251 രൂപയുടെ പുതിയ കാർണിവൽ പ്ലാൻ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ; 100GB ഡാറ്റ, അൺലിമിറ്റഡ് കോൾ...
പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) ക്രിസ്മസിനോട് അനുബന്ധിച്ച് പുതിയ കാർണിവൽ പ്ലാൻ പ്രഖ്യാപിച്ചു. 251 രൂപയാണ് ഈ സ്പെഷൽ റീച്ചാർജ് പ്ലാനിന്റെ വില. ശിശുദിനത്തോട് അനുബന്ധിച്ച് നവംബറിൽ ബിഎസ്എൻഎൽ 251 രൂപ വിലയിൽ ഒരു സ്റ്റുഡന്റ്സ് പ്ലാൻ അവതരിപ്പിച്ചിരുന്നു. ഡിസംബർ 13 വരെ ആയിരുന്നു ആ സ്പെഷൽ പ്ലാൻ ലഭ്യമായിരുന്നത്. ഇപ്പോൾ ക്രിസ്മസ് ഓഫർ എന്ന നിലയിൽ അതേ സ്റ്റുഡന്റ്സ് പ്ലാൻ ആനുകൂല്യങ്ങൾ തന്നെയാണ് കാർണിവൽ പ്ലാൻ എന്ന പേരിൽ അതേ വിലയിൽ ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം അവതരിപ്പിച്ച 251 രൂപയുടെ പ്ലാനിലെ ഏതാണ്ട് അതേ ആനുകൂല്യങ്ങൾ തന്നെയാണ് ഇപ്പോൾ പുതിയ പേരിൽ വീണ്ടും അവതരിപ്പിച്ചിരിക്കുന്നത്, എന്നാൽ ചെറിയ ഒരു മാറ്റവും ഉണ്ട്. സ്റ്റുഡന്റ് പ്ലാൻ 28 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ നൽകിയിരുന്നത്. എന്നാൽ കാർണിവൽ പ്ലാനിന് 30 ദിവസത്തെ വാലിഡിറ്റിയുണ്ട്.

ബിഎസ്എൻഎൽ 251 രൂപ കാർണിവൽ പ്ലാനിലെ ആനുകൂല്യങ്ങൾ
30 ദിവസ വാലിഡിറ്റി ഈ ബിഎസ്എൻഎൽ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും 100GB ഹൈസ്പീഡ് ഡാറ്റയും ലഭിക്കും. അധിക ആനുകൂല്യമായി 30 ദിവസത്തേക്ക് ബിഐടിവി സബ്സ്ക്രിപ്ഷനും ഈ സ്പെഷൽ പ്ലാനിൽ ലഭ്യമാണ്.
ഡിസംബർ 24 മുതൽ ജനുവരി 31 വരെയാണ് ഈ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാകുക എന്നാണ് ബിഎസ്എൻഎൽ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. കൂടുതൽ വരിക്കാരെ സ്വന്തമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ഇപ്പോൾ കിട്ടുന്ന അവസരങ്ങളിലെല്ലാം ബിഎസ്എൻഎൽ സ്പെഷൽ പ്ലാനുകൾ പുറത്തിറക്കാറുണ്ട്. അത്തരമൊരു പ്ലാൻ തന്നെയാണ് ഈ കാർണിവൽ പ്ലാനും.

ബിഎസ്എൻഎല്ലിനെ സംബന്ധിച്ച മറ്റൊരു പ്രധാന വാർത്ത ഉപയോക്താക്കളുടെ ഡീറ്റെയിൽസ് ശേഖരിക്കുന്നതിനും സിം റിക്വസ്റ്റുകൾ പ്രോസസ്സ് ചെയ്യുന്നതിനും ബിഎസ്എൻഎൽ ജീവനക്കാർ ഉപയോഗിച്ചിരുന്ന മൊബൈൽ ആപ്ലിക്കേഷനായ സഞ്ചാർ ആധാർ ആപ്പിന് പകരം പുതിയ ആപ്പ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. സഞ്ചാർ ആധാർ ആപ്പ് ഇന്റൻസ് എന്ന സ്വകാര്യ കമ്പനിയുടേത് ആയിരുന്നു.
ബിഎസ്എൻഎൽ നാലുമാസത്തെ കുടിശ്ശിക വരുത്തിയതോടെ ആപ്പിന്റെ ഡെവലപ്പറായ ഇന്റൻസ് കമ്പനി നവംബർ 30 ന് അർദ്ധരാത്രിയിൽ ആപ്പിന്റെ സേവനങ്ങൾ നിർത്തിവച്ചു. ഇതിനെ തുടർന്ന് ഡിസംബർ 1 മുതൽ പുതിയ സിം വിതരണം ചെയ്യുന്നതിലും ഡ്യൂപ്ലിക്കേറ്റ് സിം നൽകുന്നതിലും തടസങ്ങൾ നേരിട്ടിരുന്നു. പുതിയ ആപ്പ് അവതരിപ്പിച്ചുകൊണ്ട് ഈ പ്രശ്നം ബിഎസ്എൻഎൽ പരിഹരിച്ചിട്ടുണ്ട്.
പുതിയ ഉപയോക്താക്കളെ ചേർക്കുന്നതിനും ഓൺലൈനിൽ കെവൈസി (Know Your Customer) വഴി അവരെ പരിശോധിക്കുന്നതിനും, മറ്റൊരു കമ്പനിയെ ആശ്രയിക്കുന്നതിനുപകരം ബിഎസ്എൻഎൽ ഇപ്പോൾ സ്വന്തം പ്ലാറ്റ്‌ഫോം ഉപയോഗിച്ചുവരുന്നു. ഇതോടെ സിം കാർഡ് വിതരണത്തിലെ പ്രശ്നങ്ങൾ അവസാനിച്ചു. നിലവിൽ 5ജി വ്യാപനം ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ബിഎസ്എൻഎൽ എന്നതാണ് പ്രതീക്ഷ നൽകുന്ന മറ്റൊരു കാര്യം.

2026ന്റെ തുടക്കത്തിൽ തന്നെ മുംബൈയിലും ഡൽഹിയിലും ബിഎസ്എൻഎൽ 5ജി സേവനങ്ങൾ ആരംഭിക്കും. തുടർന്ന് മറ്റ് ഭാഗങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളിൽ മൊബൈൽ 5ജി സേവനങ്ങൾ ആരംഭിക്കാൻ കഴിയാത്ത ഏക കമ്പനി ബിഎസ്എൻഎൽ ആണ്. 2026ൽ ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. എത്രയും വേഗം 5ജി സേവനങ്ങൾ വ്യാപിപ്പിക്കുന്നതിലൂടെ ടെലിക്കോം രംഗത്തെ വൻ ശക്തിയായി ഉയർന്നുവരാൻ ബിഎസ്എൻഎല്ലിന് മുന്നിൽ അവസരമുണ്ട്.


Click it and Unblock the Notifications








