കർക്കിടകവാവ് കഴിഞ്ഞുള്ള ഞായറാഴ്ച വരെ ഇത് കിട്ടും! 400GB ഡാറ്റ ഓഫർ കാലാവധി വീണ്ടും നീട്ടി BSNL
പൊതുമേഖലാ ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL) തങ്ങളുടെ വരിക്കാർക്കായി പ്രഖ്യാപിച്ച ഫ്ലാഷ് സെയിൽ ഓഫർ ജൂലൈ 27 വരെ നീട്ടി. അതായത് കർക്കിടകവാവ് കഴിഞ്ഞുള്ള ഞായറാഴ്ച വരെ. ബിഎസ്എൻഎൽ പ്ലാനും കർക്കിടക വാവ് ബലിയും തമ്മിൽ എന്താണ് ബന്ധം എന്ന് ആലോചിക്കുകയാണോ, പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. ജൂലൈ 31 വരെ നീട്ടാതെ എന്തുകൊണ്ട് 27 വരെ എന്ന് പ്രഖ്യാപിച്ചു എന്നതിനെപ്പറ്റി ആലോചിക്കുമ്പോൾ കാര്യമായ കാരണമൊന്നും അതിന് കാണുന്നില്ല, അതുപോലെ തന്നെ കാരണമൊന്നുമില്ലാതെ പറയാം ഇത് ഈ മാസത്തെ അവസാന ഞായറാഴ്ച വരെയാണ് ലഭ്യമാകുക എന്ന്.
യഥാർഥത്തിൽ വെറും നാല് ദിവസം മാത്രമേ ലഭ്യമാകൂ എന്നുപറഞ്ഞുകൊണ്ടാണ് ബിഎസ്എൻഎൽ 400ജിബി ഡാറ്റ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചത്. രാജ്യവ്യാപകമായി ഒരുലക്ഷം 4ജി ടവർ സ്ഥാപിക്കാനുള്ള ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ബിഎസ്എൻഎൽ കഴിഞ്ഞ മാസം അവസാനത്തോടെ 90000 4ജി ടവറുകൾ കമ്മിഷൻ ചെയ്തു. ഈ സന്തോഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചത്.

ജൂൺ 28 മുതൽ ജൂലൈ 1 വരെ മാത്രമാണ് ഫ്ലാഷ് സെയിൽ ഓഫർ ലഭ്യമാകുക എന്നാണ് ബിഎസ്എൻഎൽ ആദ്യം അറിയിച്ചത്. എന്നാൽ ജൂലൈ 1ന് ഓഫർ കാലാവധി തീർന്നിട്ടും ഫ്ലാഷ് സെയിൽ തുടർന്നു. ഇതിന് പിന്നാലെ ജൂലൈ 7 വരെ ഈ ഓഫർ നീട്ടി എന്ന് ബിഎസ്എൻഎൽ അറിയിച്ചു.
ജൂലൈ 7ന് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പുറത്തിറക്കിയ അറിയിപ്പുകളിൽ അടക്കം ''ഇന്ന് രാത്രി'' വരെയേ ഈ ഓഫർ ലഭ്യമാകൂ, ഓഫർ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം എന്നൊക്കെ ബിഎസ്എൻഎൽ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ ജൂലൈ 7 കഴിഞ്ഞ് ജൂലൈ 8 ലേക്ക് കടന്നപ്പോഴും ഫ്ലാഷ് സെയിൽ ഓഫർ ബിഎസ്എൻഎൽ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്.

ഇപ്പോൾ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് പരിശോധിച്ചാൽ 400ജിബി ഡാറ്റ ലഭിക്കുന്ന ഫ്ലാഷ് സെയിലിന്റെ ഓഫർ ജൂലൈ 27 വരെ നീട്ടിയിരിക്കുന്നു എന്നാണ് കാണാൻ സാധിക്കുക. അതായത് വീണ്ടും ഈ ഓഫറിന്റെ കാലാവധി ബിഎസ്എൻഎൽ നീട്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് ഫ്ലാഷ് സെയിൽ തുടരുന്നത് എന്ന് ബിഎസ്എൻഎൽ വ്യക്തമാക്കിയിട്ടില്ല. എന്നാൽ വരിക്കാരെ സംബന്ധിച്ചിടത്തോളം കുറഞ്ഞ വിലയിൽ ഡാറ്റ നേടാൻ ഇത് സഹായിക്കും.
ഫ്ലാഷ് സെയിലിന്റെ ഭാഗമായി 400 രൂപ വിലയുള്ള ഡാറ്റ പ്ലാൻ ആണ് ബിഎസ്എൻഎൽ ലഭ്യമാക്കിയിരിക്കുന്നത്. ഈ പ്ലാനിൽ ആകെ 400ജിബി ഡാറ്റ ആണ് ലഭ്യമാകുക. 40 ദിവസ വാലിഡിറ്റിയാണ് ഈ ഡാറ്റയ്ക്ക് ഉള്ളത്. ഇവിടെ 1ജിബി ഡാറ്റയ്ക്ക് വെറും 1 രൂപ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നതാണ് ഈ ഡീലിനെ ശ്രദ്ധേയമാക്കുന്നത്.
ധാരാളം ഡാറ്റ ഉപയോഗമുള്ള ബിഎസ്എൻഎൽ വരിക്കാരെ സംബന്ധിച്ചിടത്തോളം 400 രൂപയുടെ ഈ ഫ്ലാഷ് സെയിൽ പ്ലാൻ മികച്ച അവസരമാണ്. ഇവിടെ ഇഷ്ടം പോലെ ഡാറ്റ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. പ്രതിദിന ചെലവ് വെറും 10 രൂപ മാത്രമേ ആകുന്നുള്ളൂ. സാധാരണ നിലയിൽ നോക്കിയാൽ ഒരു ദിവസ വാലിഡിറ്റിയിൽ 2ജിബി ഡാറ്റ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ ബിഎസ്എൻഎൽ ഡാറ്റ പ്ലാനിന് പോലും 16 രൂപ നൽകണം.

എന്നാലിവിടെ വെറും ഒരു രൂപ മാത്രമേ ഒരു ജിബി ഡാറ്റയ്ക്ക് മുടക്ക് വരുന്നുള്ളൂ. ജിയോയും എയർടെലുമൊക്കെ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ പ്ലാനിലൂടെ തങ്ങളുടെ വരിക്കാർക്ക് ശക്തമായ ഡാറ്റ പിന്തുണ വാഗ്ദാനം ചെയ്യുന്നു. അതുപോലെ വിഐക്കും ദിവസം മുഴുവൻ അൺലിമിറ്റഡ് ഡാറ്റ സഹിതം ലഭ്യമാകുന്ന പ്ലാനുകളുണ്ട്. ഇവിടെ ബിഎസ്എൻഎൽ വരിക്കാർക്ക് കുറഞ്ഞ വിലയിൽ ധാരാളം ഡാറ്റ നേടാനുള്ള സൗകര്യം ഈ ഫ്ലാഷ് സെയിൽ ഒരുക്കിയിരിക്കുന്നു.


Click it and Unblock the Notifications







