'മുതലാളി'ക്ക് അപകടം അറിയാം! ഇൻസ്റ്റഗ്രാമിലെ കുടുംബചിത്രത്തിൽ പെൺമക്കളുടെ മുഖം മറച്ച് സക്കർബർഗ്
ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ മാതൃസ്ഥാപനമായ മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുടുംബചിത്രം ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൻ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. അമേരിക്കൻ സ്വാതന്ത്ര്യദിന ആഘോഷത്തോട് അനുബന്ധിച്ച് ഭാര്യക്കും മൂന്ന് മക്കൾക്കും ഒപ്പമുള്ള ചിത്രം സക്കർബർഗ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.
നിരവധിപേർ ലൈക്കുകൾ നൽകി ചിത്രത്തോട് പ്രതികരിച്ചു. എന്നാൽ പിന്നീട് ചില ഉപയോക്താക്കൾ ആ ചിത്രത്തിന്റെ ഒരു പ്രത്യേകത ചൂണ്ടിക്കാട്ടി സക്കർബർഗിനെതിരേ രംഗത്തെത്തുകയായിരുന്നു. കുടുംബചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത സക്കർബർഗ് ചിത്രത്തിൽ ഉണ്ടായിരുന്ന തന്റെ പെൺമക്കളായ അഞ്ചുവയസുകാരി ആഗസ്റ്റിന്റെയും ഏഴ് വയസ്സുകാരി മാക്‌സിമ മാക്സിന്റെയും മുഖം മറച്ചിരുന്നു.

സക്കർബർഗിന്റെ ഈ നടപടി ചൂണ്ടിക്കാട്ടിയ ചില ഉപയോക്താക്കൾ സാമൂഹികമാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിലെ അപകടം സംബന്ധിച്ച് സക്കർബർഗ് ബോധവാനാണ് എന്ന് ചൂണ്ടിക്കാട്ടി. സ്വന്തം കുട്ടികളുടെ മുഖം മറയക്കാനുള്ള ബുദ്ധി സക്കർബർഗിന് ഉണ്ടായി. എന്നാൽ മറ്റ് പല മാതാപിതാക്കളും ഇക്കാര്യം ശ്രദ്ധിക്കുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ വിമർശിച്ചു.
കൗതുകകരമായ മറ്റൊരു കാര്യം എന്തെന്നാൽ, ചിത്രത്തിലുണ്ടായിരുന്ന മൂന്ന് മക്കളിൽ മൂത്ത രണ്ട് പെൺമക്കളുടെ ചിത്രങ്ങൾ മാത്രമാണ് മസ്ക് മറച്ചത്. ഏറ്റവും ഇളയ പിഞ്ചുകുഞ്ഞിന്റെ മുഖം മറച്ചിരുന്നില്ല. മക്കളുടെ സ്വകാര്യത നിലനിർത്താനുള്ള സക്കർബർഗിന്റെ നീക്കത്തെ ചിലർ പ്രശംസിച്ചു. അതേസമയം മറ്റുചിലർ, ഈ സ്വകാര്യത മറ്റുള്ളവരുടെ മക്കൾക്കും ബാധകമല്ലേ എന്ന് കുറ്റപ്പെടുത്തി.
സാമൂഹികമാധ്യമങ്ങളുടെ ഇരുണ്ട മുഖങ്ങളിൽനിന്ന് മക്കളെ സംരക്ഷിക്കാനാണ് സക്കർബർഗ് അവരുടെ മുഖം മറച്ചത് എന്ന് ചില ഉപയോക്താക്കൾ അദ്ദേഹത്തെ ന്യായീകരിച്ചു. എന്നാൽ, സ്വന്തം മക്കളുടെ മുഖം മറച്ച സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും മറ്റ് നിരവധി കുട്ടികളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ സാധിക്കുന്നുവെന്നും അവരുടെയെല്ലാം സ്വകാര്യതയ്ക്ക് സക്കർബർഗ് വില നൽകുന്നില്ലേയെന്നും ചോദ്യമുയർന്നു.
ഫെയ്സ്ബുക്ക് പോലെയുള്ള സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കുന്നു എന്ന ആരോപണം നിലനിൽക്കെയാണ് സക്കർബർഗ് തന്നെ തന്റെ മക്കളുടെ മുഖം മറച്ചിരിക്കുന്നത് എന്നതും അദ്ദേഹത്തിനെതിരേ വിമർശനങ്ങൾ കടുക്കാൻ ഇടയാക്കി. വിഷയം ചർച്ചയായതോടെ ചില ഉപയോക്താക്കൾ കാപട്യക്കാരൻ എന്നാണ് സക്കർബർഗിനെ വിശേഷിപ്പിച്ചത്.
ഒരു പോസ്റ്റിൽ മാത്രമല്ല, മറ്റ് പോസ്റ്റുകളിലും അദ്ദേഹം തന്റെ മക്കളുടെ ചിത്രങ്ങൾ മുഖം മറച്ചാണ് നൽകിയിരിക്കുന്നത് എന്ന് പലരും ചൂണ്ടിക്കാട്ടി. അതേസമയം സക്കർബർഗ് മാത്രമല്ല, വമ്പൻ കമ്പനികളുടെ തലവന്മാർ പലരും തങ്ങളുടെ മക്കളുടെ മുഖം സാമൂഹികമാധ്യമങ്ങളിൽ പൊതുവെ പങ്കുവയ്ക്കാറില്ല. ബിൽ ഗേറ്റ്സ്, സ്റ്റീവ് ജോബ്സും അടക്കമുള്ളവർ തങ്ങളുടെ കുട്ടികളെയും ബന്ധുക്കളായ കുട്ടികളുടെയും ചിത്രങ്ങൾ പങ്കുവയ്ക്കാറില്ല.
തനിക്ക് മക്കളില്ല, എന്നാൽ ഒരു അനന്തിരവൻ ഉണ്ടെന്നും അവർക്ക് ചില അതിർവരമ്പുകൾ താൻ നിശ്ചയിച്ചിട്ടുണ്ടെന്നും ആപ്പിൾ സിഇഒ ടിം കുക്ക് ഒരിക്കൽ ഗാർഡിയന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളുടെ ഉടമകൾ തന്നെ സ്വന്തം മക്കളുടെ മുഖം ബോധപൂർവം മറയ്ക്കുന്നത് ബോധമുള്ള രക്ഷിതാക്കൾ പാഠവും മാതൃകയുമാക്കണമെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
സോഷ്യൽമീഡിയ ഉപയോഗം വളരെ രസകരമാണെങ്കിലും കുട്ടികൾക്ക് അത് അത്ര യോജിച്ചതല്ല. മുതിർന്നവർ പോലും സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗത്തിന് ഇരയാകുമ്പോൾ കുട്ടികളുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല. തങ്ങളുടെ മക്കളുടെ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോൾ ദുരനുഭവങ്ങൾ നേരിട്ട മാതാപിതാക്കളുടെ ഭയാനകമായ അനുഭവങ്ങൾ ഒരിക്കൽ ന്യൂയോർക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു.
യൂട്യൂബ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ അൽഗോരിതം പലപ്പോഴും തങ്ങളുടെ കുട്ടികളുമായി ബന്ധപ്പെട്ട പോസ്റ്റുകളോ വീഡിയോകളോ വൈറലാക്കുന്നതായി ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. പല ചിത്രങ്ങളും ദുരുപയോഗം ചെയ്യപ്പെട്ടു. സന്തോഷത്തോടെയാണ് തന്റെ മക്കളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നതെന്നും എന്നാൽ തന്റെ രാഷ്ട്രീയത്തിനെതിരേ വ്യക്തിപരമായ ആക്രമണം നടത്തുന്ന ഒരു വിഡീയോയിൽ എതിരാളികൾ ഉപയോഗിച്ചത് മകന്റെ ചിത്രമായിരുന്നെന്നും ഒരാൾ വെളിപ്പെടുത്തി.

സൈബർ ക്രിമിനലുകളാൽ ഇന്റർനെറ്റ് നിറഞ്ഞിരിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകൾക്ക് ലഭ്യമാകുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ കുട്ടികളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്ന മാതാപിതാക്കൾ അറിഞ്ഞും അറിയാതെയും വലിയ റിസ്ക്കാണ് എടുക്കുന്നത്. മാതാപിതാക്കളുടെ ഇത്തരം നടപടികൾ കുട്ടികളുടെ മാനസിക ആരോഗ്യത്തെപ്പോലും ഭാവിയിൽ ബാധിച്ചേക്കാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ആളുകളിൽനിന്നുള്ള ഭീഷണിക്ക് പുറമേ എഐയിൽനിന്നുള്ള ഭീഷണിയും വർധിച്ചതോടെ കാര്യങ്ങൾ കൂടുതൽ അപകടകരമാകുന്നു.
വിവിധ പ്ലാറ്റ്ഫോമുകളിൽനിന്ന് ശേഖരിക്കുന്ന വിവരങ്ങൾ എഐ പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കൾക്കായി പങ്കിടുന്നു. അത്തരത്തിൽ കുട്ടികളുടെ ചിത്രങ്ങളും ദുരുപയോഗം ചെയ്യപ്പെടും. കൂടാതെ ഡീപ്ഫേക്ക് പോലുള്ള എഐ ടൂളുകളും വെല്ലുവിളി തന്നെ. അതേസമയം സക്കർബർഗ് തന്റെ ഒരു വയസിൽ താഴെയുള്ള കുട്ടിയുടെ മുഖം ചിത്രത്തിൽ മറച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതിന് കാരണമുണ്ട്.
1 വയസ്സിന് താഴെയുള്ള ഒരു കുട്ടിയുടെ ഫോട്ടോ പങ്കിടുന്നതിൽ താരതമ്യേന പ്രശ്നങ്ങൾ കുറവാണ്. കാരണം ആദ്യത്തെ കുറച്ച് മാസങ്ങളിൽ കുട്ടിയുടെ മുഖ സവിശേഷതകൾ മാറിക്കൊണ്ടേയിരിക്കുന്നു. എന്നാൽ കുട്ടി അൽപ്പം വളർന്നുകഴിഞ്ഞാൽ പിന്നീട് കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല. ഒരു വയസിന് മുകളിലുള്ള കുട്ടികളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ കൂടുതലാണ്.


Click it and Unblock the Notifications