എല്ലാ ആനുകൂല്യങ്ങളും ഉണ്ട്! 200 രൂപയിൽ താഴെ വിലയിൽ പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച് എയർടെൽ
ഡാറ്റ, കോളിങ്, എസ്എംഎസ്, വാലിഡിറ്റി എന്നിങ്ങനെ എല്ലാ ആനുകൂല്യങ്ങളും ഉൾപ്പെടുത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ (Bharti Airtel) പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. 189 രൂപയാണ് ഈ പ്ലാനിന്റെ വില. കുറഞ്ഞ വിലയിൽ വാലിഡിറ്റി നില നിർത്താനും സേവനങ്ങൾ വാങ്ങാനും ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് സഹായകരമാകും വിധത്തിലാണ് ഈ പ്ലാൻ എത്തിയിരിക്കുന്നത്. ഇതോടെ എയർടെലിന്റെ ഏറ്റവും വില കുറഞ്ഞ റീച്ചാർജ് പ്ലാൻ എന്ന സ്ഥാനം ഈ പുതിയ പ്ലാനിന്റെ പേരിലായിട്ടുണ്ട്. 199 രൂപ വിലയിലാണ് എയർടെലിന്റെ എൻട്രിലെവൽ പ്ലാൻ ഇതുവരെ എത്തിയിരുന്നത്.
ഇന്ത്യയിലെ എല്ലാ ടെലിക്കോം സർക്കിളുകളിലും എയർടെലിന്റെ പുതിയ 189 രൂപ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാകും. ജിയോയുമായുള്ള മത്സരത്തിന്റെ ഭാഗമായിക്കൂടിയാകാം എയർടെൽ ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത് എന്ന് വിലയിരുത്തപ്പെടുന്നു. റിലയൻസ് ജിയോയ്ക്ക് 189 രൂപ വിലയിൽ ഒരു പ്രീപെയ്ഡ് പ്ലാൻ ഇതിനകം തന്നെയുണ്ട്.

എയർടെൽ 189 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് കോളിങ്, ആകെ 1ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് ഈ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 21 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭ്യമാകുക.
ഡാറ്റ ആനുകൂല്യം കുറവായതിനാൽ കൂടുതൽ ഡാറ്റ വേണ്ട ഉപയോക്താക്കൾ എയർടെലിന്റെ ഡാറ്റ പ്ലാനുകളെ ആശ്രയിക്കേണ്ടിവരും. കുറഞ്ഞ വിലയിൽ വാങ്ങാനാകുന്ന ഒരു റീച്ചാർജ് പ്ലാൻ എന്ന നിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത് എങ്കിലും യഥാർഥത്തിൽ ഈ പ്ലാനിന് ചെലവ് കൂടുതലാണ്. അതായത് ഈ പ്ലാൻ ഉപയോഗിക്കുന്നതിനുള്ള ദൈനംദിന ചെലവ് 9 രൂപയാണ്.

സ്വകാര്യ ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകളെ സംബന്ധിച്ചിടത്തോളം ചെറിയ വിലയിൽ ലഭ്യമാകുന്ന പ്ലാനുകൾക്കായിരിക്കും ചെലവ് കൂടുതൽ. ദീർഘകാല വാലിഡിറ്റിയുള്ള പ്ലാനുകൾക്ക് വലിയൊരു തുക ഒന്നിച്ച് നൽകേണ്ടിവരുമെങ്കിലും അവയുടെ പ്രതിദിന ചെലവ് കണക്കാക്കിയാൽ വളരെ കുറവാണ് എന്ന് കാണാൻ സാധിക്കും. ഇവിടെയും അങ്ങനെ തന്നെയാണ് സംഭവിച്ചിരിക്കുന്നത്. 200 രൂപയിൽ താഴെ വിലയേ ഉള്ളൂവെങ്കിലും പ്രതിദിന ചെലവ് കൂടുതലാണ്.
ജിയോയുമായുള്ള മത്സരത്തിന്റെ ഭാഗമായി എയർടെൽ വിപണി വിഹിതവും ARPU (ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം) വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണ്. 189 രൂപയുടെ പ്ലാൻ ഈ മത്സരത്തിൽ തങ്ങൾക്ക് പ്രയോജനം ചെയ്യും എന്ന് എയർടെൽ കണക്കുകൂട്ടുന്നു. എന്നാൽ ജിയോയുടെ അതേ വിലയിൽ അതായത് 189 രൂപ വിലയിൽ തന്നെ പുതിയ പ്ലാൻ ഇറക്കിയെങ്കിലും കൂടുതൽ മികച്ചത് ജിയോ പ്ലാൻ ആണ്.
കാരണം ജിയോയുടെ 189 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 28 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ആകെ 2ജിബി ഡാറ്റ, 300 എസ്എംഎസ്, ജിയോടിവി, ജിയോക്ലൗഡ് എന്നീ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് എയർടെലിന്റെ 189 രൂപയുടെ പ്ലാനിൽ ഉള്ളതിനെക്കാൾ ആനുകൂല്യങ്ങൾ ജിയോയുടെ 189 രൂപ പ്ലാനിലാണ് ഉള്ളത്.

എയർടെൽ വരിക്കാരെ സംബന്ധിച്ചിടത്തോളം 28 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വേണമെങ്കിൽ 199 രൂപയുടെ പ്ലാനാണ് ആശ്രയം. 28 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, ആകെ 2ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങളാണ് 199 രൂപയുടെ എയർടെൽ പ്ലാൻ ലഭ്യമാക്കുന്നത്.


Click it and Unblock the Notifications







