കടുവയെ കിടുവ പിടിച്ചോ! ബിഎസ്എൻഎല്ലിനെ അനുസ്മരിപ്പിക്കുന്ന എയർടെൽ പ്ലാൻ, പക്ഷേ ട്വിസ്റ്റുണ്ട്
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ പ്രമുഖനാണ് എയർടെൽ. ടെലിക്കോം സേവനങ്ങൾ ഏറ്റവും മികച്ച നിലവാരത്തിൽ എയർടെൽ നൽകുന്നു എന്ന് അതിന്റെ ഉപയോക്താക്കൾ വിശ്വസിക്കുന്നു. ആ വിശ്വാസത്തിന്റെ കൂടി പ്രതിഫലനമായാണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനി എന്ന സ്ഥാനത്ത് എയർടെൽ നിലനിൽക്കുന്നത്. നിലവിൽ ഏകദേശം 38 കോടി ആളുകൾ എയർടെൽ വരിക്കാരായി ഉണ്ട് എന്നാണ് കണക്ക്. വരിക്കാർക്കായി മികച്ച നിരവധി പ്രീപെയ്ഡ് പ്ലാനുകൾ എയർടെൽ നൽകുന്നുണ്ട്. പൊതുവെ എയർടെൽ പ്ലാനുകൾ കണ്ടാൽ വില അൽപ്പം കൂടുതലാണ് എന്ന് തോന്നും, എന്നാൽ മികച്ച സേവനങ്ങൾ ലഭ്യമാകുന്നതിനാൽത്തന്നെ ഉപയോക്താക്കളിൽ പലരും നേരിയ വിലക്കൂടുതൽ കാര്യമാക്കാറില്ല.
എയർടെലിന്റെ പ്രീപെയ്ഡ് പ്ലാനുകൾ പരിശോധിച്ചാൽ അക്കൂട്ടത്തിൽ ഏകദേശം 5 രൂപ 06 പൈസ മാത്രം പ്രതിദിന ചെലവ് വരുന്ന ഒരു 365 ദിവസ പ്ലാൻ കാണാനാകും. എയർടെലിന്റെ പ്ലാനുകളുടെ കൂട്ടത്തിലെ ഏറ്റവും ചെലവുകുറഞ്ഞതും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ദീർഘകാല വാലിഡിറ്റി ലഭ്യമാകുന്നതുമായ പ്ലാൻ ഒരുപക്ഷേ ഇതായിരിക്കാം.

1849 രൂപയാണ് ഈ പ്ലാനിന്റെ വില. സാധാരണയായി ബിഎസ്എൻഎൽ ആണ് കുറഞ്ഞ നിരക്കിൽ മികച്ച വാലിഡിറ്റിയും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഈ എയർടെൽ പ്ലാൻ കണ്ടാൽ കടുവയെ കിടുവ പിടിച്ചോ എന്ന് തോന്നിപ്പോകും. കാരണം ദിവസവും 5 രൂപ 06 പൈസ മാത്രം ചെലവ് വരുന്ന ഈ 365 ദിവസ എയർടെൽ പ്ലാൻ ബിഎസ്എൻഎൽ പ്ലാനുകളെ അനുസ്മരിപ്പിക്കുന്നു.
സാധാരണക്കാരായ എയർടെൽ വരിക്കാരെ സംബന്ധിച്ചിടത്തോളം 1849 രൂപയുടെ പ്ലാൻ ഒരു മികച്ച റീച്ചാർജ് ഓപ്ഷനാണ്. എന്നാൽ ഈ പ്ലാൻ കിട്ടിയതിന് നന്ദി പറയേണ്ടത് യഥാർഥത്തിൽ ടെലിക്കോം റെഗുലേറ്ററി അതോറിറ്റിയോട് (TRAI) ആണ്, കാരണം ഇത് ഒരു വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാൻ ആണ്.

ഡാറ്റ വേണ്ടാത്ത ഉപയോക്താക്കൾക്കായി പ്രത്യേകം വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകൾ അവതരിപ്പിക്കണം എന്ന് ടെലിക്കോം കമ്പനികൾക്ക് ട്രായി കർശന നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ അവതരിപ്പിക്കപ്പെട്ട എയർടെലിന്റെ രണ്ട് വോയ്സ് ഒൺലി പ്ലാനുകളിൽ ഒന്നാണ് 1849 രൂപയുടെ പ്ലാൻ, അവശേഷിക്കുന്ന പ്ലാൻ 469 രൂപ വിലയിലാണ് എത്തുന്നത്.
1849 രൂപയുടെ എയർടെൽ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളുകളും 3,600 എസ്എംഎസുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 365 ദിവസമാണ് വാലിഡിറ്റി. 3 മാസത്തെ അപ്പോളോ 24/7 സർക്കിൾ അംഗത്വവും സൗജന്യ ഹലോ ട്യൂണുകളും ഈ പ്ലാനിൽ അധിക ആനുകൂല്യമായി ലഭ്യമാണ്.
എയർടെലിന്റെ ഈ മികച്ച പ്ലാൻ ബിഎസ്എൻഎല്ലിന്റെ പ്ലാനുകളെ അനുസ്മരിപ്പിക്കും. എന്നാൽ ബിഎസ്എൻഎല്ലിനെക്കാൾ മികച്ചതാണ് ഈ പ്ലാൻ എന്ന് കരുതരുത്. ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഇതിനെക്കാൾ മികച്ച ആനുകൂല്യങ്ങൾ ബിഎസ്എൻഎല്ലിന്റെ പക്കലുണ്ട് എന്നത് വേറെ കാര്യം. 1199 രൂപ, 1999 രൂപ ഉൾപ്പെടെയുള്ള വിലകളിലെ പ്ലാനുകൾ അതിന് ഉദാഹരണം. എങ്കിലും ഈ ഹോളിക്കാലത്ത് ഈ എയർടെൽ പ്ലാനിനുള്ള ഏറ്റവും മികച്ച മറുപടി 1499 രൂപയുടെ ബിഎസ്എൻഎൽ പ്ലാനാണ്.

കാരണം ഇപ്പോൾ 1499 രൂപയുടെ പ്ലാനിനൊപ്പം ബിഎസ്എൻഎൽ ഹോളി ഓഫർ ലഭ്യമാക്കിയിരിക്കുന്നു. അതിനാൽ മുൻപ് ലഭിച്ചിരുന്നതിനെക്കാൾ ലാഭത്തിൽ 1499 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ ഇപ്പോൾ ആസ്വദിക്കാൻ സാധിക്കും. മുൻപ് 336 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നത്. എന്നാലിപ്പോൾ 365 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ എത്തുന്നു.
ബിഎസ്എൻഎൽ 1499 രൂപ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയിസ് കോളിങ് ആണ് ഈ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യം. കൂടാതെ ഇതിൽ 24ജിബി ബൾക്ക് ഡാറ്റയും ദിവസം 100 എസ്എംഎസും ഉപയോക്താക്കൾക്ക് ലഭ്യമാകും. മാർച്ച് 31ന് മുൻപ് റീച്ചാർജ് ചെയ്താൽ 365 ദിവസ വാലിഡിറ്റിയിൽ ഈ സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും.
മാർച്ച് 1 മുതൽ മാർച്ച് 31 വരെയാണ് ഹോളി ഓഫർ ലഭ്യമാകുക എന്ന് ബിഎസ്എൻഎൽ അറിയിച്ചിട്ടുണ്ട്. 1499 രൂപയുടെ പ്ലാനിന് പുറമേ 2399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലും ബിഎസ്എൻഎൽ ഹോളി ഓഫർ ഉൾപ്പെടുത്തിയിട്ടുണ്ട്. എയർടെൽ വരിക്കാരായി തുടരുന്നവർക്ക് കുറഞ്ഞ ചിലവിൽ ദീർഘകാല വാലിഡിറ്റിക്കായി 1849 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാം. ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ഇപ്പോൾ 1499 രൂപ മുടക്കിയാൽ ചീപ് റേറ്റിൽ ഒരു വർഷം ആഘോഷിക്കാം.


Click it and Unblock the Notifications








