ഇത് നമ്മുടെ എയർടെൽ തന്നെ! 300 രൂപയിൽ താഴെ വിലയിൽ വാലിഡിറ്റി സഹിതമെത്തുന്ന എയർടെൽ പ്ലാനുകൾ
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ വച്ച് ഏറ്റവും നിരക്ക് കൂടുതൽ എത് കമ്പനിക്കാണ് എന്ന് നോക്കിയാൽ എയർടെൽ പ്ലാനുകൾക്കാണ് എന്ന് തോന്നും. നിരവധി ആനുകൂല്യങ്ങൾ മികച്ച നിലവാരത്തിൽ ലഭ്യമാക്കുന്നതിനാൽ എയർടെൽ ആരാധകരിൽ ബഹുഭൂരിപക്ഷവും അവരുടെ പ്ലാനുകളുടെ വില കാര്യമാക്കാറില്ല. എങ്കിലും സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പ്ലാനുകളുടെ നിരക്ക് ഒരു പ്രധാന ഘടകമാണ്. 300 രൂപയിൽ താഴെ ചെലവിൽ വാലിഡിറ്റി സഹിതം എത്തുന്ന എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്. 4ജി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്കാണ് ഈ പ്ലാനുകൾ ഏറ്റവും അനുയോജ്യം. കാരണമെന്തെന്നാൽ ഈ പ്ലാനുകളിലൊന്നും അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമല്ല.
എയർടെലിന്റെ സാധാരണക്കാരായ ഉപയോക്താക്കൾക്ക് 300 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന ഏതാനും മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാണ്. കുറഞ്ഞ വാലിഡിറ്റിയിൽ ഹൃസ്വകാലത്തേക്ക് ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ അനുയോജ്യമായവയാണ് ഈ എയർടെൽ പ്ലാനുകൾ. 199 രൂപ, 219 രൂപ, 249 രൂപ, 299 രൂപ വിലകളിലാണ് ഈ പ്ലാനുകൾ എത്തുന്നത്.

199 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: 28 ദിവസ വാലിഡിറ്റിയിൽ എത്തുന്ന എയർടെലിന്റെ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാനാണ് ഇത്. ആകെ 2 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. എന്നാൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവ 28 ദിവസത്തേക്ക് ലഭിക്കും. മറ്റ് അധിക ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ കൂടുതലായി ഉൾപ്പെടുത്തിയിട്ടില്ല.
219 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: ആകെ 3 ജിബി ഡാറ്റ ആണ് ഈ പ്ലാനിൽ ലഭിക്കുക. അൺലിമിറ്റഡ് വോയ്‌സ് കോളിങ് ഇതിൽ ലഭ്യമാണ്. പക്ഷേ ആകെ 300 എസ്എംഎസ് മാത്രമേ ഇതിലുള്ളൂ. 30 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭ്യമാകുക.

249 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: 24 ദിവസത്തെ സർവീസ് വാലിഡിറ്റിയോടെയാണ് ഈ പ്ലാൻ എത്തുന്നത്. മറ്റ് രണ്ട് പ്ലാനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പ്ലാനിൽ വാലിഡിറ്റി കുറവാണ് എന്ന് തോന്നും. പക്ഷേ മറ്റ് രണ്ട് പ്ലാനുകൾ നൽകുന്നതിനെക്കാൾ ആനുകൂല്യം ഈ പ്ലാനിൽ ലഭ്യമാണ്. ദിവസവും 1ജിബി ഡാറ്റ ഇതിലുണ്ട് എന്നതാണ് ശ്രദ്ധേയം, ഒപ്പം അൺലിമിറ്റഡ് കോളിങ്ങും ദിവസം 100 എസ്എംഎസും ലഭിക്കും.
299 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: ഈ പ്ലാനിലെ ആനുകൂല്യവും 249 രൂപയുടെ പ്ലാനിലെ ആനുകൂല്യവും ഏതാണ്ട് സമാനമാണ്. വാലിഡിറ്റിയുടെ കാര്യത്തിലാണ് പ്രധാന വ്യത്യാസം. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 1 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ പ്ലാൻ എത്തുന്നത്. സൗജന്യ ഹെലോട്യൂൺസ് ആക്‌സസ് ആണ് ഇതിലെ അധിക ആനുകൂല്യം.
ഒരു മാസത്തിനടുത്ത് വാലിഡിറ്റിയിൽ ടെലിക്കോം ആനുകൂല്യങ്ങൾ തേടുന്ന എയർടെൽ വരിക്കാർക്ക് ഈ പ്ലാനുകൾ മികച്ച ഓപ്ഷനാണ്. എന്നാൽ അൺലിമിറ്റഡ് 5ജി ഡാറ്റ അടക്കമുള്ള ആവശ്യങ്ങൾ ഉണ്ടെങ്കിൽ 379 രൂപയുടെ എയർടെൽ പ്ലാൻ തെരഞ്ഞെടുക്കേണ്ടിവരും. 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസമാണ് വാലിഡിറ്റി.

2ജിബി പ്രതിദിന ഡാറ്റയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം മാത്രമേ എയർടെൽ അൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നുള്ളൂ. അതിനാൽ കൂടുതൽ ഡാറ്റ ആവശ്യമുള്ള എയർടെൽ ഉപയോക്താക്കൾക്ക് 5ജി ഫോൺ ഉണ്ടെങ്കിൽ 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകളാണ് കൂടുതൽ ലാഭകരം. 28 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ ഒടിടി സബ്സ്ക്രിപ്ഷൻ, 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ് സഹിതം എത്തുന്ന 398 രൂപയുടെ പ്ലാനും എയർടെൽ ലഭ്യമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications








