ലാഭം വിട്ടൊരു കളിയില്ല, കാഞ്ഞ ബുദ്ധിതന്നെ! വോയ്സ്, എസ്എംഎസ് ഒൺലി പ്ലാൻ അവതരിപ്പിച്ച് എയർടെൽ
ടെലിക്കോം ഉപയോക്താക്കൾക്ക് വോയ്സ്, എസ്എംഎസ് ആനുകൂല്യങ്ങൾ മാത്രമുള്ള റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കണമെന്ന് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) ഏതാനും ആഴ്ചകൾക്ക് മുൻപ് ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവ് പാലിച്ചുകൊണ്ട് എയർടെൽ തങ്ങളുടെ വരിക്കാർക്കായി വോയ്സ്, എസ്എംഎസ് ആനുകൂല്യങ്ങൾ മാത്രമുള്ള രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നു. 509 രൂപ, 1999 രൂപ നിരക്കുകളിലാണ് എയർടെലിന്റെ വോയ്സ്- എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ എത്തിയിരിക്കുന്നത്. ട്രായിയുടെ ഉത്തരവ് നടപ്പാക്കിയെങ്കിലും ഈ ഉത്തരവിന്റെ പിന്നിലുള്ള ലക്ഷ്യത്തെ അട്ടിമറിച്ച് സ്വന്തം താൽപര്യം സംരക്ഷിച്ചുകൊണ്ടുള്ള പ്ലാനാണ് ഇപ്പോൾ എയർടെൽ അവതരിപ്പിച്ചിരിക്കുന്നത് എന്നതാണ് സത്യം.
അതായത് 509 രൂപ, 1999 രൂപ വിലകളിലുള്ള എയർടെൽ പ്ലാനുകൾ നേരത്തെ തന്നെ നിലവിൽ ഉള്ളതാണ്.
509 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, 6ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും മൂന്ന് മാസത്തേക്കുള്ള അപ്പോളോ 24|7 സർക്കിൾ അംഗത്വം, വിങ്ക് മ്യൂസിക്, ഫ്രീ ഹെലോട്യൂൺസ് എന്നിവയും ആണ് ലഭ്യമായിരുന്നത്.

എന്നാലിപ്പോൾ എയർടെൽ ഈ 509 രൂപ പ്ലാനിലെ ഡാറ്റ ആനുകൂല്യം എടുത്ത് കളഞ്ഞുകൊണ്ട് ഇതിനെ ഒരു വോയ്സ്, എസ്എംഎസ് ഒൺലി പ്ലാനായി മാറ്റിയിരിക്കുന്നു. യഥാർഥത്തിൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ഈ പ്ലാൻ നഷ്ടമാണ്. കാരണം മുൻപ് ഇതിൽ ഡാറ്റ ഉൾപ്പെടെ ലഭ്യമാകുമായിരുന്നു. എന്നാൽ ഇപ്പോൾ ഡാറ്റ ഒഴിവാക്കിയെങ്കിലും ഈ പ്ലാനിന്റെ നിരക്ക് കുറയ്ക്കാൻ എയർടെൽ തയാറായില്ല.
509 രൂപയുടെ പുതിയ എയർടെൽ പ്ലാൻ 84 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളുകളും 900 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. മുൻപ് 509 രൂപ വിലയിൽ ലഭ്യമായിരുന്ന പ്ലാൻ ഇപ്പോൾ 6 ജിബി ഡാറ്റ ഉൾപ്പെടെ അതേ ആനുകൂല്യങ്ങളോടെ 569 രൂപ വിലയിൽ ലഭ്യമാക്കിയിരിക്കുന്നു.

റീച്ചാർജ് പ്ലാനുകളെ സംബന്ധിച്ചിടത്തോളം വില ഉയരുന്നതിനുള്ള പ്രധാന കാരണം ഡാറ്റ ആനുകൂല്യം അതിൽ അടങ്ങുന്നു എന്നതായിരുന്നു. ലഭ്യമാകുന്ന ഡാറ്റയുടെയും വാലിഡിറ്റിയുടെയും നില അനുസരിച്ചാണ് പ്ലാനുകളുടെ നിരക്ക് കൂടിയിരുന്നത്. വോയ്സ്, എസ്എംഎസ് ഒൺലി പ്ലാനുകൾ വരുന്നതോടെ ഡാറ്റയുള്ള പ്ലാനുകളെക്കാൾ കുറഞ്ഞ വിലയിൽ ആളുകൾക്ക് റീച്ചാർജ് പ്ലാനുകൾ ലഭിക്കും എന്ന നല്ല ഉദ്ദേശം ട്രായിക്ക് ഉണ്ടായിരുന്നു.
എന്നാൽ എയർടെൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന വോയ്സ്, എസ്എംഎസ് ഒൺലി പ്ലാനുകൾ കണ്ടാൽ ട്രായിയുടെ ഉത്തരവിന് പിന്നിലുള്ള സദുദ്ദേശത്തെ കാണാതെ, തങ്ങൾ നടപ്പാക്കിയ നിരക്ക് വർധനയ്ക്ക് ഒരു കോട്ടവും വരാതെയും നഷ്ടം ഉണ്ടാകാതെയും ഉള്ള പ്ലാനുകളാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത് എന്ന് വ്യക്തമാണ്. ഈ പ്ലാൻ യഥാർഥത്തിൽ വരിക്കാർക്ക് ഒരു നേട്ടവും അധികമായി നൽകുന്നില്ല.
509 രൂപയുടെ പ്ലാൻ മാത്രമല്ല, 1999 രൂപയുടെ പ്ലാനിന്റെ കാര്യവും ഇങ്ങനെ തന്നെയാണ്. മുൻപ് ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിങ്, ആകെ 24ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ 365 ദിവസ വാലിഡിറ്റിയിൽ ലഭ്യമായിരുന്നു. എന്നാലിപ്പോൾ ഇതിൽ നിന്ന് 24ജിബി ഡാറ്റ ഒഴിവാക്കി എയർടെൽ ഇതിനെ വോയ്സ് ഒൺലി പ്ലാൻ ആക്കി അവതരിപ്പിച്ചിരിക്കുന്നു. ഇവിടെയും വരിക്കാരന് ഡാറ്റ ഒഴിവാക്കിയതിന്റെ ലാഭമൊന്നും ലഭ്യമാകുന്നില്ല.

മുൻപ് 1999 രൂപ പ്ലാനിൽ ലഭ്യമാക്കിയിരുന്ന ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ഇപ്പോൾ 2249 രൂപ നൽകണം. അതായത് 365 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളുകളും 3600 എസ്എംഎസും 24 ജിബി ഡാറ്റയും 2249 രൂപയുടെ പ്ലാനിലാണ് ഇപ്പോൾ ലഭ്യമാകുക. എയർടെൽ എക്സ്സ്ട്രീം ആപ്പ്, അപ്പോളോ 24|7 സർക്കിൾ അംഗത്വം, സൗജന്യ ഹലോ ട്യൂൺസ് എന്നിവയാണ് ഇതിലെ മറ്റ് ആനുകൂല്യങ്ങൾ.
കുറഞ്ഞ നിരക്കിൽ ആളുകൾക്ക് റീച്ചാർജ് ഓപ്ഷനുകൾ ലഭ്യമാക്കാൻ കൂടിയാണ് ട്രായി വോയ്സ്-എസ്എംഎസ് ഒൺലി പ്ലാനുകൾ അവതരിപ്പിക്കാൻ ഉത്തരവിട്ടത്. എന്നാൽ ആ ലക്ഷ്യം നിറവേറ്റാൻ ഈ എയർടെൽ പ്ലാനുകൾക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. ഇനി ജിയോയും വിഐയും ഇതേ മാതൃക അനുകരിച്ച് തന്നെ വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകളുമായി രംഗത്ത് എത്തിയേക്കാം. അങ്ങനെയെങ്കിൽ ട്രായിയുടെ ഉത്തരവ് പൂർണ്ണമായും പൊളിയും. ഉത്തരവ് നിറവേറ്റി എന്നതിനപ്പുറം അവ സാധാരണക്കാരെ പരിഗണിക്കുന്നില്ല എന്ന് വ്യക്തമാണ്!.


Click it and Unblock the Notifications








