സൊമാറ്റോ കമ്പനി പേര് മാറ്റുന്നു, ഇനി എറ്റേണൽ; പേര് മാറ്റത്തിന് അംഗീകാരം നൽകി ബോർഡ്
പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ( Zomato ) തങ്ങളുടെ കമ്പനിയുടെ പേര് മാറ്റാൻ പോകുന്നു. അധികം വൈകാതെ 'എറ്റേണൽ' (Eternal) എന്ന പേരിലേക്ക് കമ്പനി മാറും. പ്രാഥമിക ഘട്ടം എന്ന നിലയിൽ സൊമാറ്റോയുടെ ഡയറക്ടർ ബോർഡ് കമ്പനിയുടെ പേര് എറ്റേണൽ ലിമിറ്റഡ് എന്ന് മാറ്റുന്നതിനുള്ള പ്രമേയത്തിന് അംഗീകാരം നൽകി. കമ്പനിയുടെ ഓഹരി ഉടമകൾക്ക് അയച്ച കത്തിൽ, കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയൽ (Deepinder Goyal) പേര് മാറ്റം സംബന്ധിച്ച ബോർഡ് തീരുമാനം വെളിപ്പെടുത്തിയിട്ടുണ്ട്.
"ഞങ്ങളുടെ ബോർഡ് ഇന്ന് ഈ മാറ്റത്തിന് അംഗീകാരം നൽകി, ഈ മാറ്റത്തെ പിന്തുണയ്ക്കാൻ ഞാൻ ഞങ്ങളുടെ ഓഹരി ഉടമകളോട് അഭ്യർത്ഥിക്കുന്നു. ഇത് അംഗീകരിക്കപ്പെട്ടാൽ, ഞങ്ങളുടെ കോർപ്പറേറ്റ് വെബ്‌സൈറ്റ് zomato.com ൽ നിന്ന് eternal.com ലേക്ക് മാറും" എന്ന് ഓഹരി ഉടമകൾക്ക് അയച്ച കത്തിൽ കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയൽ പറയുന്നു.

"ഞങ്ങളുടെ സ്റ്റോക്ക് ടിക്കർ ZOMATO യിൽ നിന്ന് ETERNAL ലേക്ക് മാറ്റും. എറ്റേണലിൽ നാല് പ്രധാന ബിസിനസുകൾ (ഇപ്പോൾ) ഉൾപ്പെടും - സൊമാറ്റോ, ബ്ലിങ്കിറ്റ്, ഡിസ്ട്രിക്റ്റ്, ഹൈപ്പർപ്യൂർ," അദ്ദേഹം കൂട്ടിച്ചേർത്തു. സൊമാറ്റോ ആപ്പിന്റെ പേര് മാറ്റില്ല, പക്ഷേ സ്റ്റോക്ക് ടിക്കർ സൊമാറ്റോയിൽ നിന്ന് എറ്റേണലിലേക്ക് മാറ്റും എന്നാണ് സൂചന.
സൊമാറ്റോ എന്നത് എറ്റേണൽ എന്ന് മാറ്റുന്നതിന് കമ്പനിയുടെ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും, പേര് ഔദ്യോഗികമായി മാറ്റുന്നതിന് ഓഹരി ഉടമകളുടെ അനുമതി ആവശ്യമാണ്. അതേസമയം എന്തുകൊണ്ടാണ് കമ്പനിയുടെ പേര് മാറുന്നത് എന്നത് സംബന്ധിച്ച് ചെറിയ വിശദീകരണവും ബിഎസ്ഇയിൽ സമർപ്പിച്ച കത്തിൽ, ഗ്രൂപ്പ് സിഇഒയും സൊമാറ്റോയുടെ സഹസ്ഥാപകനുമായ ദീപീന്ദർ നൽകിയിട്ടുണ്ട്.
എന്തുകൊണ്ട് സൊമാറ്റോ എന്ന പേര് എറ്റേണൽ എന്ന് ആക്കുന്നു: "ഞങ്ങൾ ബ്ലിങ്കിറ്റ് ഏറ്റെടുത്തപ്പോൾ, കമ്പനിയെയും ബ്രാൻഡിനെയും/ ആപ്പിനെയും വേർതിരിച്ചറിയാൻ കമ്പനിക്കുള്ളിൽ 'എറ്റേണൽ' (സൊമാറ്റോയ്ക്ക് പകരം) ഉപയോഗിക്കാൻ തുടങ്ങി. സൊമാറ്റോയ്ക്ക് അപ്പുറമുള്ള ഒന്ന് നമ്മുടെ ഭാവിയുടെ ഒരു പ്രധാന ചാലകശക്തിയായി മാറുന്ന ദിവസം, കമ്പനിയുടെ പേര് പരസ്യമായി എറ്റേണൽ എന്ന് പുനർനാമകരണം ചെയ്യാമെന്ന് ഞങ്ങൾ കരുതി''.
ഇപ്പോൾ ബ്ലിങ്കിറ്റ് കൂടി സൊമാറ്റോയുടെ കീഴിൽ ആയതോടെ പേര് മാറ്റത്തിന് സമയമായി എന്ന് തോന്നുന്നു. സൊമാറ്റോ ലിമിറ്റഡ് എന്ന കമ്പനിയെ (ബ്രാൻഡ്/ ആപ്പ് അല്ല) എറ്റേണൽ ലിമിറ്റഡ് എന്ന് പുനർനാമകരണം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു." എന്നാണ് ദീപീന്ദർ ഗോയൽ പേരുമാറ്റത്തെ കുറിച്ച് വിശദീകരിക്കുന്നത്.

വർഷങ്ങളായി ആളുകൾക്ക് സുപരിചിതമായ പേര് സൊമാറ്റോ എന്ന് ആയതിനാൽ ആപ്പിന്റെ പേര് കമ്പനി മാറ്റുന്നില്ല. അത് ബിസിനസിനെ ദോഷകരമായി ബാധിക്കാൻ ഇടയുണ്ട്. അതേസമയം കമ്പനിയുടെ പേരിൽ മാത്രം ചെറിയ മാറ്റം വരുത്തുന്നു. സൊമാറ്റോ ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർക്ക് തുടർന്നും ആ പേരിൽ തന്നെയാകും ആപ്പ് ദൃശ്യമാകുക.
മുന്നോട്ടുള്ള വളർച്ചയിൽ കൂടുതൽ സ്ഥാപനങ്ങൾ തങ്ങൾക്ക് കീഴിൽ ആരംഭിക്കുമ്പോൾ കമ്പനികൾ പേര് മാറ്റുക സ്വാഭാവികമാണ്. ഗൂഗിളും ഫെയ്സ്ബുക്കും ഉൾപ്പെടെയുള്ള വമ്പൻ ആഗോള കമ്പനികൾ ഇത്തരത്തിൽ തങ്ങളുടെ കോർപ്പറേറ്റ് പേര് മാറ്റിയിട്ടുണ്ട്. ഇപ്പോൾ ഗൂഗിളിന്റെ മാതൃകമ്പനിയുടെ പേര് ആൽഫബെറ്റ് എന്നായതും ഫെയ്സ്ബുക്കിന്റെ മാതൃകമ്പനിയുടെ പേര് മെറ്റ എന്ന് ആയിരിക്കുന്നതും ഇത്തരം പേര് മാറ്റത്തിലൂടെയാണ്.


Click it and Unblock the Notifications








