ജിയോയ്ക്ക് എതിരേ ഹാട്രിക് സിക്സ് അടിച്ച് എയർടെൽ; 301രൂപയുടെ പുതിയ പ്ലാൻ ഇറക്കി
ഇന്ത്യൻ ടെലിക്കോം രംഗത്ത് ബിഎസ്എൻഎൽ ഒഴികെയുള്ള ടെലിക്കോം കമ്പനികൾക്കിടയിൽ ഐപിഎൽ തരംഗം ആഞ്ഞടിക്കുന്നു. തങ്ങളുടെ വരിക്കാർക്ക് ഐപിഎൽ കാണാൻ അവസരം ഒരുക്കുന്നതിനായി ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അടങ്ങുന്ന പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ച് ജിയോ, എയർടെൽ, വിഐ എന്നീ സ്വകാര്യ ടെലിക്കോം കമ്പനികൾ രംഗത്തെത്തിയിരുന്നു. ജിയോ തങ്ങളുടെ പ്ലാനുകളും ഓഫറുകളും നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എയർടെൽ കഴിഞ്ഞ ദിവസം 100 രൂപ, 195 രൂപ എന്നീ വിലകളിൽ പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. അതിന് പിന്നാലെ വിഐയും മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. ഇതിന് പിന്നാലെ ഇപ്പോൾ എയർടെൽ ഒരു പുതിയ പ്ലാൻ കൂടി അവതരിപ്പിച്ചിരിക്കുന്നു.
അതായത് കഴിഞ്ഞ ദിവസം രണ്ട് പ്ലാനുകൾ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതം പുറത്തിറക്കിയത് കൂടാതെ ഒരു പുതിയ പ്ലാൻ കൂടി അവതരിപ്പിച്ചുകൊണ്ട് എയർടെൽ ഹാട്രിക് പ്ലാനുകൾ വരിക്കാർക്ക് സമ്മാനിച്ചിരിക്കുന്നു. 100 രൂപ, 195 രൂപ പ്ലാനുകൾ ഡാറ്റ പ്ലാനുകൾ ആയിരുന്നു. എന്നാൽ പുതിയതായി അവതരിപ്പിച്ചിരിക്കുന്ന 301 രൂപയുടെ പ്ലാൻ വാലിഡിറ്റി സഹിതമാണ് എത്തുന്നത്.

301 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ: എയർടെലിന്റെ പുതിയ 301 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 1 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങളും ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു.
301 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ 28 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്. എന്നാൽ ഇതോടൊപ്പം ലഭ്യമാകുന്ന ജിയോഹോട്ട്സ്റ്റാർ മൊബൈലിന്റെ വാലിഡിറ്റി മൂന്ന് മാസമാണ് എന്നത് ശ്രദ്ധേയമാണ്. ഐപിഎൽ കാണാനുള്ള അവസരം ഒരുക്കുന്നതിനൊപ്പം ടെലിക്കോം ആവശ്യങ്ങളും നിറവേറ്റാൻ ഈ പ്ലാൻ സഹായിക്കും.

301 രൂപയുടെ പുതിയ എയർടെൽ പ്ലാനിനൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന അധിക ആനുകൂല്യങ്ങളിൽ മൂന്ന് മാസത്തേക്ക് അപ്പോളോ 24|7 സർക്കിളും സൗജന്യ ഹെലോട്യൂണും ഉൾപ്പെടുന്നു. ജിയോഹോട്ട്സ്റ്റാറിനൊപ്പം വരുന്ന കൂടുതൽ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ എയർടെൽ വേറെയും നൽകുന്നുണ്ട്. പുതിയ പ്ലാനുകൾക്ക് പുറമെ, ജിയോഹോട്ട്സ്റ്റാർ ഒടിടി (ഓവർ-ദി-ടോപ്പ്) ആനുകൂല്യം ബണ്ടിൽ ചെയ്യുന്ന പഴയ പ്ലാനുകളും എയർടെലിന് ഉണ്ട്.
എയർടെൽ കഴിഞ്ഞ ദിവസം ഐപിഎല്ലിനായി അവതരിപ്പിച്ച 100 രൂപയുടെ ജിയോഹോട്ട്‌സ്റ്റാർ ഡാറ്റ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. 5ജിബി ഡാറ്റയും ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും ആണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അടിസ്ഥാന വാലിഡിറ്റിയുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കുന്ന എയർടെൽ വരിക്കാർക്ക് ഈ പ്ലാൻ ലഭ്യമാണ്.
100 രൂപയുടെ പ്ലാനിനോടൊപ്പം 195 രൂപയുടെ ഒരു പ്ലാനും ജിയോഹോട്ട്സ്റ്റാർ സഹിതം എയർടെൽ പുറത്തിറക്കിയിരുന്നു. അത് 90 ദിവസത്തെ വാലിഡിറ്റിയിൽ വരുന്നു. ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും 15 ജിബി ഡാറ്റയുമാണ് ഈ വൗച്ചർ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. എയർടെൽ വരിക്കാരെ സംബന്ധിച്ചിടത്തോളം 100 രൂപ വൗച്ചറിനെക്കാൾ ലാഭം 195 രൂപ വൗച്ചർ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നതായിരിക്കും.

ജിയോ 299 രൂപയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് ഇന്ന് മുതൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമായി വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽത്തന്നെ എയർടെൽ, വിഐ എന്നിവയുടെ വരിക്കാരെക്കാൾ കൂടുതൽ ജിയോഹോട്ട്സ്റ്റാർ പ്ലാനുകൾ ലഭ്യമായിട്ടുള്ളത് ജിയോ വരിക്കാർക്കാണ്. എന്തായാലും ഐപിഎൽ സീസൺ തങ്ങളുടേത് കൂടിയാക്കിമാറ്റാൻ ടെലിക്കോം കമ്പനികൾക്കിടയിൽ മത്സരം ശക്തമാണ്.


Click it and Unblock the Notifications








