വീട്ടിലേക്ക് ഹൈസ്പീഡ് ഇന്റർനെറ്റ് ആയാലോ! 2 പുതിയ 100 Mbps പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ
ഇന്ത്യയിൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഉള്ള വീടുകളുടെ എണ്ണം ഉയരുകയാണ്. ആളുകളുടെ ജീവിതചര്യകൾ മാറുകയും ഇന്റർനെറ്റ് ആവശ്യങ്ങൾ ഉയരുകയും ചെയ്യുന്നതിന്റെ ഭാഗമായി ഇന്റർനെറ്റ് കണക്ഷനുകൾ വൈദ്യുതി കണക്ഷനുകൾ പോലെ അവശ്യം വേണ്ട ഒന്നായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ എയർടെൽ മികച്ച സ്പീഡിൽ ഇന്റർനെറ്റ് ലഭ്യമാക്കുന്ന രണ്ട് പുതിയ ഓപ്ഷനുകൾ കൂടി അവതരിപ്പിച്ചുകൊണ്ട് കൂടുതൽ വരിക്കാരെ ആകർഷിക്കാൻ ശ്രമിക്കുന്നു. 999 രൂപ, 1199 രൂപ വിലകളിലാണ് പുതിയ എയർടെൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ എത്തിയിരിക്കുന്നത്. ഇവ രണ്ടും 100 Mbps വേഗതയിൽ ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്ന പ്ലാനുകളാണ്.
പുതിയ രണ്ട് പ്ലാനുകൾ കൂടി എത്തിയതോടെ നിലവിൽ 100 Mbps വേഗതയുള്ള എയർടെൽ പ്ലാനുകളുടെ (Airtel 100 Mbps Xstream Fiber Plans) എണ്ണം നാലായിട്ടുണ്ട്. നേരത്തെ 200 Mbps വേഗതയുള്ള പ്ലാനും എയർടെൽ വാഗ്ദാനം ചെയ്തിരുന്നു എങ്കിലും ഇപ്പോഴത് ഇല്ല. ആ പ്ലാൻ പരിഷ്കരിച്ചതിന്റെ കൂടി ഫലമായിട്ടാണ് പുതിയ 100 Mbps പ്ലാനുകൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

എയർടെൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വേണ്ടവർക്കായി നാല് 100 Mbps പ്ലാനുകൾ, ഒരു 300 Mbps പ്ലാൻ, ഒരു 1 Gbps പ്ലാൻ, ഒരു 30 Mbps, ഒരു 40 Mbps പ്ലാൻ എന്നിവയാണ് നിലവിൽ ലഭ്യമായിട്ടുള്ളത്. ഇതിൽ ഏറ്റവും വില കുറഞ്ഞ പ്ലാൻ 499 രൂപയുടെ 40 Mbps പ്ലാനാണ്.
പുതിയ എയർടെൽ 100 Mbps ബ്രോഡ്ബാൻഡ് പ്ലാനുകളിലെ ആനുകൂല്യങ്ങൾ പരിചയപ്പെടാം. 999 രൂപയുടെ എയർടെൽ എക്സ്സ്ട്രീം ഫൈബർ പ്ലാൻ: ഇതിൽ 100Mbps വരെ വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്നു. നെറ്റ്ഫ്ലിക്സ്, ആപ്പിൾ ടിവി+, ആമസോൺ പ്രൈം വീഡിയോ, സീ5, ജിയോ ഹോട്ട്സ്റ്റാർ എന്നിവയിലേക്കുള്ള OTT സബ്‌സ്‌ക്രിപ്‌ഷനുകളും ഇതിലുണ്ട്.

ഇത് കൂടാതെ 999 രൂപയുടെ എയർടെൽ എക്സ്സ്ട്രീം ഫൈബർ പ്ലാനിൽ എയർടെൽ എക്സ്സ്ട്രീം പ്ലേ വഴി മറ്റ് 22 ലധികം OTT പ്ലാറ്റ്‌ഫോമുകളിലേക്കുള്ള സൗജന്യ ആക്‌സസും ലഭിക്കും. 3 മാസം, 6 മാസം, 12 മാസം കാലയളവുകളിലേക്ക് ഈ പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് എയർടെൽ സൗജന്യ ഇൻസ്റ്റാളേഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
1199 രൂപയുടെ എയർടെൽ എക്സ്സ്ട്രീം ഫൈബർ ബ്ലാക്ക് ഐപിടിവി എന്റർടൈൻമെന്റ് പ്ലാൻ: ഈ പ്ലാൻ 100Mbps വരെ വേഗതയിൽ അൺലിമിറ്റഡ് ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്നതിന് പുറമേ, 350-ലധികം ടിവി ചാനലുകൾ (എച്ച്ഡി ചാനലുകൾ ഉൾപ്പെടെ), നെറ്റ്ഫ്ലിക്സ്, ആപ്പിൾ ടിവി+, ആമസോൺ പ്രൈം വീഡിയോ, സീ5, ജിയോഹോട്ട്സ്റ്റാർ എന്നിവയിലേക്കുള്ള ഒടിടി സബ്സ്ക്രിപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.
കൂടാതെ എയർടെൽ എക്സ്സ്ട്രീം പ്ലേ വഴി 22-ലധികം ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്‌സസും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. അഡ്വാൻസ് വാടക പ്ലാനുകളിൽ എയർടെൽ സൗജന്യ ഇൻസ്റ്റാളേഷൻ നൽകുന്നു. മാർച്ച് അവസാന വാരത്തിൽ എയർടെൽ ആരംഭിച്ച ഐപിടിവി സേവനം ഈ പ്ലാനിൽ ലഭ്യമാണ്.

എയർടെലിന്റെ മറ്റ് രണ്ട് ഫൈബർ 100 എംബിപിഎസ് പ്ലാനുകൾ 899 രൂപ, 799 രൂപ വിലകളിലെത്തുന്നു. ഇതിൽ 899 രൂപ പ്ലാനിൽ 100Mbps വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ, ഐപിടിവി സേവനം, 350+ ടിവി ചാനലുകൾ, സീ5, ജിയോഹോട്ട്സ്റ്റാർ തുടങ്ങിയ ഒടിടി സബ്സ്ക്രിപ്ഷനുകൾ എന്നിവ ലഭ്യമാകുന്നു.
കൂടാതെ 899 രൂപയുടെ പ്ലാനിൽ എയർടെൽ എക്സ്സ്ട്രീം പ്ലേ വഴി 22-ലധികം OTT ആപ്പുകളുടെ സബ്സ്ക്രിപ്ഷനും ലഭിക്കും. ടിവി ചാനലുകൾ അല്ലെങ്കിൽ OTT സബ്‌സ്‌ക്രിപ്‌ഷനുകൾ പോലുള്ള എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങൾ ആവശ്യമില്ലാത്ത ഉപയോക്താക്കൾക്ക് കുറഞ്ഞ വിലയിൽ 100 Mbps വേഗതയിൽ ഡാറ്റ ലഭ്യമാകുന്നു പ്ലാനാണ് 799 രൂപയുടേത്.


Click it and Unblock the Notifications








