എന്താ ഒരു അനുസരണ! ട്രായി പറഞ്ഞതുകൊണ്ട് എയർടെൽ കൊണ്ടുവന്ന 30 ദിവസ വാലിഡിറ്റി പ്ലാനുകൾ
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് ഭാരതി എയർടെൽ. ഇന്ത്യയിലെ ടെലിക്കോം കമ്പനികളെപ്പറ്റി പറയുമ്പോൾ നിരവധി തവണ ഉയർന്നുകേൾക്കുന്ന ഒരു വിമർശനമാണ് ''ബാക്കിയെല്ലാർക്കും വർഷത്തിൽ 12 മാസം ആണെങ്കിൽ, സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് മാത്രം വർഷത്തിൽ 13 മാസം ഉണ്ട്'' എന്നത്. ഈ വിമർശനം വളരെ കഴമ്പുള്ളതാണ്. സ്വകാര്യ ടെലിക്കോം കമ്പനികൾ മുൻപ് 30 ദിവസ വാലിഡിറ്റിയിൽ പ്ലാനുകൾ നൽകിയിരുന്നില്ല. 28 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ നൽകുന്നതിനോടാണ് അവർക്ക് താൽപര്യം. കാരണം ഒരു മാസം വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ നൽകിയാൽ പ്രതിമാസ റീച്ചാർജ് ചെയ്യുന്നവർക്ക് വർഷത്തിൽ 12 തവണ റീച്ചാർജ് ചെയ്താൽ മതി.
അതേസമയം 28 ദിവസ പ്ലാനുകൾ തെരഞ്ഞെടുക്കാൻ വരിക്കാരെ പ്രേരിപ്പിച്ചാൽ അവർക്ക് വർഷത്തിൽ 13 തവണ റീച്ചാർജ് ചെയ്യേണ്ടിവരും. സാധാരണക്കാർ കൂടുതലും പ്രതിമാസ പ്ലാനുകളാണ് തെരഞ്ഞെടുക്കാറുള്ളത്. അതിനാൽത്തന്നെ 28 ദിവസ പ്ലാനുകളിലൂടെ സ്വകാര്യ കമ്പനികൾ കാര്യമായ വരുമാനം നേടുന്നുണ്ട്. എന്നാൽ ടെലിക്കോം കമ്പനികളുടെ ഈ തന്ത്രത്തിനെതിരേ ഒരു വിഭാഗം ഉപയോക്താക്കൾ രംഗത്തത്തിയതോടെ ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) വിഷയത്തിൽ ഇടപെട്ടു.

എല്ലാ ടെലിക്കോം കമ്പനികളും 30 ദിവസ വാലഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാനുകൾ നിർബന്ധമായും ലഭ്യമാക്കിയിരിക്കണം എന്ന് ട്രായി ഉത്തരവിട്ടു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കാണുന്ന 30 ദിവസ/ പ്രതിമാസ വാലിഡിറ്റിയുള്ള പ്ലാനുകൾ അവതരിപ്പിക്കപ്പെട്ടത്. തിരിച്ചറി മറികടക്കാൻ, മികച്ച ആനുകൂല്യങ്ങൾ കൂടുതലും 28 ദിവസ വാലിഡിറ്റി പ്ലാനുകളിലാണ് കമ്പനികൾ ഉൾപ്പെടുത്തിയിട്ടുള്ളത്.
ജിയോ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം ടെലിക്കോം വരിക്കാരുള്ള കമ്പനി എയർടെൽ ആണ്. ട്രായി നിർദേശം പാലിക്കുന്നതിനായി 30 ദിവസത്തെ സേവന വാലിഡിറ്റിയുള്ള മൂന്ന് പ്രീപെയ്ഡ് പ്ലാനുകൾ എയർടെൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 219 രൂപ, 355 രൂപ, 589 രൂപ എന്നീ വിലകളിലാണ് ഈ പ്ലാനുകൾ എത്തുന്നത്.

219 രൂപയുടെ എയർടെൽ പ്ലാൻ: 30 ദിവസ വാലിഡിറ്റിയുള്ള എയർടെൽ പ്ലാനുകളിൽ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ ഇതാണ്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ആകെ 3ജിബി 4 ജി ഡാറ്റ, 300 എസ്എംഎസുകൾ എന്നിവയ്ക്ക് ഒപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിങ് സൗകര്യവും ലഭിക്കുന്നു. കൂടാതെ ഈ പ്ലാനിലൂടെ ഉപയോക്താവിന്റെ അക്കൗണ്ടിൽ 5 രൂപയുടെ ടോക്ക്‌ടൈം ബാലൻസും, എക്സ്സ്ട്രീം ആപ്പ് ആക്‌സസും സൗജന്യ ഹെലോട്യൂണുകളും എയർടെൽ നൽകുന്നുണ്ട്.
355 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: 30 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ എയർടെൽ പ്ലാൻ ഇതാണ്. ആകെ 25 ജിബി ബൾക്ക് ഡാറ്റയുമായാണ് ഈ പ്ലാൻ എത്തുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഇതിലുണ്ട്. എക്സ്സ്ട്രീം പ്ലേ ആക്‌സസ്, അപ്പോളോ 24|7 സർക്കിൾ, സൗജന്യ ഹെലോട്യൂണുകൾ എന്നിവയാണ് ഇതിലെ അധിക ആനുകൂല്യങ്ങൾ.
589 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: എയർടെലിന്റെ 30 ദിവസ വാലിഡിറ്റി പ്ലാനുകളിൽ ഏറ്റവും ചെലവേറിയ പ്ലാൻ ഇതാണ്. 30 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 50ജിബി ബൾക്ക് ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ പ്രധാനമായും ലഭിക്കുക.

പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ എയർടെല്ലിന്റെ 589 രൂപ പ്ലാനിൽ സൗജന്യ ഹെലോട്യൂണുകൾ, എക്സ്സ്ട്രീം പ്ലേ, അപ്പോളോ 24|7 സർക്കിൾ എന്നീ അധിക ആനുകൂല്യങ്ങളും ലഭ്യമാകുന്നു. ഡാറ്റ വർധിക്കുന്നതിന് അനുസരിച്ച് തുക കൂടുന്നു എന്നതാണ് എയർടെലിന്റെ 30 ദിവസ വാലിഡിറ്റി പ്ലാനുകളുടെ പ്രത്യേകത. 30 ദിവസ വാലിഡിറ്റിയുള്ള എയർടെൽ പ്ലാനുകളൊന്നും പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നില്ല എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications








