ആ പ്ലാൻ കളഞ്ഞ് എയർടെൽ; പുതിയ വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകൾ അവതരിപ്പിച്ചു
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെൽ (Airtel) ട്രായി നിർദേശപ്രകാരം പുതിയ വോയ്സ്- എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ പ്രഖ്യാപിച്ചു. 499 രൂപ, 1,959 രൂപ വിലകളിലാണ് എയർടെലിന്റെ വോയ്‌സ്, എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ എത്തിയിരിക്കുന്നത്. നേരത്തെ 509 രൂപ, 1999 രൂപ വിലകളിലുള്ള പ്ലാനുകളിൽ നിന്ന് ഡാറ്റ ആനുകൂല്യം മാത്രം ഒഴിവാക്കി എയർടെൽ പുതിയ വോയ്സ്- എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിക്കും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ ഇതിൽ നിന്ന് വ്യത്യസ്തമായ പ്ലാനുകളാണ് എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്.
499 രൂപയുടെ എയർടെൽ വോയ്സ്- എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാൻ: ഈ പ്രീപെയ്ഡ് പ്ലാനിൽ 84 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും 900 എസ്എംഎസും വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഇതിലെ എയർടെൽ റിവാർഡുകളിൽ 3 മാസത്തേക്ക് അപ്പോളോ 24/7 സർക്കിൾ അംഗത്വവും സൗജന്യ ഹലോ ട്യൂണുകളും ഉൾപ്പെടുന്നു.

മുൻപ് എയർടെലിന് 509 രൂപ വിലയിൽ ഒരു പ്രീപെയ്ഡ് പ്ലാൻ ഉണ്ടായിരുന്നു. ആകെ 6ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, 900 എസ്എംഎസ് എന്നിവ 84 ദിവസ വാലിഡിറ്റിയിൽ ആ പ്ലാനിൽ ലഭ്യമായിരുന്നു. ഇപ്പോൾ ഇതിൽ ഡാറ്റ ഒഴിവാക്കി വിലയിൽ 10 രൂപ കുറവും വരുത്തി 499 രൂപയുടെ വോയ്സ് ഒൺലി പ്ലാനായി എയർടെൽ അവതരിപ്പിച്ചിരിക്കുകയാണ്. ഈ പ്ലാൻ എത്തിയതോടെ 509 രൂപയുടെ പ്ലാൻ പിൻവലിച്ച് പകരം പ്ലാനിറക്കുകയും ചെയ്തിട്ടുണ്ട്.
1,959 രൂപയുടെ എയർടെൽ വോയ്സ്- എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാൻ: 365 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ അൺലിമിറ്റഡ് കോളിങ്, ആകെ 3600 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഇതോടൊപ്പമുള്ള എയർടെൽ റിവാർഡ്സിൽ 3 മാസത്തേക്ക് അപ്പോളോ 24/7 സർക്കിൾ അംഗത്വവും സൗജന്യ ഹലോ ട്യൂണുകളും ഉൾപ്പെടുന്നു.

മുൻപ് 1999 രൂപ വിലയിൽ എയർടെൽ ഒരു ബജറ്റ് ഫ്രണ്ട്ലി പ്ലാൻ നൽകിയിരുന്നു. അതിൽ അൺലിമിറ്റഡ് കോളിങ്, ആകെ 24ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ 365 ദിവസ വാലിഡിറ്റിയിൽ ലഭ്യമായിരുന്നു. ഇപ്പോൾ ആ പ്ലാൻ പരിഷ്കരിച്ച് ഡാറ്റ ഒഴിവാക്കുകയും വിലയിൽ 40 രൂപ കുറവ് വരുത്തുകയും ചെയ്തുകൊണ്ടാണ് 1,959 രൂപയുടെ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാൻ എയർടെൽ സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ പറഞ്ഞത് 509 രൂപ, 1999 രൂപ പ്ലാനുകളിലെ ഡാറ്റ ഒഴിവാക്കി അതേ വിലയിൽ എയർടെൽ വോയ്സ്-എസ്എംഎസ് ഒൺലി പ്ലാനുകൾ പുറത്തിറക്കുമെന്നും ഇവ ജനുവരി 23 മുതൽ നിലവിൽ വരും എന്നുമായിരുന്നു. എന്നാൽ ഈ വിവരം പുറത്തുവന്നതോടെ ഡാറ്റ വെട്ടിക്കുറയ്ക്കുകയും വില കുറയ്ക്കാതിരിക്കുകയും ചെയ്യുന്ന എയർടെൽ നീക്കത്തിനെതിരേ ട്രോളുകളും വിമർശനങ്ങളും സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞു. പ്രതിഷേധം കണക്കിലെടുത്താണോ മണിക്കൂറുകൾക്കകം പ്ലാനുകളിൽ മാറ്റങ്ങൾ വന്നത് എന്ന് വ്യക്തമല്ല.
എയർടെൽ മാത്രമല്ല, റിലയൻസ് ജിയോയും പുതിയ വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. 458 രൂപ, 1,958 രൂപ എന്നീ വിലകളിലാണ് ജിയോയുടെ പുതിയ വോയ്സ്-ഒൺലി പ്ലാനുകൾ എത്തിയിരിക്കുന്നത്. മുൻപ് ലഭ്യമായിരുന്ന വാല്യൂ പ്രീപെയ്ഡ് പ്ലാനുകൾ നിർത്തലാക്കിക്കൊണ്ട് അവയുടെ സ്ഥാനത്താണ് ഈ പ്ലാനുകൾ ജിയോ നൽകിയിരിക്കുന്നത്.

ജിയോയുടെ 458 രൂപ പ്ലാനിലെയും എയർടെലിന്റെ 499 രൂപ പ്ലാനിലെയും പ്രധാന ആനുകൂല്യങ്ങൾ സമാനമാണ്. അതുപോലെ തന്നെ ജിയോയുടെ 1,958 രൂപയുടെയും എയർടെലിന്റെ 1,959 രൂപയുടെയും വോയ്സ്- എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാനുകളിലെയും പ്രധാന ആനുകൂല്യങ്ങൾ സമാനമാണ്. ഇവിടെ ജിയോയുടെ 84 ദിവസ വാലിഡിറ്റി പ്ലാനാണ് കുറച്ചുകൂടി താങ്ങാനാകുന്ന നിലയിൽ എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.


Click it and Unblock the Notifications








