എയർടെൽ അൺലിമിറ്റഡ് 5G ഡാറ്റ ഇനി കുറഞ്ഞ വിലയിൽ കിട്ടും; പുതിയ എൻട്രിലെവൽ പ്ലാൻ എത്തി
5ജി സ്മാർട്ട്ഫോണുള്ള എയർടെൽ വരിക്കാർക്ക് ഒരു സന്തോഷ വാർത്ത. റീച്ചാർജ് കാശ് ലാഭിക്കാൻ ഇനി ഡാറ്റ പിശുക്കി ജീവിക്കേണ്ട ആവശ്യമില്ല, എയർടെൽ പുതിയ എൻട്രിലെവൽ 5ജി പ്ലാൻ അവതരിപ്പിച്ചിരിക്കുന്നു. ഇനി മുൻപ് ലഭിച്ചിരുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ എയർടെൽ വരിക്കാർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകും. എയർടെലും ജിയോയും തങ്ങളുടെ 5ജി സേവനങ്ങൾ നിലവിൽ സൗജന്യമായാണ് വരിക്കാർക്ക് ലഭ്യമാക്കിയിരിക്കുന്നത് എന്നാണ് പറയാറുള്ളത്. പക്ഷേ എയർടെലിന്റെയും ജിയോയുടെയും നയ പ്രകാരം 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിൽ മാത്രമാണ് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകുക.
2024 ജൂലൈയിൽ നടന്ന നിരക്ക് വർധനവിന് ശേഷം ഇതുവരെ എയർടെലിന്റെ എൻട്രിലെവൽ 5ജി പ്ലാൻ 379 രൂപയുടെ പ്ലാൻ ആയിരുന്നു. എന്നാൽ ഇന്ന് മുതൽ അത് മാറി, ഇപ്പോൾ 349 രൂപയുടെ പ്ലാനാണ് എയർടെലിന്റെ എൻട്രിലെവൽ 5ജി ഡാറ്റ പ്ലാൻ. അതായത് അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ എയർടെൽ പ്ലാൻ ഇനി 349 രൂപ പ്ലാനാണ്.

യഥാർഥത്തിൽ 349 രൂപ പ്ലാൻ എയർടെലിന്റെ പ്രീപെയ്ഡ് പ്ലാൻ പട്ടികയിൽ ഇതിനകം തന്നെ ലഭ്യമായിട്ടുള്ള പ്ലാനാണ്. പ്രതിദിനം 1.5ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയായിരുന്നു 28 ദിവസ വാലിഡിറ്റിയിൽ മുൻപ് 349 രൂപയുടെ എയർടെൽ പ്ലാൻ പ്രധാനമായും വാഗ്ദാനം ചെയ്തിരുന്നത്.
എന്നാൽ ഇപ്പോൾ 349 രൂപയുടെ പ്ലാൻ എയർടെൽ പരിഷ്കരിച്ചിരിക്കുന്നു. അതായത് 1.5ജിബി പ്രതിദിന ഡാറ്റ എന്നത് മാറ്റി ഇതിൽ 2ജിബി പ്രതിദിന ഡാറ്റ നൽകി. അതോടെ അൺലിമിറ്റഡ് 5ജി ഡാറ്റയും ഈ പ്ലാനിന്റെ ഭാഗമായി. അങ്ങനെയാണ് ഏറ്റവും വില കുറഞ്ഞ എയർടെൽ അൺലിമിറ്റഡ് 5ജി ഡാറ്റ പ്ലാൻ എന്ന നേട്ടം 349 രൂപയുടെ പ്ലാനിന് സ്വന്തമായത്.

പുതിയ എയർടെൽ എൻട്രിലെവൽ അൺലിമിറ്റഡ് 5ജി ഡാറ്റ പ്ലാൻ: പ്ലാൻ പരിഷ്കരണത്തിന് ശേഷം ഇപ്പോൾ 349 രൂപയുടെ എയർടെൽ പ്ലാൻ ദിവസവും 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ സഹിതം 28 ദിവസ വാലിഡിറ്റിയിൽ എത്തുന്നു. ഒപ്പം അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ലഭ്യമാകും.
എയർടെൽ 379 രൂപ പ്ലാനും 349 രൂപ പ്ലാനും തമ്മിലുള്ള പ്രധാന വ്യത്യാസം ഇപ്പോൾ വാലിഡിറ്റി മാത്രമാണ്. അതായത് 349 രൂപയുടെ പ്ലാനിൽ 28 ദിവസ വാലിഡിറ്റിയാണ് ലഭിക്കുക. 379 രൂപയുടെ പ്ലാൻ ഒരു മാസ വാലിഡിറ്റിയും. അധികം വൈകാതെ 379 രൂപയുടെ പ്ലാനും എയർടെൽ പരിഷ്കരിക്കാൻ സാധ്യതയുണ്ട്.
ജിയോയുമായുള്ള ശക്തമായ മത്സരമാണ് എൻട്രിലെവൽ 5ജി പ്ലാൻ നിരക്ക് കുറയ്ക്കാൻ എയർടെലിനെ പ്രേരിപ്പിച്ചത് എന്ന് കരുതേണ്ടിയിരിക്കുന്നു. കാരണം ജിയോ നേരത്തെ തന്നെ 349 രൂപ വിലയിൽ എൻട്രിലെവൽ അൺലിമിറ്റഡ് 5ജി പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. എയർടെൽ ഇപ്പോൾ 349 രൂപയുടെ പ്ലാനിൽ നൽകുന്ന അതേ പ്രധാന ആനുകൂല്യങ്ങൾ തന്നെയാണ് ജിയോയുടെ 349 രൂപ പ്ലാനിലും ഉള്ളത്.

മുൻപത്തെക്കാൾ 30 രൂപ കുറഞ്ഞ വിലയിൽ ഇപ്പോൾ എയർടെൽ വരിക്കാർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ പ്ലാൻ സ്വന്തമാകും. മുൻപ് 349 രൂപ പ്ലാൻ സ്ഥിരമായി ഉപയോഗിച്ചുവന്ന എയർടെൽ വരിക്കാർക്ക് പുതിയ പരിഷ്കരണത്തോടെ തങ്ങളുടെ പ്രിയപ്പെട്ട പ്ലാനിൽ കൂടുതൽ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും.
അൺലിമിറ്റഡ് 5ജി സഹിതം എത്തുന്ന 349 രൂപ പ്രീപെയ്ഡ് പ്ലാനിന് 12.46 രൂപയാണ് പ്രതിദിനം ചെലവാകുക. 2ജിബി പ്രതിദിന ഡാറ്റ ഉൾപ്പെടുത്തിക്കൊണ്ടുള്ള 349 രൂപയുടെ പ്ലാനിലെ പുതിയ പരിഷ്കരണം എയർടെൽ വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടില്ല. എന്നാൽ എയർടെൽ ആപ്പിൽ മാറ്റം ദൃശ്യമായിട്ടുണ്ട്. വൈകാതെ വെബ്സൈറ്റിലും അപ്ഡേറ്റ് ചെയ്യും.


Click it and Unblock the Notifications








