്ലരീതിയിൽ യൂട്യൂബ് ചാനൽ മുന്നോട്ട് കൊണ്ടുപോകുന്ന നിരവധി ആളുകളുണ്ട്. എന്നാൽ സാഹസികതയെന്നു കരുതി മണ്ടത്തരം കാണിക്കുന്നവർ യൂട്യൂബ് ചാനലുകൾക്കാകെ ചീത്തപ്പേര് സമ്മാനിക്കുന്നു.

തക്കതായ ശിക്ഷ ലഭിക്കുമ്പോഴാണ് ഇത്തരം എടുത്തുചാട്ടക്കാർ പാഠം പഠിക്കുക. ഏതാനും ലൈക്കിനും വ്യൂസിനുമായി ആനമണ്ടത്തരം കാണിച്ച ഒരു യൂട്യൂബർക്ക് ഇപ്പോൾ കോടതി 20 വർഷം കഠിന തടവ് വിധിച്ചിരിക്കുകയാണ്. സംഭവം നടന്നത് അമേരിക്കയിലാണ് എങ്കിലും വ്യൂസിനായി എന്തും ചെയ്യുന്ന എല്ലാവർക്കുള്ള മികച്ച താക്കീതും പാഠവുമാണ് ഈ വിധി.
കാലിഫോർണിയയിലെ ലോംപോക്കിൽ നിന്നുള്ള ട്രെവർ ഡാനിയൽ ജേക്കബ്, ആണ് അപകടകരമായി യൂട്യൂബ് വീഡിയോ ചിത്രീകരിച്ചതിന് ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. 29 വയസ് മാത്രം പ്രായമുള്ള ഇയാൾക്ക് 20 വർഷം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. വിധി നടപ്പായാൽ ജീവിതത്തിന്റെ നല്ലൊരുഭാഗവും ഇയാൾ ജയിലിൽ കഴിയേണ്ടിവരും.
പൈലറ്റായിരുന്ന ജേക്കബിന് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടി ഉണ്ടായിരുന്നു. 2021 നവംബർ 24 ന് ഇയാൾ തന്റെ വിമാനവുമായി പറന്നുയർന്നു. ഒരു പാരച്യൂട്ടും വിഡിയോ ചിത്രീകരിക്കാനുള്ള ക്യാമറ അടക്കമുള്ള തയാറെടുപ്പുകളുമായിട്ടാണ് ഇയാൾ യാത്ര പുറപ്പെട്ടത്. തുടർന്ന് വിമാനം നല്ല ഉയരത്തിൽ പറക്കുന്നതിനിടെ ഇയാൾ വിമാനത്തിൽനിന്ന് പാരച്യൂട്ട് ഉപയോഗിച്ച് പുറത്തുകടന്നു.
അതോടെ വിമാനം നിയന്ത്രണം തെറ്റുകയും ഒരു വരണ്ട പ്രദേശത്തേക്ക് ഇടിച്ചുകയറി കത്തിനശിക്കുകയും ചെയ്തു. പാരച്യൂട്ടിൽ സുരക്ഷിതനായി താഴെയിറങ്ങിയ ജേക്കബ് താൻ ചിത്രീകരിച്ച ദൃശ്യങ്ങൾ "ഐ ക്രാഷ്ഡ് മൈ എയർപ്ലെയ്ൻ" എന്ന തലക്കെട്ടിൽ യൂട്യൂബിൽ പ്രസിദ്ധീകരിച്ചു. അയാൾ വിചാരിച്ചതുപോലെ തന്നെ നിരവധി ലൈക്കുകളും ഷെയറുകളും വ്യൂസും കിട്ടി.
നിരവധി പേർ ഏറ്റെടുത്തതോടെ വീഡിയോ വൈറലായി. നാട്ടുകാർ മുഴുവൻ കണ്ട വീഡിയോ അങ്ങനെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെയും കണ്ണിൽപ്പെട്ടു. അതോടെ എഫ്എഎ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി, എഫ്എഎ നടത്തിയ ചോദ്യം ചെയ്യലിനിടെ വീഡിയോ ചിത്രീകരിക്കാൻ താൻ മനപ്പൂർവം അപകടം സൃഷ്ടിക്കുകയായിരുന്നു എന്ന് ജേക്കബിന് സമ്മതിക്കേണ്ടിവന്നു.

അന്വേഷണത്തെ തടസ്സപ്പെടുത്താൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ നശിപ്പിച്ചതായും ഇയാൾ സമ്മതിച്ചു. തുടർന്നാണ് ഇയാളെ വിചാരണ നടത്തുകയും ഇപ്പോൾ 20 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരിക്കുന്നത്. ജേക്കബിന്റെ പ്രവൃത്തി അയാളുടെ മാത്രമല്ല, ഭൂമിയിൽ ഉണ്ടായിരുന്ന നിരവധി പേരുടെ ജീവനെയും ദോഷകരമായി ബാധിക്കുന്ന വിഡ്ഢിത്തരമാണെന്ന് അധികൃതർ പറയുന്നു.
വിചാരിച്ചതുപോലെ കാഴ്ചക്കാരെ നേടാനും ലൈക്ക് നേടാനും വരുമാനം നേടാനുമൊക്കെ കഴിഞ്ഞെങ്കിലും അൽപ്പനേരത്തെ സന്തോഷത്തിനായി ചെയ്തകാര്യം ജേക്കബിന്റെ ബാക്കിയുള്ള ജീവിതം മുഴുവൻ നഷ്ടമാക്കിയിരിക്കുകയാണ്. കാഴ്ചക്കാരെ ഹരം കൊള്ളിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവർക്കും ചാനൽ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂട്ടാൻ എന്തും ചെയ്യാൻ മടിക്കാത്തവർക്കുമുള്ള ശക്തമായ മറുപടിയാണ് ഈ വിധി എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


Click it and Unblock the Notifications








