എയർടെൽ 195 രൂപയുടെ പ്ലാനിലെ ഡാറ്റയുടെ അളവ് കുറച്ചു, 249 രൂപ പ്ലാന നിർത്തലാക്കി
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ തങ്ങളുടെ 195 രൂപയുടെ ഡാറ്റ പ്ലാനിലെ വാലിഡിറ്റി കുറച്ചിരിക്കുന്നു. ഓരോ വരിക്കാരനിൽ നിന്നുമുള്ള ശരാശരി വരുമാനം (ARPU) പരമാവധി വർധിപ്പിക്കാൻ കഴിഞ്ഞ ചില ദിവസങ്ങളായി ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളെല്ലാം പലവിധ മാറ്റങ്ങൾ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളിൽ വരുത്തിക്കൊണ്ടിരിക്കുന്നു. അതിലെ ഏറ്റവും പുതിയ മാറ്റമാണ് എയർടെൽ 195 രൂപ പ്ലാനിലെ ഡാറ്റ വെട്ടി കുറയ്ക്കൽ. ഇക്കഴിഞ്ഞ ഐപിഎൽ സീസണ് മുന്നോടിയായി എയർടെൽ അവതരിപ്പിച്ച ഡാറ്റ പ്ലാനാണ് 195 രൂപയുടേത്.
എയർടെൽ 195 രൂപ പ്ലാനിൽ വന്ന മാറ്റം
ഇതൊരു ഡാറ്റ പ്ലാനാണ്. എങ്കിലും ഈ പ്ലാൻ പ്രധാനമായും വാഗ്ദാനം ചെയ്യുന്നത് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനാണ്. 90 ദിവസത്തേക്ക് ജിയോ ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം ആകെ 15ജിബി ഡാറ്റയാണ് ഇതുവരെ ലഭ്യമായിരുന്നത്. എന്നാൽ ഇപ്പോൾ അത് 12ജിബി ഡാറ്റയായി കുറച്ചിരിക്കുന്നു.

ഡാറ്റ പ്ലാനുകളിൽ മാറ്റം
ഇപ്പോൾ ജിയോയും എയർടെലും തങ്ങളുടെ ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗത്തെ ചുറ്റിപ്പറ്റിയാണ് മാറ്റങ്ങൾ കൊണ്ടുവന്നുകൊണ്ടിരിക്കുന്നത്. പ്രത്യക്ഷത്തിൽ നിരക്ക് വർധിപ്പിക്കാതെ വരുമാനം വർധിപ്പിക്കാൻ ടെലിക്കോം കമ്പനികൾ ശ്രമിക്കുന്നു എന്ന് വേണം കരുതാൻ. അതിനായി ആളുകൾ കൂടുതലായി ഉപയോഗപ്പെടുത്തുന്ന ചില ലാഭകരമായ പ്ലാനുകൾ നിർത്തലാക്കുകയും കൂടിയ ഓപ്ഷനുകൾ ഉപയോഗിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
എയർടെൽ 249 രൂപ പ്ലാൻ പിൻവലിച്ചു
എയർടെൽ തങ്ങളുടെ 249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നു. ജിയോ തങ്ങളുടെ വെബ്സൈറ്റിൽ നിന്നും മൈജിയോ ആപ്പിൽ നിന്നും 249 രൂപയുടെ പ്ലാൻ പിൻവലിച്ചിരുന്നു. ഇത് പിന്തുടർന്നാണ് എയർടെലും 249 രൂപ പ്ലാൻ നിർത്തലാക്കിയത് എന്ന് കരുതപ്പെടുന്നു. ഈ പ്ലാൻ പിൻവലിച്ചതോടെ ഇത് ഉപയോഗിച്ചിരുന്നവർ കൂടുതൽ തുക നൽകി മറ്റ് പ്ലാനുകൾ ഇനി ഉപയോഗിക്കേണ്ടിവരും.

249 രൂപയുടെ എയർടെൽ പ്ലാനിൽ ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ
ദിവസവും 1ജിബി ഡാറ്റ വീതം ലഭ്യമാകുന്ന എയർടെൽ പ്ലാനുകളിലെ ഏറ്റവും വില കുറഞ്ഞ പ്ലാൻ ആയിരുന്നു 249 രൂപയുടെ പ്ലാൻ. 1ജിബി പ്രതിദിന ഡാറ്റയ്ക്ക് പുറമേ അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും 24 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമായിരുന്നു. സൗജന്യ ഹെല്ലോട്യൂൺസ്, പെർപ്ലെക്സിറ്റി പ്രോ എഐ, എക്സ്സ്ട്രീം പ്ലേ തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഈ പ്ലാൻ വാഗ്ദാനം ചെയ്തിരുന്നു.
എയർടെൽ 299 രൂപ പ്ലാൻ
249 രൂപയുടെ പ്ലാൻ പിൻവലിക്കപ്പെട്ടതോടെ എയർടെൽ വരിക്കാർക്ക് പകരമായി പരിഗണിക്കാൻ അനുയോജ്യമായ ഒരു ഓപ്ഷൻ 299 രൂപയുടെ പ്ലാനാണ്. കാരണം 1ജിബി പ്രതിദിന ഡാറ്റയുമായി ഈ പ്ലാൻ എത്തുന്നു. അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയും 299 രൂപയുടെ പ്ലാനിൽ എയർടെൽ 28 ദിവസ വാലിഡിറ്റിയിൽ നൽകുന്നു.
കുറഞ്ഞ അളവിൽ പ്രതിദിന ഡാറ്റ ഉപയോഗിക്കുന്ന വരിക്കാരെ സംബന്ധിച്ചിടത്തോളം റീച്ചാർജ് ചെലവ് ഉയർത്താൻ എയർടെലിന്റെ ഈ മാറ്റം കാരണമാകും. എയർടെൽ മാത്രമല്ല ജിയോയും ഇതുതന്നെയാണ് ചെയ്തിരിക്കുന്നത്. ജിയോ തങ്ങളുടെ 249 രൂപയുടെ പ്ലാൻ ഉപേക്ഷിച്ചപ്പോൾ പകരമായി വരിക്കാർക്ക് ലഭ്യമായത് 299 രൂപയുടെ പ്ലാൻ തന്നെയാണ്.

എന്നാൽ എയർടെലിന്റെ 299 രൂപയുടെ പ്ലാനിനെക്കാൾ ലാഭം ജിയോയുടെ 299 രൂപ പ്ലാനാണ്. കാരണം 299 രൂപയുടെ പ്ലാനിൽ ജിയോ പ്രതിദിനം 1.5ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 28 ദിവസ വാലിഡിറ്റിയിൽ നൽകുന്നു. കൂടാതെ ജിയോടിവി, ജിയോ ക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാകും.


Click it and Unblock the Notifications








