പണ്ട് വില കൂടും മുമ്പ് കണ്ടപോലെയല്ല, ആകെ മാറി! 399 രൂപ റീച്ചാർജ് പ്ലാൻ വീണ്ടും അവതരിപ്പിച്ച് എയർടെൽ
ഇന്ത്യൻ ടെലിക്കോം രംഗത്ത് വരിക്കാരുടെ എണ്ണത്തിൽ, രണ്ടാമത്തെ വലിയ കമ്പനിയായ ഭാരതി എയർടെൽ തങ്ങളുടെ 399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വീണ്ടും അവതരിപ്പിച്ചിരിക്കുന്നു (Bharti Airtel New Rs 399 Prepaid Plan Arrives). അൺലിമിറ്റഡ് 5ജി ഡാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമായിട്ടാണ് ഈ പ്ലാൻ എത്തിയിരിക്കുന്നത്. 399 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ എന്നത് 2024 ജൂലൈയ്ക്ക് ശേഷം എയർടെൽ സിം എടുത്തവർക്ക് ഒരുപക്ഷേ പരിചയം ഉള്ള പ്ലാനല്ല. എന്നാൽ അതിന് മുൻപ് എയർടെൽ വരിക്കാർക്ക് 399 രൂപയുടെ പ്ലാൻ വളരെ സുപരിചിതമായിരുന്നു.
എയർടെലിന് വളരെ നാളുകൾക്ക് മുൻപ് 399 രൂപയുടെ റീച്ചാർജ് പ്ലാൻ ഉണ്ടായിരുന്നു. എന്നാൽ 2024 ജൂലൈയിൽ നിരക്ക് വർധന നടപ്പാക്കിയ ഘട്ടത്തിൽ മറ്റ് പല പ്ലാനുകൾക്കൊപ്പം 399 രൂപയുടെ പ്ലാനും പിൻവലിക്കപ്പെട്ടു. എന്നാലിപ്പോൾ വീണ്ടും അതേ വിലയിൽ ഒരു പുതിയ റീച്ചാർജ് പ്ലാൻ പ്രീപെയ്ഡ് വരിക്കാർക്കായി എയർടെൽ കൊണ്ടുവന്നിരിക്കുന്നു.

399 രൂപ വിലയിൽ പുതിയ പ്ലാൻ എത്തിയെങ്കിലും ഈ വിലയിലുള്ള പ്ലാനിൽ മുൻപ് ലഭ്യമായിരുന്ന ആനുകൂല്യങ്ങളല്ല ഇപ്പോൾ കാണാൻ കഴിയുക. ജൂലൈയിൽ നടപ്പായ പുതിയ താരിഫ് ഘടന അനുസരിച്ച് ഉള്ള പരിഷ്കരിച്ച ആനുകൂല്യങ്ങൾ സഹിതമാണ് എയർടെൽ ഇപ്പോഴത്തെ 399 രൂപ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.
399 രൂപയുടെ പുതിയ എയർടെൽ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: 28 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാൻ 2.5 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങളും ചില അധിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

399 രൂപയുടെ പുതിയ എയർടെൽ പ്ലാനിലെ അധിക ആനുകൂല്യങ്ങളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ, 28 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എന്നിവ അടങ്ങുന്നുണ്ട്. അതിനാൽ ഒടിടി സബ്സ്ക്രിപ്ഷൻ ഇഷ്ടപ്പെടുന്ന വരിക്കാർക്ക് ഈ ഡീൽ മികച്ച റീച്ചാർജ് ഓപ്ഷൻ ആയേക്കും. ഈ പ്ലാനിനായി എയർടെൽ ഉപയോക്താവിന് പ്രതിദിനം 14.25 രൂപയാണ് ചിലവാകുക.
ഇനി ഒരു കൗതുകത്തിന് മുൻപ് 399 രൂപയുടെ പ്ലാനിൽ എയർടെൽ നൽകിയിരുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് കൂടി പരിചയപ്പെടാം. താരിഫ് വർദ്ധനവിന് മുമ്പ് എയർടെല്ലിന്റെ 399 രൂപ പ്ലാൻ പ്രതിദിനം 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോൾ ഇത് പ്രതിദിനം 2.5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. മറ്റ് ആനുകൂല്യങ്ങൾ ഏതാണ്ട് സമാനമാണ്.
5ജി ഫോൺ ഉള്ള എയർടെൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് അൽപ്പം ചെലവേറിയ ഓപ്ഷനാണ് എന്ന് പറയേണ്ടിയിരിക്കുന്നു. കാരണം 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള എല്ലാ പ്ലാനുകളിലും ജിയോയും എയർടെലും അൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ തെരഞ്ഞെടുത്താൽ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കും.

അടുത്തിടെ എയർടെൽ നടത്തിയ 349 രൂപയുടെ പ്ലാൻ പരിഷ്കരണത്തിന് ശേഷം ഇപ്പോൾ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുന്ന ഏറ്റവും ചെലവ് കുറഞ്ഞ പ്ലാൻ എന്ന നിലയിൽ 349 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാണ്. അതിന് മുൻപ് 379 രൂപയുടെ പ്ലാനായിരുന്നു ഏറ്റവും കുറഞ്ഞ വിലയിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാക്കിയിരുന്നത്.
അൺലിമിറ്റഡ് 5ജി ഡാറ്റ വേണ്ട എയർടെൽ വരിക്കാരെ സംബന്ധിച്ചിടത്തോളം 399 രൂപയുടെ പ്ലാനിനെക്കാൾ ലാഭം 349 രൂപയുടെ പ്ലാനാണ്. എന്നാൽ 4ജി ഫോണുള്ള എയർടെൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ഉയർന്ന അളവ് പ്രതിദിന ഡാറ്റയ്ക്കായി പുതിയ 399 രൂപ പ്ലാൻ പരിഗണിക്കാവുന്നതാണ്. കൂടാതെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉണ്ട് എന്നത് കണക്കാക്കിയും ഏത് എയർടെൽ വരിക്കാരനും ഈ പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്.


Click it and Unblock the Notifications







