അൺലിമിറ്റഡ് ഡാറ്റയുമായി 648 രൂപയുടെ പുതിയ പോസ്റ്റ്പെയ്ഡ് IR പ്ലാൻ പുറത്തിറക്കി എയർടെൽ
ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ ഇപ്പോൾ തങ്ങളുടെ ഇന്റർനാഷണൽ റോമിങ് (IR) പ്ലാനുകൾ പരിഷ്കരിക്കുന്നതിന്റെ തിരക്കിലാണ്. അടുത്തിടെ പ്രീപെയ്ഡ് പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി എയർടെൽ ഒരു പുതിയ എൻട്രിലെവൽ ഐആർ പ്ലാൻ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പോസ്റ്റ്പെയ്ഡ് ഐആർ പ്ലാനുകളിലും പുതിയ പരിഷ്കരണങ്ങൾ നടത്തി. പഴയ എൻട്രിലെവൽ ഐആർ പോസ്റ്റ്പെയ്ഡ് പ്ലാൻ പിൻവലിച്ച എയർടെൽ ഇപ്പോൾ അൺലിമിറ്റഡ് ഡാറ്റ സഹിതം ഒരു പുതിയ പ്ലാൻ ഇറക്കിയിരിക്കുന്നു. പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് 189 രാജ്യങ്ങളിലേക്ക് തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ ഈ ഇന്റർനാഷണൽ റോമിങ് പ്ലാൻ സഹായിക്കും എന്ന് എയർടെൽ പറയുന്നു.
648 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് ഐആർ പ്ലാൻ: എയർടെൽ പുതിയതായി അവതരിപ്പിച്ച പോസ്റ്റ്പെയ്ഡ് ഐആർ പ്ലാൻ 648 രൂപ വിലയിലാണ് എത്തിയിരിക്കുന്നത്. അൺലിമിറ്റഡ് ഡാറ്റ എന്ന് എയർടെൽ പറയുന്നുണ്ടെങ്കിലും ഈ പ്ലാനിനും ഫെയർ യൂസേജ് പോളിസി പരിധി ബാധകമാണ്. അതിനാൽ ആകെ 1ജിബി ഹൈസ്പീഡ് ഡാറ്റയാണ് ഇതിൽ ലഭ്യമാകുക. അതിന് ശേഷം അൺലിമിറ്റഡ് ഡാറ്റ 80 കെബിപിഎസ് വേഗതയിലാകും ലഭിക്കുക.

1 ജിബി ഹൈ സ്പീഡ് ഡാറ്റയ്ക്ക് പുറമേ, 100 മിനിറ്റ് ഔട്ട്‌ഗോയിംഗ്, ഇൻകമിംഗ് കോളുകൾ (ലോക്കലിലേക്കും ഇന്ത്യയിലേക്കും), സൗജന്യ ഇൻകമിംഗ് എസ്എംഎസ്, 10 ഔട്ട്‌ഗോയിംഗ് എസ്എംഎസ്, ഒരു ദിവസത്തെ വാലിഡിറ്റി എന്നിവയാണ് ഈ 648 രൂപ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ.
648 രൂപയുടെ ഈ എൻട്രിലെവൽ എയർടെൽ പോസ്റ്റ്പെയ്ഡ് ഐആർ പ്ലാനിൽ അന്താരാഷ്ട്ര റോമിംഗിലായിരിക്കുമ്പോൾ വിളിക്കുന്ന അന്താരാഷ്ട്ര കോളുകൾക്ക് മിനിറ്റിന് 45 രൂപ ഈടാക്കും. മുമ്പ്, 649 രൂപ വിലയിലാണ് എൻട്രി ലെവൽ പോസ്റ്റ്പെയ്ഡ് ഐആർ പ്ലാൻ എത്തിയിരുന്നത്. അതിൽ ആകെ 500MB ഡാറ്റ മാത്രമേ ലഭിച്ചിരുന്നുള്ളൂ, പുതിയ പ്ലാനിൽ അത് ഇരട്ടിയാക്കി (1GB ഹൈ-സ്പീഡ് ഡാറ്റ).

അതിനാൽത്തന്നെ മുൻപ് ലഭിച്ചിരുന്ന പ്ലാനിനെക്കാൾ മികച്ച ആനുകൂല്യങ്ങൾ ഈ പുതിയ എയർടെൽ പോസ്റ്റ്പെയ്ഡ് ഐആർ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. റോമിംഗ് സ്ഥലത്ത് എത്തുമ്പോൾ മാത്രമേ അന്താരാഷ്ട്ര റോമിംഗ് പായ്ക്ക് ആനുകൂല്യങ്ങൾ സജീവമാകൂ. ഒരൊറ്റ പ്ലാൻ ഉപയോഗിച്ച്, 189 രാജ്യങ്ങളിലേക്കുള്ള യാത്ര ഈസിയായിരിക്കുന്നു എന്നതാണ് ഈ പ്ലാനിന്റെ ഒരു നേട്ടം. അതായത് ഓരോ രാജ്യത്തേക്ക് പോകുമ്പോഴും ഏത് പ്ലാൻ ഉപയോഗിക്കണം എന്ന് ആശങ്കപ്പെടേണ്ടതില്ല.
എയർടെല്ലിന്റെ IR പ്ലാനിന്റെ മറ്റൊരു നേട്ടം, വിദേശത്ത് ഇറങ്ങുമ്പോൾ ഉപഭോക്താക്കൾ ഒരു നെറ്റ്‌വർക്ക് നേരിട്ട് തിരഞ്ഞെടുക്കേണ്ടതില്ല എന്നതാണ്, കാരണം അന്താരാഷ്ട്ര റോമിംഗ് പായ്ക്കുകൾ പരിരക്ഷിത രാജ്യങ്ങളിലെ എല്ലാ ഓപ്പറേറ്റർമാർക്കും ബാധകമാണ്. അടുത്തിടെ എയർടെൽ തങ്ങളുടെ എൻട്രിലെവൽ പ്രീപെയ്ഡ് ഐആർ പ്ലാനും പരിഷ്കരിച്ചിരുന്നു. ഇതും 648 രൂപ വിലയിൽ ആണ് എത്തുന്നത്.
അതായത് എയർടെലിന്റെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് ഐആർ എൻട്രിലെവൽ പ്ലാനുകൾ ഇപ്പോൾ 648 രൂപയിലാണ് എത്തുന്നത്. അടുത്തിടെ എയർടെൽ അവതരിപ്പിച്ച പുതിയ പ്രീപെയ്ഡ് ഐആർ പ്ലാൻ 798 രൂപ വിലയിലാണ് എത്തിയത്. ഇന്ത്യയിലും 189 രാജ്യങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ അൺലിമിറ്റഡ് ഐആർ പ്ലാൻ എന്നതാണ് 798 രൂപയുടെ പുതിയ എയർടെൽ പ്ലാനിന്റെ പ്രധാന പ്രത്യേകത.

798 രൂപയുടെ പ്രീപെയ്ഡ് ഐആർ പ്ലാൻ 5 ദിവസത്തെ വാലിഡിറ്റിയോടെയാണ് ആനുകൂല്യങ്ങൾ ലഭ്യമാകുക. ഈ പ്ലാനിൽ എയർടെൽ ഉപഭോക്താക്കൾക്ക് 2 ജിബി ഡാറ്റ, 150 മിനിറ്റ് ഔട്ട്‌ഗോയിംഗ്, ഇൻകമിംഗ് (ലോക്കൽ, ഇന്ത്യ), സൗജന്യ ഇൻകമിംഗ് എസ്എംഎസ്, 20 ഔട്ട്‌ഗോയിംഗ് എസ്എംഎസ് എന്നിവ ലഭിക്കും.


Click it and Unblock the Notifications







