നോക്കിയ ആശ ഫോണുകളില്‍ സിങ്ക ഗെയിംസ് ഡൗണ്‍ലോഡ് ചെയ്യാം

Posted By: Staff

നോക്കിയ ആശ ഫോണുകളില്‍ സിങ്ക ഗെയിംസ് ഡൗണ്‍ലോഡ് ചെയ്യാം

പ്രമുഖ ഗെയിം ഡെവലപര്‍ സിങ്ക നോക്കിയയുമായി ചേര്‍ന്ന് ആശ ടച്ച്‌സ്‌ക്രീന്‍ ഫോണുകളില്‍ വിവിധ ഗെയിമുകള്‍ കൊണ്ടുവന്നു. സിങ്ക പോക്കര്‍, ഡ്രോ സംതിംഗ് എന്നീ ഗെയിമുകളാണ് അടുത്തിടെ ഇറക്കിയ ആശ ടച്ച് ഫോണുകളില്‍ എത്തുന്നത്. നോക്കിയ സ്‌റ്റോറില്‍ നിന്നും ഈ ഗെയിമുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

ആശ 311, ആശ 306, ആശ 305 എന്നീ മോഡലുകളെയാണ് ഈ രണ്ട് ഗെയിമുകളും പിന്തുണക്കുക. ആശ ടച്ച്‌ഫോണുകളില്‍ ഇതോടെ ഒരു പ്രമുഖ കമ്പനിയുടെ കൂടി ഗെയിമുകള്‍ ലഭ്യമായിരിക്കുകയാണ്. ഇതിന് മുമ്പ് ഇഎ സ്‌പോര്‍ട്‌സ്, ഗെയിംലോഫ്റ്റ്, റോവിയോ തുടങ്ങിയവയുടെ ഗെയിമുകള്‍ പ്രീലോഡായി ഹാന്‍ഡ്‌സെറ്റുകളില്‍ എത്തിയിരുന്നു.

1 ജിഗാഹെര്‍ട്‌സ് പ്രോസസറുള്‍പ്പെടുന്ന ആശ 311 ഫോണ്‍ ഗെയിമിംഗിലും മികച്ചുനില്‍ക്കുന്ന ഹാന്‍ഡ്‌സെറ്റുകളിലൊന്നാണ്. ഡ്യുവല്‍ സിം ഫോണ്‍ പ്രത്യേകതയോടെയാണ് ആശ 305 എത്തിയിട്ടുള്ളത്. 305ന്റെ പിന്‍ഗാമിയാണ് ആശ 306. എന്നാല്‍ ഒറ്റ സിം പിന്തുണയേ ഇതിലുള്ളൂ. വൈഫൈ പിന്തുണയോടെയെത്തുന്ന വില കുറഞ്ഞ ഫോണുകളിലൊന്നാണിത്.

എസ് 40 ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ആശ ഫോണുകളുടെ പ്രവര്‍ത്തനം. ജനുവരി മുതല്‍ ഏപ്രില്‍ വരെ നോക്കിയ സ്‌റ്റോറില്‍ ഉണ്ടായിട്ടുള്ള ഡൗണ്‍ലോഡുകളില്‍ 42 ശതമാനവും ആശ ഫോണ്‍ ഉപയോക്താക്കളാണ് നടത്തിയിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കുന്നു. സിങ്കയുടെ കൂടി വരവ് ആശ ടച്ച്‌ഫോണുകള്‍ക്ക് കൂടുതല്‍ പ്രചാരം നേടാന്‍ ഇടയാക്കുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്.

Please Wait while comments are loading...

Social Counting