കുറച്ചുകൂടി ശരിയാകാനുണ്ട്! വീണ്ടും റീച്ചാർജ് നിരക്ക് വർധിപ്പിക്കാനുള്ള ആഗ്രഹം പരസ്യമാക്കി എയർടെൽ MD
രാജ്യത്ത് ടെലിക്കോം നിരക്കകുകൾ വീണ്ടും വർധിക്കുമോ എന്ന ആശങ്ക വിതച്ച് എയർടെൽ (Airtel). സുസ്ഥിരമായ നിക്ഷേപങ്ങളും ലോങ് ടേം വാല്യൂ ക്രിയേഷനും ഉറപ്പാക്കാൻ ടെലിക്കോം മേഖലയിൽ കൂടുതൽ താരിഫ് പരിഷ്കരണം ആവശ്യമാണെന്ന് ഭാരതി എയർടെല്ലിന്റെ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (എംഡി) ഗോപാൽ വിറ്റൽ പറഞ്ഞു. അടുത്തിടെയായി ഇടയ്ക്കിടയ്ക്ക് എയർടെൽ ഇക്കാര്യം പരാമർശിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യൻ ടെലിക്കോം മേഖലയിൽ സുപ്രധാന സ്ഥാനമുള്ള കമ്പനിയാണ് എയർടെൽ. ജിയോ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം ടെലിക്കോം ഉപയോക്താക്കൾ ഉള്ളത് എയർടെലിനാണ്.
എയർടെൽ ഒരു തീരുമാനമെടുത്താൽ അത് ടെലിക്കോം മേഖലയിൽ ദൂരവ്യാപകമായ പ്രതിഫലനങ്ങൾ ഉണ്ടാക്കും. 2024 ജൂലൈയിൽ ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നീ സ്വകാര്യ കമ്പനികൾ ടെലിക്കോം നിരക്ക് വർധന നടപ്പാക്കിയിരുന്നു. ഏതാണ്ട് 25 ശതമാനം വരെ വർധനയാണ് അന്ന് ഉണ്ടായത്. ഇത് സാധാരണക്കാരായ ടെലിക്കോം ഉപയോക്താക്കളെ ഏറെ ബാധിച്ചു.

നിരക്ക് വർധന സൃഷ്ടിച്ച ആഘാതത്തോട് വരിക്കാർ പൊരുത്തപ്പെട്ട് വരുന്നതിനിടെയാണ് എയർടെൽ മുതലാളിയുടെ ഈ പുതിയ ആഗ്രഹപ്രകടനം ഉണ്ടായിരിക്കുന്നത്. ഇനിയും നിരക്ക് വർധിപ്പിക്കണം എന്ന എയർടെൽ നയത്തോട് അനുകൂലമായ നിലപാട് തന്നെയാണ് മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വിഐക്കും ഉള്ളത്. ഇക്കാര്യം വിഐ അധികൃതരും ഏതാനും നാൾ മുൻപ് വെളിപ്പെടുത്തിയിരുന്നു.
റിലയൻസ് ജിയോയുടെ തീരുമാനമാണ് റീച്ചാർജ് നിരക്കുകൂട്ടുന്നതിൽ നിർണായകമാകുക. നിലവിൽ നിരക്കുകൾ വർധിപ്പിക്കുന്നതിനോട് ജിയോ യോജിക്കാൻ സാധ്യതയില്ല. മുൻപ് മൂന്ന് സ്വകാര്യ കമ്പനികളും പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചു എങ്കിലും ഏറ്റവുമധികം വിമർശനങ്ങൾ കേട്ടത് ജിയോയ്ക്ക് ആയിരുന്നു. നിരവധി ഉപയോക്താക്കൾ (ഏകദേശം ഒരു കോടിയിലധികം പേർ) നിരക്ക് വർധനയ്ക്ക് ശേഷം ജിയോ കണക്ഷൻ ഉപേക്ഷിച്ചു.

നിരക്ക് വർധനയ്ക്ക് ശേഷം ആദ്യമായി ജിയോയ്ക്ക് പുതിയ വരിക്കാരെ നേടുന്നതിൽ മുന്നിലെത്താനായത് 2024 നവംബറിൽ മാത്രമാണ്. പ്ലാനുകളുടെ വില വർധിപ്പിച്ചതിന് ശേഷം ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ തുടങ്ങിയ മാസങ്ങളിൽ ജിയോയ്ക്ക് വൻ തോതിൽ ഉപയോക്താക്കളെ നഷ്ടമായി. ഈ നഷ്ടക്കണക്കുകളിൽ നിന്ന് ഒരു തിരിച്ചുവരവ് പ്രകടമായത് നവംബറിൽ മാത്രമാണ്.
ആഗ്രഹമുണ്ടെങ്കിലും, ജിയോ നിരക്ക് വർധിപ്പിക്കാതെ എയർടെലിനും വിഐക്കും നിരക്ക് വർധന നടപ്പാക്കുക എളുപ്പമല്ല. കാരണം നിരക്ക് വർധനയിൽ പ്രതിഷേധിച്ച് ആളുകൾ ജിയോയിലേക്ക് പോകും. അതേസമയം ജിയോയും കൂടെ നിന്നാൽ അധികം പേടിക്കാനില്ല എന്ന് ഇവർ കരുതിയേക്കാം. കാരണം പിന്നെയുള്ള ഓപ്ഷൻ ബിഎസ്എൻഎൽ ആണ്. മോശം നെറ്റ്വർക്ക് മൂലം അധികം പേർ അങ്ങോട്ട് പോകില്ലെന്നാണ് മുൻപ് തന്നെ ഈ കമ്പനികൾ വിശ്വസിച്ചുവരുന്നത്.
നിലവിൽ ഇന്ത്യൻ ടെലിക്കാം മേഖലയിൽ ഒരു വരിക്കാരനിൽ നിന്ന് പ്രതിമാസം ഏറ്റവുമധികം വരുമാനം നേടുന്ന കമ്പനി എയർടെൽ ആണ്. ഈ പാദത്തിൽ ഭാരതി എയർടെല്ലിന്റെ ARPU 245 രൂപയിലെത്തി എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതായത് ഒരു വരിക്കാരനിൽ നിന്ന് ശരാശരി 245 രൂപ വരുമാനം എയർടെൽ നേടുന്നുണ്ട്. ഇത് മറ്റേതൊരു ടെലിക്കോം കമ്പനിയുടെയും എആർപിയുവിനെക്കാൾ വളരെ ഉയർന്നതാണ്.

അധികം വൈകാരെ ARPU 250 രൂപയിലെത്തിക്കുക എന്നതാണ് എയർടെൽ ലക്ഷ്യമിടുന്നത്, ഇത് FY25 അവസാനത്തോടെ എയർടെൽ കൈവരിക്കുകതന്നെ ചെയ്യും. തുടർന്ന് മൊബൈൽ ARPU 300 രൂപയിലേക്ക് എത്തിക്കാൻ എയർടെൽ ആഗ്രഹിക്കുന്നു. ഇതിന് ഒരു നിരക്ക് വർധന ആവശ്യമായി വരും. എങ്കിലും ഉടനേ ഒരു നിരക്ക് വർധനയിലേക്ക് എയർടെൽ കടക്കില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്.
കാരണം ഇപ്പോൾ നിരക്ക് കൂട്ടിയാൽ അത് രണ്ടിൽ കൂടുതൽ സിം കാർഡുകൾ കൈവശം വയ്ക്കുന്ന ഉപഭോക്താക്കളെ അലോസരപ്പെടുത്തും എന്ന് എയർടെൽ വിലയിരുത്തുന്നു. വിറ്റലിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത് നിലവിലെ ടെലിക്കോം നിരക്കുകൾ അവർ മുടക്കിയ നിക്ഷേപം തിരിച്ചുപിടിക്കുന്നതിന് പര്യാപ്തമല്ല എന്നാണ്. കൂടുതൽ സേവനങ്ങൾ അവതരിപ്പിച്ചുകൊണ്ട് വരുമാനം വർധിപ്പിക്കുക എന്നതാണ് ഇപ്പോൾ എആർപിയു ഉയർത്താൻ എയർടെലിന് മുന്നിലുള്ള വഴി.


Click it and Unblock the Notifications








