ഇത് അയ്യപ്പനും കോശിയും ടെലിക്കോം വേർഷൻ! ബിഎസ്എൻഎല്ലും വിഐയും ഏറ്റുമുട്ടുന്ന ഒരു റീച്ചാർജ് പ്ലാൻ
ബിജു മേനോനും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രം മലയാളികൾക്ക് സുപരിചിതമാണ്. രണ്ട് എതിരാളികളുടെ വാശിയേറിയ ഒരു മത്സരത്തിന്റെ കഥ കൂടി ഈ ചിത്രം പറയുന്നുണ്ട്. ടെലിക്കോം രംഗത്തേക്ക് വന്നാൽ ഏതാണ്ട് അയ്യപ്പനും കോശിക്കും സമാനമായ ഒരു മത്സരം കാണാൻ കഴിയുന്നത് വരിക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള വൊഡാഫോൺ ഐഡിയയും നാലാം സ്ഥാനത്തുള്ള, പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലും തമ്മിലാണ്. വിഐയെ സംബന്ധിച്ചിടത്തോളം വരിക്കാർ തുടർച്ചയായി കൊഴിഞ്ഞുപോകുന്നുണ്ട്. അത് തടയുക എന്നതാണ് പ്രധാനം. ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പിന്നിലാണ്, അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ഇനിയും ഏറെ മെച്ചപ്പെടുത്താനുണ്ട്.
പലവിധ കാരണങ്ങളാൽ വരിക്കാർ കൊഴിഞ്ഞുപോകുന്നത് തടയാൻ ഈ രണ്ട് ടെലിക്കോം കമ്പനികളും വളരെ പരിശ്രമിച്ചുവരുന്നു. നിലനിൽപ്പിനായുള്ള ഈ പോരാട്ടത്തിൽ റീച്ചാർജ് പ്ലാനുകളെ തങ്ങളുടെ ആയുധമാക്കുന്നതിൽ ഈ രണ്ട് കമ്പനികളും ശ്രദ്ധിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലക്കുറവിൽ ടെലിക്കോം ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന കമ്പനി എന്നത് ജനപ്രീതി നിലനിർത്താൻ ഏറെ സഹായിക്കുന്നുണ്ട്.

വിഐയെ സംബന്ധിച്ചിടത്തോളം ബിഎസ്എൻഎൽ നൽകുന്ന അത്ര കുറഞ്ഞ വിലയിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുക അത്ര എളുപ്പമല്ല. എങ്കിൽക്കൂടിയും ധാരാളം ഡാറ്റ ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ട് വരിക്കാരെ തങ്ങൾക്കൊപ്പം നിർത്താൻ വിഐ ശ്രമിച്ചുവരുന്നു. വിഐയുടെ പ്രതിസന്ധിയുടെ പിന്നിലെ പ്രധാന പ്രശ്നം സാമ്പത്തികമാണ്. അതിനാൽ നിരക്ക് കുറച്ച് പ്ലാനുകൾ നൽകുക എന്നത് അവർക്ക് അത്ര എളുപ്പമുള്ള കാര്യമല്ല.
മറുഭാഗത്ത് ബിഎസ്എൻഎൽ സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയാണ് എന്നതിനാൽത്തന്നെ സർക്കാരിന്റെ പിന്തുണ ബിഎസ്എൻഎല്ലിന് വലിയ കരുത്തായി മാറാറുണ്ട്. സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകളുടെ പിൻബലത്തിലാണ് ബിഎസ്എൻഎൽ ഇപ്പോൾ 4ജി വ്യാപനവും മറ്റും മുന്നോട്ട് കൊണ്ടുപോകുന്നത്. റീച്ചാർജ് പ്ലാനുകൾ നിലവിലുള്ള വിലയിൽ തന്നെ നൽകിയാൽ അത് ബിഎസ്എൻഎല്ലിന് ഗുണം തന്നെയാണ് ചെയ്യുക.

നേരേ മറിച്ച് സ്വകാര്യ കമ്പനികളെ അനുകരിച്ച് ബിഎസ്എൻഎൽ നിരക്ക് എതിരാളികളുടേതിന് സമാനമാക്കാൻ പോയാൽ നിലവിൽ ഉള്ള ആളുകൾ കൂടി മറുകണ്ടം ചാടും. അതിനാൽ കുറഞ്ഞ പക്ഷം 5ജി സേവനങ്ങൾ സജീവമാകുന്നത് വരെയെങ്കിലും നിലവിലെ നിരക്ക് രീതിയിൽ നിന്ന് കാര്യമായ വർധന ബിഎസ്എൻഎൽ വരുത്താൻ സാധ്യത കാണുന്നില്ല.
ടെലിക്കോം രംഗത്ത് ഒരേ നിരക്കിൽ വിവിധ കമ്പനികൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ നിരവധി കാണാൻ കഴിയും. അതിൽ വിഐയും ബിഎസ്എൻഎല്ലും ഒരേ നിരക്കിൽ ലഭ്യമാക്കിയിട്ടുള്ള ഒരു പ്ലാൻ ആണ് 1999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. അതായത് വിഐക്കും 1999 രൂപയുടെ പ്ലാനുണ്ട്, ബിഎസ്എൻഎല്ലിനും 1999 രൂപയുടെ പ്ലാനുണ്ട്.
ഒരേ നിരക്കിൽ ഈ രണ്ട് ടെലിക്കോം കമ്പനികളും പ്ലാനുകൾ അവതരിപ്പിച്ച് ഏറ്റുമുട്ടുമ്പോൾ അവിടെ കൂടുതൽ ലാഭകരമായ ഡീൽ മുന്നോട്ട് വച്ചിരിക്കുന്നത് ബിഎസ്എൻഎൽ ആണ് എന്ന് കാണാം. 1999 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ആകെ 24 ജിബി ഡാറ്റ, ആകെ 3600 എസ്എംഎസ് എന്നിവ ലഭിക്കും. 365 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്.

1999 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളിങ്, ആകെ 600ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. 365 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭ്യമാകുക. ഇവിടെ ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഒരേ വിലയിൽ ഒരേ വാലിഡിറ്റിയിൽ ഈ വിഐ, ബിഎസ്എൻഎൽ പ്ലാനുകൾ എത്തുന്നു.
എന്നാലിവിടെ മുൻതൂക്കം ബിഎസ്എൻഎൽ പ്ലാനിനാണ്. കാരണം ഒരു വർഷത്തേക്ക് 600ജിബി ബൾക്ക് ഡാറ്റ 1999 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. മറുഭാഗത്ത് വിഐ പ്ലാനിൽ ഡാറ്റ വളരെ തുച്ഛമാണ്. ഇതിനാൽത്തന്നെ ഇവിടെ ബിഎസ്എൻഎൽ പ്ലാൻ ആണ് ലാഭകരം. എങ്കിലും വിഐ വരിക്കാർക്ക് ഏറ്റവും കുറഞ്ഞ വിലയിൽ വാർഷിക വാലിഡിറ്റി സ്വന്തമാക്കാൻ കഴിയുന്ന ഒരു പ്ലാനാണ് ഇത് എന്നത് വേറെ കാര്യം.


Click it and Unblock the Notifications








