എയർടെലിന്റെ റീച്ചാർജ് നിരക്ക് കൂട്ടൽ: 189 രൂപ പ്ലാൻ നിർത്തലാക്കി; എൻട്രിലെവൽ പ്ലാനിന് ഇപ്പോൾ 199 രൂപ
സാധാരണക്കാരായ എയർടെൽ വരിക്കാരെ ബാധിക്കുന്ന ഒരു പ്രധാന മാറ്റം എയർടെലിന്റെ പ്രീപെയ്ഡ് പ്ലാനിൽ വന്നിരിക്കുന്നു. എയർടെൽ തങ്ങളുടെ 189 രൂപയുടെ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാൻ നിർത്തലാക്കി. ഇതോടെ തൊട്ടടുത്ത ഓപ്ഷനായിരുന്ന 199 രൂപയുടെ പ്ലാനാണ് ഇപ്പോൾ എൻട്രിലെവൽ പ്ലാൻ എന്ന നിലയിൽ ലഭ്യമാകുക. വാലിഡിറ്റി നിലർത്താനും കോളിങ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാനും ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന റീച്ചാർജ് പ്ലാനാണ് എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാൻ. അടുത്തിടെ വരെ, പ്രീപെയ്ഡ് ഉപയോക്താക്കൾക്കുള്ള എയർടെലിന്റെ ട്രൂലി അൺലിമിറ്റഡ് പ്ലാൻ 189 രൂപ വിലയുടെ പ്ലാൻ ആയിരുന്നു.
എയർടെല്ലിന്റെ ട്രൂലി അൺലിമിറ്റഡ് പ്ലാനുകൾ അൺലിമിറ്റഡ് വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. വ്യത്യസ്ത തരം ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഡാറ്റാ-സെൻട്രിക്, വോയ്‌സ്-സെൻട്രിക്, വോയ്‌സ്-ആൻഡ്-എസ്എംഎസ്-ഒൺലി വേരിയന്റുകളിൽ ഈ പ്ലാനുകൾ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ലഭ്യമാണ്. ഇപ്പോൾ എയർടെൽ 189 രൂപയുടെ ട്രൂലി അൺലിമിറ്റഡ് പ്ലാൻ പിൻവലിച്ചതോടെ എയർടെൽ വരിക്കാർ റീച്ചാർജിനായി മുടക്കേണ്ട കുറഞ്ഞ തുക വർധിച്ചിട്ടുണ്ട്.

ഇനി 189 രൂപയ്ക്ക് പകരം കുറഞ്ഞത് 199 രൂപ മുടക്കിയാലേ എയർടെൽ വരിക്കാർക്ക് റീച്ചാർജ് ചെയ്യാനാകൂ. അതായത് എയർടെൽ ട്രൂലി അൺലിമിറ്റഡ് റീച്ചാർജ് പ്ലാനുകൾ ഇപ്പോൾ 199 രൂപ മുതൽ വിലയിൽ ആരംഭിക്കുന്നു. പ്രത്യക്ഷത്തിൽ നടന്ന ഒരു നിരക്ക് വർധനയാണ് ഇത് എന്ന് പറയാനാകില്ല. കാരണം ഇവിടെ എയർടെൽ പ്ലാൻ നിരക്ക് വർധിപ്പിച്ചിട്ടില്ല.
പക്ഷേ പരോക്ഷമായി ഇവിടെ നടന്നിരിക്കുന്നത് നിരക്ക് വർധന തന്നെയാണ്. അതായത് കുറഞ്ഞ വിലയിൽ ലഭ്യമായിരുന്ന ഒരു റീച്ചാർജ് ഓപ്ഷൻ നിർത്തലാക്കിയതോടുകൂടി ആളുകൾ ഉയർന്ന വിലയുള്ള മറ്റൊരു റീച്ചാർജ് പ്ലാനിനെ ഇനിമുതൽ ആശ്രയിക്കേണ്ട അവസ്ഥ വന്നിരിക്കുന്നു. ഇവിടെ ആളുകളുടെ റീച്ചാർജ് ചെലവ് വർധിച്ചിരിക്കുന്നു.

189 രൂപയുടെ എയർടെൽ പ്ലാൻ
ജിയോയുടെ 189 രൂപയുടെ പ്ലാനിനെ അനുകരിച്ചുകൊണ്ട് ഈ വർഷം ജൂലൈയിൽ ആണ് എയർടെൽ 189 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചത്. അൺലിമിറ്റഡ് കോളിങ്, ആകെ 1ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് ഈ എയർടെൽ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 21 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിരുന്നത്.
189 രൂപയുടെ പ്ലാൻ നിർത്തലാക്കിയതോടെ 199 രൂപയുടെ പ്ലാൻ ഇനി ഉപയോക്താക്കൾ തെരഞ്ഞെടുക്കേണ്ടിവരും. അധികം ഡാറ്റ ആവശ്യങ്ങളില്ലാതെ അൺലിമിറ്റഡ് കോളിങ്, വാലിഡിറ്റി എന്നിവയ്ക്കായി ഉപയോക്താക്കൾക്ക് ഈസിയായി ലഭ്യമാകുന്ന റീച്ചാർജ് ഓപ്ഷൻ എന്നതായിരുന്നു 189 രൂപയുടെ പ്ലാനിന്റെ പ്രത്യേകത. വില കൂടുതലാണ് എങ്കിലും 189 രൂപയുടെ പ്ലാനിനെക്കാൾ ലാഭകരമാണ് 199 രൂപയുടെ പ്ലാൻ.
199 രൂപയുടെ എയർടെൽ പ്ലാൻ
ഇപ്പോൾ എയർടെലിന്റെ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാൻ ഇതാണ്. 28 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, ആകെ 2 ജിബി ഡാറ്റ എന്നിവയാണ് ഈ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

ഇതിലെ അധിക ആനുകൂല്യങ്ങളിൽ എയർടെൽ ഹെലോട്യൂൺസ് (ഓരോ 30 ദിവസത്തിലും സൗജന്യമായി ഏതെങ്കിലും ഒരു ട്യൂൺ സജ്ജമാക്കുക), 12 മാസത്തേക്ക് 17,000 രൂപ വിലമതിക്കുന്ന പെർപ്ലെക്സിറ്റി പ്രോ എഐ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ഉൾപ്പെടുന്നു. പ്രതിദിനം 7.10 രൂപയാണ് ഈ പ്ലാനിന് ചെലവാകുക. അതേസമയം 189 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 9 രൂപയായിരുന്നു.


Click it and Unblock the Notifications








