അവിടെ എല്ലാവർക്കും സുഖമല്ലല്ലോ, പക്ഷേ ഇവിടെ എല്ലാവർക്കും സുഖമാണ്! എയർടെലിന്റെ മറ്റൊരു കിടിലൻ നീക്കം
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനി റിലയൻസ് ജിയോ ആണെങ്കിലും പോസ്റ്റ്പെയ്ഡ് വരിക്കാരുടെ എണ്ണത്തിന്റെ കാര്യത്തിൽ ജിയോ മൂന്നാം സ്ഥാനത്ത് മാത്രമാണ് ഉള്ളത്. പോസ്റ്റ്പെയ്ഡിൽ കിങ് എയർടെൽ ആണ്. തൊട്ടുപിന്നിലായി ഉള്ളത് വിഐയും. നിലവിലെ സ്ഥാനം മെച്ചപ്പെടുത്താനും കൂടുതൽ പോസ്റ്റ്പെയ്ഡ് വരിക്കാരെ നേടാനും ജിയോ പരിശ്രമിക്കുന്നുണ്ട് എങ്കിലും ഒരിഞ്ച് പോലും വിട്ടുകൊടുക്കാൻ എയർടെൽ തയാറല്ല. അതിനാൽത്തന്നെ മികച്ച നിരവധി ഓഫറുകൾ പോസ്റ്റ്പെയ്ഡ് വരിക്കാർക്കായും എയർടെൽ നൽകുന്നു. എയർടെലിന്റെ വരുമാനം വർധിപ്പിക്കുന്നതിൽ ഈ പോസ്റ്റ്പെയ്ഡ് വരിക്കാർ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നത് വേറെ കാര്യം.
മുന്നേറാനും എതിരാളിയുടെ അവസരങ്ങൾ വെട്ടാനുമുള്ള ഒരു അവസരവും ടെലിക്കോം കമ്പനികൾ പാഴാക്കാറില്ല. ഇപ്പോൾ ഇന്ത്യയിൽ ഐപിഎൽ ആവേശം ആരംഭിച്ചതോടെ ടെലിക്കോം കമ്പനികളും വൻ കളികളാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ജിയോസിനിമയുമായി ലയനം നടന്നതോടെ ഹോട്ട്സ്റ്റാർ ജിയോഹോട്ട്സ്റ്റാർ ആയി മാറിക്കഴിഞ്ഞു. ടെലിക്കോം കമ്പനിഭേദമന്യേ ഐപിഎൽ ആരാധകർ നിരവധിയുണ്ട്, ഇവർ ഐപിഎൽ ലൈവായി കാണാൻ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആഗ്രഹിക്കുന്നു.

ടെലിക്കോം കമ്പനികളാകട്ടെ ഈ അവസരം മുതലെടുത്ത് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അടങ്ങുന്ന പ്ലാനുകളും ഡാറ്റ പ്ലാനുകളുമൊക്കെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. ജിയോ, എയർടെൽ, വിഐ എന്നീ മൂന്ന് ടെലിക്കോം കമ്പനികളും ഇപ്പോൾ ഒന്നിലധികം ക്രിക്കറ്റ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ പുതിയ പ്ലാനുകൾ അധികവും പ്രീപെയ്ഡ് ആണ്. എന്നാൽ പോസ്റ്റ്പെയ്ഡ് വരിക്കാർ അത് കണ്ട് നിരാശരാകേണ്ട കാര്യമില്ല.
പ്രീപെയ്ഡ് വരിക്കാർക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കണമെങ്കിൽ അതിന്റെ സബ്സ്ക്രിപ്ഷൻ അടങ്ങുന്ന ഏത് പ്ലാനാണ് ലഭ്യമായിട്ടുള്ളത് എന്ന് കണ്ടുപിടിച്ച ശേഷം അത് ഉപയോഗിച്ച് റീച്ചാർജ് ചെയ്യണം. എന്നാൽ പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് അത്തരം ബുദ്ധിമുട്ടുകളൊന്നും നേരിടേണ്ടതില്ല. കാരണം ജിയോ തങ്ങളുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമായി വാഗ്ദാനം ചെയ്യുന്നുണ്ട്.

പോസ്റ്റ്പെയ്ഡ് കണക്ഷനുകളുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ള ജിയോ അവരുടെ വരിക്കാർക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭ്യമാക്കുമ്പോൾ ഒന്നാം സ്ഥാനത്തുള്ള എയർടെലിന് വെറുതേയിരിക്കാനാകുമോ! എയർടെലും തങ്ങളുടെ എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കൊപ്പവും ഇപ്പോൾ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു. 449 രൂപയിൽ ആരംഭിക്കുന്ന എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ ഉപയോഗിക്കുന്ന ഏതൊരാൾക്കും ഈ സബ്സ്ക്രിപ്ഷൻ ലഭ്യമാക്കിയിട്ടുണ്ട്.
449 രൂപയുടെ എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനിൽ മൂന്ന് മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ അധിക ആനുകൂല്യമായി ലഭിക്കുന്നു. ഇതേപോലെ, 549 രൂപ, 699 രൂപ, 999 രൂപ, 1,199 രൂപ, 1,399 രൂപ, 1,749 രൂപ വിലകളിൽ ലഭ്യമായിട്ടുള്ള എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ ഒരു വർഷത്തെ ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭിക്കും.
അവിടെ എല്ലാ പ്രീപെയ്ഡ് വരിക്കാർക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അത്ര സുഖമായി ലഭ്യമാകില്ല. എന്നാലിവിടെ പോസ്റ്റ്പെയ്ഡ് പ്ലാനിൽ എല്ലാ വരിക്കാർക്കും സുഖമായി ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭ്യമാക്കിയിരിക്കുന്നു. ഈ ഒടിടി സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാക്കിയത് കൂടാതെ ഐപിഎൽ കണക്കിലെടുത്ത് എയർടെൽ മറ്റൊരു ആനുകൂല്യം കൂടി എയർടെൽ തങ്ങളുടെ വരിക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത അനുഭവം ഉറപ്പാക്കാൻ എയർടെൽ ഇന്ത്യയിലെ എല്ലാ ഐപിഎൽ സ്റ്റേഡിയങ്ങളിലുമുള്ള തങ്ങളുടെ നെറ്റ്‌വർക്ക് ശക്തിപ്പെടുത്തിയിരിക്കുന്നു. അതിനാൽ സ്റ്റേഡിയത്തിൽ എത്തുന്ന എയർടെൽ ഉപയോക്താക്കൾക്ക് തടസമില്ലാത്ത ടെലിക്കോം സേവനങ്ങൾ ഉറപ്പാകുന്നു. പോസ്റ്റ്പെയ്ഡ് വരിക്കാർക്കായി എയർടെൽ അടുത്തിടെ മറ്റൊരു സൗകര്യം കൂടി ലഭ്യമാക്കിയിരുന്നു. ആപ്പിളുമായി ഒരു പാർട്നർഷിപ്പ് പ്രഖ്യാപിച്ച എയർടെൽ, 999 രൂപയും അതിൽ കൂടുതലുമുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിൽ ആറ് മാസത്തെ സൗജന്യ ആപ്പിൾ മ്യൂസിക് സബ്സ്ക്രിപ്ഷൻ ലഭ്യമാക്കിയിരിക്കുന്നു എന്നതാണത്.


Click it and Unblock the Notifications







