ഒടുവിൽ ബിഎസ്എൻഎൽ ഉണർന്നു, ഒച്ചവച്ചു! ഹോളി ധമാക്ക ഓഫർ: 425 ദിവസം വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ
സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL) തങ്ങളുടെ ഹോളി ധമാക്ക ഓഫർ പ്രഖ്യാപിച്ചു. 2399 രൂപ, 1499 രൂപ പ്രീപെയ്ഡ് പ്ലാനുകളിലാണ് ബിഎസ്എൻഎൽ ഹോളി ഓഫറുകൾ ലഭ്യമാകുക. യഥാർഥത്തിൽ ഈ ഓഫറുകൾ മാർച്ച് 1ന് മുൻപ് തന്നെ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ലഭ്യമായിരുന്നു. എന്നാൽ ഇത് ജനങ്ങൾ അറിയുന്ന വിധത്തിൽ പ്രചരിപ്പിക്കാൻ ബിഎസ്എൻഎൽ തുടക്കത്തിൽ തയാറായില്ല. എന്നാലിന്ന് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെ ബിഎസ്എൻഎൽ പുതിയ ഓഫറിന്റെ ഡീറ്റെയിൽസ് പരിചയപ്പെടുത്തി രംഗത്ത് എത്തിയിട്ടുണ്ട്.
സ്വകാര്യ ടെലിക്കോം കമ്പനികളായ ജിയോ, എയർടെൽ, വിഐ എന്നിവയുടെ വരിക്കാരെ കൊതിപ്പിക്കുന്നത്ര മികച്ചതാണ് ജിയോയുടെ പുതിയ ഹോളി ധമാക്ക ഓഫർ. ഈ ഓഫർ ഇല്ലാതെ തന്നെ ബിഎസ്എൻഎല്ലിന്റെ 2399 രൂപ, 1499 രൂപ പ്രീപെയ്ഡ് പ്ലാനുകൾ മികച്ചതാണ്. ഹോളി ഓഫർ കൂടി എത്തിയതോടെ ഈ പ്ലാനുകൾ ശരിക്കും കൂടുതൽ കളർഫുൾ ആയിരിക്കുന്നു.

ബിഎസ്എൻഎൽ 2399 രൂപ പ്രീപെയ്ഡ് പ്ലാനിൽ 395 ദിവസ വാലിഡിറ്റിയിലും 1499 രൂപയുടെ പ്ലാനിൽ 336 ദിവസ വാലിഡിറ്റിയിലുമാണ് ആനുകൂല്യങ്ങൾ ലഭ്യമായിരുന്നത്. എന്നാൽ പുതിയ ഓഫർ പ്രകാരം 2399 രൂപയുടെ പ്ലാൻ 425 ദിവസ വാലിഡിറ്റിയിലും 1499 രൂപയുടെ പ്ലാൻ 365 ദിവസ വാലിഡിറ്റിയിലും ആനുകൂല്യങ്ങൾ നൽകുന്നു.
ജിയോ, എയർടെൽ അടക്കം മറ്റ് ടെലിക്കോം കമ്പനികളെല്ലാം 365 ദിവസ വാലിഡിറ്റിയിലാണ് വാർഷിക പ്ലാനുകളും അതിലെ ആനുകൂല്യങ്ങളും ലഭ്യമാക്കിയിരിക്കുന്നത്. എന്നാൽ മറ്റ് ടെലിക്കോം കമ്പനികളുടെ ആ വാർഷിക പ്ലാനുകളെക്കാൾ പതിന്മടങ്ങ് ലാഭം ഹോളി ധമാക്ക ഓഫർ ബിഎസ്എൻഎൽ പ്രീപെയ്ഡ് വരിക്കാർക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ ഹോളി ധമാക്ക ഓഫർ: പ്രതിദിനം 2GB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഇപ്പോൾ ഓഫറിന്റെ ഭാഗമായി 425 ദിവസ വാലിഡിറ്റിയിൽ ഈ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ സാധിക്കും. അതായത് മുൻപ് ലഭിച്ചിരുന്നതിനെക്കാൾ 30 ദിവസം അധിക വാലിഡിറ്റിയും ആനുകൂല്യങ്ങളും ഇതിൽ സൗജന്യമായി ലഭിക്കുന്നു.
ബിഎസ്എൻഎല്ലിന്റെ ഏറ്റവും മികച്ച റീച്ചാർജ് പ്ലാനുകളിൽ ഒന്നാണ് 1499 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ. ഡാറ്റ ആവശ്യം അധികമില്ലാത്തതും കോളിങ് പ്രധാനമായും വേണ്ടുന്നവരുമായ വരിക്കാർക്കായി ബിഎസ്എൻഎൽ നൽകിവന്നിരുന്ന ദീർഘകാല വാലിഡിറ്റി പ്ലാനാണ് ഇത്. ഇപ്പോൾ പുതിയ ഹോളി ധമാക്ക ഓഫർ കൂടി ഉൾപ്പെടുത്തിയതോടെ ഇതിന്റെ കരുത്തും നേട്ടവും പല മടങ്ങ് വർധിച്ചിട്ടുണ്ട്.
ബിഎസ്എൻഎൽ 1499 രൂപ പ്രീപെയ്ഡ് പ്ലാനിലെ ഹോളി ധമാക്ക ഓഫർ: 365 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയിസ് കോളിങ് ആണ് ഇപ്പോൾ ഈ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യം. ഇതോടൊപ്പം 24ജിബി ബൾക്ക് ഡാറ്റയും ദിവസം 100 എസ്എംഎസും ഉപയോക്താക്കൾക്ക് ലഭ്യമാകും. ബൾക്ക് ഡാറ്റ ആയതിനാൽ വാലിഡിറ്റി കാലയളവിൽ എപ്പോൾ വേണമെങ്കിലും പ്രതിദിന പരിധിയില്ലാതെ ഉപയോഗിക്കാം.

മാർച്ച് 1 മുതൽ മാർച്ച് 31 വരെയാണ് ബിഎസ്എൻഎൽ ഹോളി ധമാക്ക ഓഫർ ലഭ്യമാകുക. ഈ ഓഫർ വേണ്ടവർ ഈ കാലയളവിനുള്ളിൽ റീച്ചാർജ് ചെയ്യണം. കുറഞ്ഞ ചെലവിൽ മികച്ച ആനുകൂല്യം സ്വന്തമാക്കാനുള്ള അവസരമാണിത്.
2399 രൂപ, 1499 രൂപ വിലകളുടെ പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ചാണ് റീച്ചാർജ് ചെയ്യുന്നത് എങ്കിൽ 2 ശതമാനം ഡിസ്കൗണ്ടും ലഭിക്കും.


Click it and Unblock the Notifications