സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഉടമകളാകൂ സര്‍ക്കറിലൂടെ (വീഡിയോ)

Posted By: Staff

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഉടമകളാകൂ സര്‍ക്കറിലൂടെ (വീഡിയോ)

ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റില്‍ അംഗമാണോ നിങ്ങള്‍? അംഗം മാത്രമോ അതോ ഓഹരി ഉടമ കൂടിയാണോ? ആകാന്‍ സാധ്യത കുറവാണ്. അംഗങ്ങള്‍ക്കെല്ലാം ഓഹരി ഉടമകളാകാനാകില്ലല്ലോ. എന്നാല്‍ സര്‍ക്കര്‍ (സുര്‍ക്കര്‍) എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിനെ പരിചയപ്പെടാം. ഇവിടെ അംഗങ്ങളെല്ലാവരും സൈറ്റ് ഉടമകളും കൂടിയാണ്.

സൈറ്റുകളില്‍ നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന വിവരങ്ങള്‍ മാത്രമല്ല സൈറ്റിന്റെ ചെറിയൊരു ഓഹരി കൂടി സ്വന്തമാക്കാന്‍ ഇതില്‍ അംഗങ്ങള്‍ക്ക് കഴിയും. അംഗങ്ങളായിക്കഴിഞ്ഞാല്‍ സൈറ്റിന്റെ ഒരു ഓഹരി സൗജന്യമായി ഈ അംഗത്തിന് ലഭിക്കും. കൊള്ളാം അല്ലേ? ഇപ്പോള്‍ ബീറ്റാ ടെസ്റ്റിംഗിലാണ് സര്‍ക്കര്‍.

എന്താണ് സമാന സൈറ്റുകളില്‍ നിന്ന് സര്‍ക്കറിനുള്ള മേന്മ? ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ മുതലാളിത്തവും ജനാധിപത്യവും തമ്മിലുള്ള അന്തരമാണ് സര്‍ക്കറിനെ മറ്റുള്ളവയില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. വന്‍ നിക്ഷേപക സ്ഥാപനങ്ങളുടെ കീഴിലായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലെ സ്ഥിതി എന്താണ്. പരസ്യങ്ങളില്‍ നിന്നും മറ്റും പണമുണ്ടാക്കാന്‍ അതിലെ അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് സുപ്രധാന വിവരങ്ങള്‍ മൂന്നാമന് കൈമാറുന്നു. പെയ്ഡ് ആപ്ലിക്കേഷനുകള്‍ പരിചയപ്പെടുത്തി ഉപയോക്കതാക്കളെ അതിലേക്ക് ആകര്‍ഷിക്കുന്നു. ഇതെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം.

സര്‍ക്കര്‍ ഒരു ജനാധിപത്യത്തിലധിഷ്ഠിതമായ സൈറ്റാണ്. അംഗങ്ങള്‍ എല്ലാവര്‍ക്കും തന്നെ സൈറ്റില്‍ ഉടമസ്ഥാവകാശം ഉള്ള അവസ്ഥ! സൈറ്റിനാവശ്യമായ ആശയങ്ങളും നിര്‍ദ്ദേശങ്ങളും ഓരോ അംഗത്തില്‍ നിന്നുമാണ് ലഭിക്കേണ്ടതെന്ന് സര്‍ക്കര്‍ വിശ്വസിക്കുന്നു. ഡാറ്റകള്‍ മറ്റുള്ളവര്‍ക്ക് ചോര്‍ത്തുന്നതിനല്ല മറിച്ച് സുരക്ഷാബോധത്തോടെ സൗഹൃദം സ്ഥാപിക്കാനാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ എന്ന് വിശ്വസിക്കുന്നവര്‍ക്കാകും സര്‍ക്കറിന്റെ സേവനം ആവശ്യമായി വരിക.

മറ്റ് സൈറ്റുകളെ വളര്‍ത്തുന്നത് ഉപയോക്താക്കളാണെങ്കിലും അതിന്റെ ഗുണഭോക്താവ് സൈറ്റ് ഉടമ മാത്രമാണ്. അതായത് കൂടുതല്‍ സുഹൃത്തുക്കളെ സൈറ്റുമായി നിങ്ങള്‍ പരിചയപ്പെടുത്തുമ്പോഴും അതിന്റെ ഗുണം അനുഭവിക്കുന്നത് സൈറ്റാണ്. അതേ സമയം സര്‍ക്കറില്‍ സുഹൃത്തുക്കളെ പരിചയപ്പെടുത്തുന്നതിനനുസരിച്ച് കൂടുതല്‍ ഓഹരി നിങ്ങളിലേക്ക് എത്തുകയാണ് ചെയ്യുന്നത്.

കൂടുതല്‍ പേര്‍ അംഗങ്ങളാകുന്നതോടെ സൈറ്റിന്റെ മൂല്യം കൂടുന്നു. മൂല്യം കൂടുന്നതിനുസരിച്ച് നിങ്ങളുടെ ഓഹരിയ്ക്കും മൂല്യം ഏറി വരുന്നു. സര്‍ക്കറിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ ഈ വീഡിയോ നിങ്ങളെ സഹായിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot